
നാസിക്കിന് പിന്നാലെ പൂനെയിലും മഹായുതി സഖ്യം പിളർപ്പിന്റെ വക്കിൽ. സീറ്റ് വിഭജനത്തിൽ അതൃപ്തി ശക്തമാകുന്നതിനിടെ, ഏകനാഥ് ഷിൻഡെയുടെ ശിവസേന പുതിയ സഖ്യ സാധ്യതകൾ തേടുന്നുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്. അതേ സമയം പൂനെയിൽ കോൺഗ്രസ്–ഉദ്ധവ് സേന–എംഎൻഎസ് സഖ്യം തിരഞ്ഞെടുപ്പിനെ നേരിടാൻ ധാരണയായി.
പൂനെയിലെ മഹായുതി സഖ്യത്തിലെ സീറ്റ് വിഭജന ചിത്രം ഇപ്പോഴും വ്യക്തമല്ല. ബിജെപിയിൽ നിന്ന് പ്രതീക്ഷിച്ചത്ര സീറ്റുകൾ ലഭിക്കാത്തതോടെ, ഷിൻഡെ സേന മാറി ചിന്തിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ALSO READ: ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങിയാൽ കൈ പൊള്ളും; സബ്‌സിഡി നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ
നാസിക്കിന് പിന്നാലെ പൂനെയിലും, ഷിൻഡെ സേന അജിത് പവാറിന്റെയും ശരദ് പവാറിന്റെയും രണ്ട് ദേശീയവാദി വിഭാഗങ്ങളുമായും സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. മഹായുതി സഖ്യത്തിലെ അതൃപ്തിയാണ് പ്രധാന കാരണം.
ഇതിനിടെ നടന്ന മഹാവികാസ് അഘാഡി യോഗത്തിൽ എൻസിപി ശരദ് പവാർ വിഭാഗം പങ്കെടുത്തില്ല. ഇതോടെ, പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനു പിന്നാലെ, പൂനെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും എൻസിപിയുടെ രണ്ട് വിഭാഗങ്ങൾ തമ്മിൽ സഖ്യം പ്രഖ്യാപിക്കുമെന്ന ചർച്ചകൾ ശക്തമാകുകയാണ്.
പൂനെയിൽ കോൺഗ്രസ്–ഉദ്ധവ് സേന–എംഎൻഎസ് സഖ്യം തിരഞ്ഞെടുപ്പിനെ നേരിടും. കോൺഗ്രസ് ഭവനിൽ ചേർന്ന യോഗത്തിൽ കോൺഗ്രസും സഖ്യകക്ഷികളും ചേർന്ന് 100 സീറ്റുകൾ പങ്കിടാനും, ഉദ്ധവ് സേനയ്ക്ക് 65 സീറ്റുകൾ നൽകാനും തീരുമാനിച്ചു. ഉദ്ധവ് സേനയുടെ ക്വാട്ടയിൽ നിന്ന് എംഎൻഎസിന് സീറ്റുകൾ നൽകുമെന്നും യോഗം തീരുമാനിച്ചു.
അതേസമയം, മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, എൻസിപി ശരദ് പവാർ വിഭാഗം സ്ഥാനാർത്ഥി പ്രഖ്യാപനം ആരംഭിച്ചിട്ടുണ്ട്. ഏഴ് പ്രധാന വാർഡുകളിലെ ആദ്യ പട്ടികയിൽ നാല് വനിതാ സ്ഥാനാർത്ഥികൾ ഉൾപ്പെടുന്നതോടെ, നഗരതലത്തിൽ ശക്തമായ രാഷ്ട്രീയ നീക്കങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ശരദ് പവാർ പക്ഷം .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

