
മധ്യപ്രദേശിൽ ദുരിതമനുഭവിക്കുന്ന കർഷകരുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പ്രതിഷേധം. വിപണി വില ഇടിഞ്ഞതിനെ തുടർന്നാണ് കർഷകർ വിളയിച്ചെടുത്ത സവാള പ്രതീകാത്മകമായി ‘ശവമടക്കി’ പ്രതിഷേധിച്ചത്.
മധ്യപ്രദേശിലെ മന്ദ്‌സൗർ ജില്ലയിലെ ധംനാർ ഗ്രാമത്തിലെ കർഷകരാണ് വേറിട്ട പ്രതിഷേധം നടത്തിയത്. മൃതദേഹം ഒരുക്കുന്നതുപോലെ സവാളക്കൂട്ടത്തിന് മാലയും പൂക്കളും അർപ്പിച്ച് കൊട്ടും വാദ്യമേളവുമായി കർഷകർ വിലാപയാത്ര നടത്തി. ശേഷം ശ്മശാനത്തിൽ സംസ്കരിക്കുകയും ചെയ്തു. വില ഇടിഞ്ഞതിനു പിന്നാലെയുണ്ടായ ഉൽപ്പാദനച്ചെലവും ഗതാഗതച്ചെലവും പോലും തിരിച്ചുപിടിക്കാൻ കഴിയാതെ വന്നതോടെയാണ് കർഷകർക്ക് ഈ രീതിയിൽ പ്രതിഷേധം രേഖപ്പെടുത്തേണ്ടി വന്നത്.
ALSO READ: തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പാക്കാൻ അനുവദിക്കില്ല; ബംഗാളിൽ മമത ബാനർജിയുടെ പ്രതിഷേധ റാലി
ഇപ്പോൾ തങ്ങളുടെ വിളകൾക്ക് കിലോഗ്രാമിന് 1 മുതൽ 10 രൂപ വരെ മാത്രമേ ലഭിക്കുന്നുള്ളൂ എന്നും ചിലർക്ക് ഒന്നോ രണ്ടോ രൂപയാണ് ലഭിക്കുന്നതെന്നും ഇത് കനത്ത നഷ്ടമാണ് തങ്ങൾക്ക് ഉണ്ടാക്കുന്നതെന്നും കർഷകർ പറയുന്നു. കർഷകർക്ക് ധാരാളം ചെലവുകൾ ഉണ്ടായിട്ടുണ്ട്. സർക്കാർ ഉണർന്നില്ലെങ്കിൽ, നമുക്ക് എന്തുചെയ്യാൻ കഴിയും? നമ്മുടെ ചെലവുകൾ തിരിച്ചുപിടിക്കാൻ കഴിയുന്നില്ലെങ്കിൽ നമ്മൾ എവിടേക്ക് പോകും?” പ്രതീകാത്മക ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത കർഷകനായ ബദ്രി ലാൽ ധാക്കഡ് പറഞ്ഞു.
ALSO READ: പുതിയ ലേബർ കോഡിനെതിരെ പ്രതിഷേധമിരമ്പുന്നു; രാജ്യവ്യാപക പ്രക്ഷോഭം നടത്തി സംയുക്ത ട്രേഡ് യൂണിയനുകൾ
ഉള്ളിയുടെ കയറ്റുമതിയിൽ കാലങ്ങളായി നിലനിൽക്കുന്ന 25 ശതമാനം തീരുവ ഇന്ത്യൻ ഉള്ളി/ സവാളക്ക് വിദേശത്തുള്ള ആവശ്യം കുറച്ചുവെന്നും ഇതിന്റെ ഫലമായി കയറ്റുമതി കുത്തനെ ഇടിഞ്ഞുവെന്നും കർഷകർ പറയുന്നു. മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിലവിൽ കേന്ദ്ര കൃഷി മന്ത്രിയാണെങ്കിലും ആവർത്തിച്ചുള്ള അപ്പീലുകൾ നൽകിയിട്ടും കേന്ദ്രം കയറ്റുമതി തീരുവ കുറച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു. ഇനിയും തീരുവ പിൻവലിക്കുകയും ന്യായമായ വില ഉറപ്പാക്കുകയും ചെയ്തില്ലെങ്കിൽ കാർഷിക മേഖലയിലുടനീളം പ്രക്ഷോഭം ശക്തമാക്കുമെന്നും ‘ശവസംസ്കാര ഘോഷയാത്ര’ ഒരു തുടക്കം മാത്രമാണെന്നും അവർ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

