ഒരു ലക്ഷം രൂപയുടെ വായ്പ പലിശ കയറി 74 ലക്ഷം രൂപയായി; മഹാരാഷ്ട്രയിൽ പണമിടപാടുകാരുടെ നിർബന്ധത്തിൽ വൃക്ക വിറ്റ് കർഷകൻ

maharashtra-farmer-sells-kidney

മഹാരാഷ്ട്രയിൽ കർഷക ദുരിതം വീണ്ടും അതിരൂക്ഷമാകുന്നു. കടബാധ്യത തീർക്കാൻ പണമിടപാടുകാരുടെ നിർബന്ധത്തിൽ കർഷകൻ വൃക്ക വിൽക്കേണ്ടി വന്ന ഞെട്ടിക്കുന്ന സംഭവം നടന്നത് ചന്ദ്രാപൂരിലാണ്. നാഗ്ഭിഡ് താലൂക്കിലെ മിന്തൂർ ഗ്രാമത്തിലാണ് സംഭവം.

ചന്ദ്രാപൂർ ജില്ലയിലെ കർഷകനായ റോഷൻ സദാശിവ് കുഡെയ്ക്ക് നാല് ഏക്കർ കൃഷിയിടമുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥയും മറ്റ് സാഹചര്യങ്ങളും കാരണം കൃഷിയിൽ നിന്ന് മതിയായ വരുമാനം ലഭിച്ചില്ല. തുടർന്നാണ് പശുക്കളെ വാങ്ങി ക്ഷീരവ്യവസായം ആരംഭിക്കാൻ തീരുമാനിച്ചത്. ഇതിനായി 2021-ൽ നാല് പ്രാദേശിക പണമിടപാടുകാരിൽ നിന്ന് 40 ശതമാനം അമിത പലിശയ്ക്ക് ഒരു ലക്ഷം രൂപ വായ്പയായി വാങ്ങി. എന്നാൽ വാങ്ങിയ പശുക്കൾ ചത്തതോടെ കടബാധ്യത കുത്തനെ വർധിച്ചു.

ALSO READ: നൃത്തവേദിയിലെ അദൃശ്യ താളം: കുട്ടികൾക്കായി മറഞ്ഞുനിന്ന് ചുവടുവെച്ച അധ്യാപികയുടെ വീഡിയോ വൈറൽ

കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതിരുന്നതോടെ പണമിടപാടുകാർ കനത്ത പലിശയും ദിവസേന പിഴയും ചുമത്തി. ഇതോടെ ഒരു ലക്ഷം രൂപയായിരുന്ന വായ്പ തിരിച്ചടവുകൾ കഴിഞ്ഞിട്ടും നാലഞ്ചിരട്ടിയായി ഉയർന്നു. പണമിടപാടുകാർ പതിവായി വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്യുകയും ചെയ്തു. കടം തീർക്കാൻ കുഡെ തന്റെ ഭൂമിയുടെ ഒരു ഭാഗം, ട്രാക്ടർ, വീട്ടുപകരണങ്ങൾ എന്നിവ വിൽപ്പനയ്ക്ക് വെച്ചെങ്കിലും ബാധ്യത ഒഴിവാക്കാൻ കഴിഞ്ഞില്ല.

ഇതിനിടെയാണ് പണമിടപാടുകാരിൽ ഒരാൾ വൃക്ക വിൽക്കാൻ നിർദേശിച്ചതായി പുറത്തുവരുന്നത്. തുടർന്ന് ഒരു ഏജന്റിന്റെ സഹായത്തോടെ വൈദ്യ പരിശോധനയ്ക്കായി കൊൽക്കത്തയിലേക്ക് കൊണ്ടുപോയി ശസ്ത്രക്രിയ നടത്തിയതായാണ് റിപ്പോർട്ട്.

2021 ഏപ്രിലിലാണ് വായ്പ എടുത്തതെന്ന് ചന്ദ്രാപൂർ പോലീസ് സൂപ്രണ്ട് സുദർശൻ മുമാക്ക അറിയിച്ചു. മൂന്നു വർഷത്തോളം തവണകൾ അടച്ചിട്ടും, പലിശ കൂട്ടി കടം വർധിപ്പിച്ച പണമിടപാടുകാർ കഴിഞ്ഞ വർഷം ഒക്ടോബറിൽ കർഷകനെ വൃക്ക വിൽക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്നും സുദർശൻ പറഞ്ഞു.

സംഭവം പുറംലോകം അറിഞ്ഞതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. പണമിടപാടുകാരെതിരെ കൊള്ളയടിക്കൽ കുറ്റത്തിനും മഹാരാഷ്ട്ര മണി ലെൻഡിംഗ് (റെഗുലേഷൻ) ആക്ട് പ്രകാരവും ബ്രഹ്മപുരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കിഷോർ ബവൻകുലെ, മനീഷ് ഘട്ബന്ധെ, ലക്ഷ്മൺ ഉർകുഡെ, പ്രദീപ് ബവൻകുലെ, സഞ്ജയ് ബല്ലാർപുരെ, സത്യവാൻ ബോർക്കർ എന്നിവരാണ് പ്രതികൾ. കർഷക ദുരിതത്തിന്റെ മറ്റൊരു ഭീകര മുഖമായി ഈ സംഭവം മാറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News