
മറാഠാ പ്രതിഷേധത്തിന്റെ പേരില്‍ നാല് ദിവസമായി മുംബൈ നഗരത്തെ സ്തംഭിപ്പിച്ച പ്രക്ഷോഭ സമരത്തില്‍ ഇടപെട്ട് ബോംബെ ഹൈക്കോടതി. പ്രതിഷേധക്കാര്‍ മുംബൈയിലേക്ക് കടക്കുന്നത് തടയാന്‍ സംസ്ഥാന സർക്കാരിന് നിര്‍ദേശം നല്‍കിയ ബോംബെ ഹൈക്കോടതി, നാളെ നാല് മണിക്കകം മുംബൈയിലെ തെരുവുകളില്‍ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്നും നിര്‍ദേശിച്ചു.
പ്രതിഷേധക്കാര്‍ ട്രാഫിക് സിഗ്‌നലുകളില്‍ കയറുന്നതും കബഡിയും വടംവലിയും കളിക്കുന്നതും തെരുവുകളില്‍ കുളിക്കുന്നതും മൂത്രമൊഴിക്കുന്നതും പൈതൃക സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതും കാണിക്കുന്ന റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയ വീഡിയോകളും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കോടതി ഇടപെടല്‍.
ഇത് ഒരിക്കലും അനുവദനീയമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഉടനടി വേണ്ട നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇതോടെ കൂടുതല്‍ പൊലീസ് സേനയെ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
ഒരു ദിവസത്തെ പ്രക്ഷോഭത്തിനായിരുന്നു അനുമതി. ആസാദ് മൈതാനത്ത് പ്രതിഷേധക്കാര്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍, മുംബൈ നഗര ജീവിതം അക്ഷരാര്‍ഥത്തില്‍ കീഴടക്കിയാണ് നിയന്ത്രിക്കാന്‍ ആരുമില്ലാതെ മഹാരാഷ്ട്രയുടെ വിവിധ ഗ്രാമങ്ങളില്‍ നിന്നെത്തിയ സമര സേന അഴിഞ്ഞാട്ടം നടത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

