
മഹാരാഷ്ട്ര സർക്കാരുമായുള്ള ചർച്ചകൾക്ക് പിന്നാലെ നാസിക്കിൽ നിന്ന് മുംബൈയിലേക്കുള്ള കർഷകരുടെ ലോങ് മാർച്ച് പിൻവലിച്ചു. അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നടന്ന ലോങ്ങ് മാർച്ചിൽ പങ്കെടുത്ത ആയിരക്കണക്കിന് കർഷകരാണ് സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങിയത്. കർഷകരുടെ പ്രധാന ആവശ്യങ്ങൾ മൂന്ന് മാസത്തിനകം പരിഹരിക്കാമെന്ന് സർക്കാർ രേഖാ മൂലം ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നാസിക്കിൽ നിന്ന് മുംബൈയിലേക്ക് നീങ്ങിയ കർഷകരുടെ വമ്പൻ ലോങ് മാർച്ച് ഷോലാപൂരിൽ തമ്പടിച്ചാണ് മഹാരാഷ്ട്ര സർക്കാരുമായുള്ള നിർണായക ചർച്ചകൾ നടത്തിയത്.
യോഗത്തിൽ കിസാൻ സഭ ഉന്നയിച്ച ആവശ്യങ്ങൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അംഗീകരിച്ചുവെങ്കിലും രേഖാ മൂലം ഉറപ്പ് ലഭിക്കാതെ മടങ്ങി പോകില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ. അജിത് പവാറിന്റെ ആകസ്മിക വിയോഗത്തെ തുടർന്ന് കാലതാമസമുണ്ടായിട്ടും രേഖാമൂലമുള്ള ഉറപ്പിനായി ഇവരെല്ലാം കാത്തിരുന്നു. തുടർന്ന് കർഷകർ ഉന്നയിച്ച ഒൻപത് ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കാമെന്ന് സർക്കാർ രേഖാ മൂലം ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.
വനാവകാശ നിയമം ഫലപ്രദമായി നടപ്പിലാക്കുക, ജലവിതരണം മെച്ചപ്പെടുത്തുക, ആദിവാസി മേഖലകളിൽ PESA നിയമനം നടപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷയിൽ നടന്ന കൂടിക്കാഴ്ചയിലാണ് അന്തിമ തീരുമാനമെടുത്തത്. ഗിരീഷ് മഹാജൻ ഉൾപ്പെടെയുള്ള മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചകളിൽ പങ്കെടുത്തു. പ്രതിഷേധക്കാർ സുരക്ഷിതമായി ഗ്രാമങ്ങളിലേക്ക് മടങ്ങുന്നതിനുള്ള ക്രമീകരണങ്ങളും സർക്കാർ ഒരുക്കി. മൂന്ന് മാസത്തിനുള്ളിൽ പുരോഗതി അവലോകനം ചെയ്യാൻ തുടർ ചർച്ചകൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

