
തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് പുല്ലുവില നൽകി കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡുകൾ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. തൊഴിൽ അവകാശങ്ങൾ കാർന്നു തിന്നുന്ന നാല് തൊഴിൽ കോഡുകളുടെയും ചട്ടങ്ങൾ മോദി സർക്കാർ വിജ്ഞാപനം ചെയ്‍ത് പ്രാവർത്തികമാക്കി.
ഏപ്രിൽ ഒന്നുമുതൽ നടപ്പിലാക്കാനിരുന്ന ലേബർ കോഡുകൾ നാല് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. ഫലം വന്ന് വിരലിലെണ്ണാവുന്ന ദിവസങ്ങൾക്കിപ്പുറം ലേബർ നിയമങ്ങള്‍ നടപ്പിലാക്കുമ്പോൾ തൊഴിലാളികളുടെ ആശങ്കകൾക്ക് ഇതുവരെ പരിഹാരമായിട്ടില്ല.
29 തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിച്ചാണ് പുതിയ ലേബര്‍ കോഡ്. പൂർണമായും തൊഴിൽ ഉടമകൾക്ക് അനുകൂലമായ പുതിയ നിയമങ്ങൾ ഉപയോഗിച്ച് തൊഴില്‍ സുരക്ഷ ഇല്ലാതാകുമെന്നാണ് പ്രധാനമായും ഉയരുന്ന ആശങ്ക. പുതിയ കോഡ് പ്രകാരം 300 വരെ തൊഴിലാളികളുള്ള സ്ഥാപനത്തില്‍ സർക്കാർ അനുമതിയില്ലാതെ തൊഴിലുടമക്ക് എപ്പോള്‍ വേണമെങ്കിലും തൊഴിലാളികളെ പിരിച്ചുവിടാം. മാത്രമല്ല കരാർവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ നിയമങ്ങൾ. പുതിയ നിയമപ്രകാരം 12 മണിക്കൂര്‍ വരെ ജോലിസമയം അനുവദിക്കുന്നതിനാൽ തന്നെ തൊഴിലാളികളെ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതയാണ് വർധിക്കുന്നത്. ഫാക്ടറി തൊഴിലാളികളുടെ എണ്ണത്തിന്റെ കാര്യത്തിലും പുതിയ നിയമപ്രകാരം വ്യത്യാസമുണ്ടായിട്ടുണ്ട്. ഫാക്ടറി നിയമത്തിലെ തൊഴിലാളികളുടെ എണ്ണത്തിലുള്ള മാനദണ്ഡം വൈദ്യുതി ഉപയോഗിക്കാത്തയിടത്ത് 20 എന്നും വൈദ്യുതി ഉപയോഗിക്കുന്നയിടത്ത് 40 എന്നുമാക്കി ഉയര്‍ത്തി. നേരത്തെ യഥാക്രമം 10, 20 എന്നിങ്ങനെ ആയിരുന്നു. ട്രേഡ് യൂണിയനുകളുടെ പ്രവർത്തനങ്ങളെ ഇല്ലതാകുന്നന്താണ് മറ്റൊരു ഭേദഗതി. സ്ഥാപനത്തിലെ 10 ശതമാനം പേരുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ തൊഴിലാളി യൂണിയനുകൾ രൂപീകരിക്കാൻ സാധിക്കുകയുള്ളൂ. എന്തിനേറെ പറയുന്നു തൊഴിലാളികൾ സംഘടിക്കുന്നതിനേയും പരാതി നൽകുന്നതിനെ പോലും കുറ്റകൃത്യമായി കണക്കാക്കുന്നു. പണിമുടക്കിനുമുള്ള അവകാശങ്ങളും തട്ടിയെടുക്കുന്നു. ഇങ്ങനെ മിനിമം വേതനം, മാന്യമായ തൊഴിൽ സമയം, തൊഴിൽ സുരക്ഷാ തുടങ്ങി തൊഴിലാളികളുടെ എല്ലാ അവകാശങ്ങൾക്കുമുകളിലും മരണമണി മുഴക്കുന്നതാണ് ഈ തൊഴിൽ നിയമ ഭേദഗതി.
ALSO READ: തൊഴിലാളി വിരുദ്ധ ലേബർ കോഡ് പ്രാബല്യത്തിൽ
തൊഴിലാളി വിരുദ്ധ നിയമഭേദഗതി പാർലമെന്റിൽ അവതരിപ്പിക്കുന്ന ഘട്ടത്തിൽ തന്നെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. എന്നാൽ ഈ പ്രതിഷേധങ്ങള്‍ക്കിയിലും വേതന കോഡ് 2019ലും വ്യവസായബന്ധ കോഡ്, സാമൂഹ്യസുരക്ഷാ കോഡ്, തൊഴിൽസുരക്ഷയും ആരോഗ്യവും തൊഴിൽസാഹചര്യങ്ങളും വ്യവസ്ഥ ചെയ്യുന്ന കോഡ് എന്നിവ 2020ലും കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കി. തൊഴിൽ കോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു അടക്കമുള്ള ട്രേഡ് യൂണിയനുകൾ 30 കോടിയിലേറെ തൊഴിലാളികളെ അണിനിരത്തി ദേശീയ പണിമുടക്ക് സംഘടിപ്പിച്ചു. ഇവയെയൊക്കെ അവഗണിച്ചാണ് കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാർ തൊഴിലാളികളെ ഇരുട്ടിലേക്ക് തള്ളിവിടുന്നത്. എന്നാൽ ഇത്തരം ജനദ്രോഹ നയങ്ങൾക്കെതിരെ ഇപ്പോൾ സന്ധിയില്ലാത്ത പോരാട്ടങ്ങൾക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് ട്രേഡ് യൂണിയനുകൾ. റാലികളും പ്രകടനങ്ങളും സംഘടിപ്പിക്കണമെന്നും കോഡുകളുടെയും ചട്ടങ്ങളുടെയും പകർപ്പുകൾ കത്തിക്കണമെന്നും സിഐടിയു കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തു.
പണിയെടുക്കുന്നവന്റെ കൈകാലുകൾക്ക് കൂച്ചുവിലങ്ങിടുന്ന ഈ നിയമങ്ങൾ വഴി വിയർപ്പൊഴുക്കുന്ന ഇന്ത്യൻ തൊഴിലാളി ജീവനുകൾ എരിതീയിലേക്ക് എറിയപ്പെടുകയാണ്. നമ്മൾ പണിയെടുത്താൽ നമുക്ക് ജീവിക്കാം എന്ന ചിന്താഗതികളെ കാറ്റിൽ പറത്തുകയാണ്. പണിയെടുത്താലും ജീവിക്കാൻ സാധിക്കാത്ത ക്രൂരമായ തൊഴിൽ ചുറ്റുപാടുകളിലേക്ക് നാം എടുത്തെറിയപ്പെടുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

