അദാനിയുടെ കടം വീട്ടാന്‍ മോദിയുടെ അകമഴിഞ്ഞ സഹായം; എല്‍ഐസിയില്‍ നിന്ന് മറിച്ചത് മൂന്നര ലക്ഷംകോടിയെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

Washington Post report against adani modi

കടക്കെണിയില്‍ വലയുന്ന ഗൗതം അദാനിയുടെ വ്യവസായ സാമ്രാജ്യത്തെ സഹായിക്കാന്‍ രാജ്യത്തെ ഗ്രാമീണ-ദരിദ്ര ജനവിഭാഗത്തിന്റെ രക്ഷാകേന്ദ്രമായ എല്‍ഐസിയില്‍ നിന്ന് പ്രധാനമന്ത്രി മോദി കോടികള്‍ അനധികൃതമായി മറിച്ചു കൊടുത്തുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്. കടത്തില്‍ മുങ്ങിയ അദാനിയെ സഹായിക്കാന്‍ യുഎസ് യൂറോപ്യന്‍ ബാങ്കുകള്‍ മടിച്ചു നില്‍ക്കുമ്പോഴാണ് ജനങ്ങളുടെ നിക്ഷേപത്തില്‍ നിന്ന് അദാനി ഗ്രൂപ്പിലേക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി പണം ഒഴുക്കിയത്. 90 ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നനായ അദാനിയുടെ കടം അടുത്തിടെയാണ് വര്‍ധിച്ചത്. നിരവധി ബില്ലുകളില്‍ കുടിശിക വരുത്തിയതോടെ അദാനിയെ യുഎസ് കൈക്കൂലി കേസിലും വഞ്ചന കേസിലും പ്രതി ചേര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് യുഎസിലെയും യൂറോപ്പിലെയും ബാങ്കുകള്‍ അദാനിക്ക് വായ്പ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്നതില്‍ നിന്നും വിട്ടു നിന്നിരുന്നു. ഈ അവസരത്തിലാണ്, ജനങ്ങളുടെ നിക്ഷേപത്തില്‍ നിന്ന് സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി എത്തിയത്.

2025ലെ ആഗോള പട്ടിണി സൂചികയില്‍ 102ാം സ്ഥാനത്താണ് നമ്മുടെ രാജ്യം. 12 ശതമാനം ജനത ഇപ്പോഴും പോഷകാഹാരകുറവ് മൂലം വലയുന്നു. 32.9 ശതമാനം കുട്ടികള്‍ വളര്‍ച്ച മുരടിച്ചവര്‍, 2.8 ശതമാനം അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ മരിക്കുന്ന രാജ്യത്താണ് കൈക്കൂലി , തട്ടിപ്പ് കേസുകളില്‍ വലയുന്ന അദാനിക്ക് പ്രധാനമന്ത്രി അതീവ രഹസ്യമായി പാവപ്പെട്ടവര്‍ക്കും ഗ്രാമീണ പൗരന്മാര്‍ക്കും ലൈഫ് ഇന്‍ഷുറന്‍സ് നല്‍കാന്‍ ചുമതലപ്പെട്ട എല്‍ഐസിയില്‍ നിന്നും പണം മറക്കുന്നത്. എല്‍ ഐസിയുടെ മൂന്നര ലക്ഷം കോടി രൂപ അദാനിയുടെ വിവിധ ബിസിനസുകളില്‍ നിക്ഷേപിക്കുന്നതിന്റെ ആദ്യ ഘട്ട നിക്ഷേപങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് വാഷിംടണ്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

Also read – നിതിഷ് കുമാറിന് ബിജെപിയുടെ വെട്ട്? ബിഹാർ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നീക്കങ്ങൾ ചർച്ചയാകുന്നു

വാഷിംങ്ടണ്‍ റിപോര്‍ട്ട് പ്രകാരം ഈ മെയ് മാസം മുതല്‍ കേന്ദ്ര സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ എല്‍ഐസിയില്‍ നിന്ന് അദാനിയുടെ ബിസിനസുകളിലേക്ക് ഏകദേശം 3.9 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനുള്ള ആദ്യഘട്ട നീക്കം നടത്തിയതായാണ് റിപോര്‍ട്ട്.
അദാനി ഗ്രൂപ്പിന് മേയ് മാസത്തില്‍ നിലവിലുള്ള കടം തിരിച്ചടയ്ക്കുന്നതിനായി ബോണ്ടുകള്‍ വഴി ഏകദേശം 585 ദശലക്ഷം ഡോളര്‍ സമാഹരിക്കേണ്ടിയിരുന്നു.
ഇതേ മാസം തന്നെയാണ് എല്‍ ഐ സി വഴിയുള്ള സഹായത്തിന്റെ പദ്ധതി ഉദ്യോഗസ്ഥര്‍ തയ്യാറാക്കി നല്‍കിയത്. മെയ് 30-ന്, ഈ ബോണ്ടുകള്‍ക്ക് പൂര്‍ണമായ ധനസഹായം എല്‍.ഐ.സി എന്ന ഒറ്റ നിക്ഷേപകര്‍ നല്‍കിയതായി അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. അദാനി ഗ്രൂപ്പിന് വേണ്ടി എല്‍ഐസി ,നീതി ആയോഗ് എന്നിവയുമായി ചേര്‍ന്ന് ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക നിക്ഷേപ പദ്ധതി ആവിഷ്‌കരിക്കുകയും ഇതിന് ധനകാര്യമന്ത്രാലയം അനുമതി നല്‍കുകയുമായിരുന്നു.

രാജ്യത്തേറ്റവും ഉന്നത രാഷ്ട്രീയബന്ധങ്ങളുള്ള പ്രധാനമന്ത്രിയുടെ ഉറ്റ സുഹൃത്തായ വ്യവസായ അധിപന്റെ സ്ഥാപനത്തിലേക്ക് രാജ്യത്തെ നികുതിദായകരുടെ പണം എത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഒരു വലിയ പദ്ധതിയുടെ ഭാഗമാണിത്. മെയ് മാസത്തിലെ പോര്‍ട്ട് ബോണ്ടിന് ശേഷം എല്‍ഐസി അദാനി ഗ്രൂപ്പില്‍ നടത്തിയ നിക്ഷേപങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമല്ല. എല്‍ഐസി ,ഡി എഫ്എസ് എന്നിവിടങ്ങളില്‍ നിന്നും ലഭിച്ച രേഖകളും പേര് വെളിപ്പെടുത്താത്ത വിവിധ ഉദ്യോഗസ്ഥരുടെ അഭിമുഖങ്ങള്‍, ഇന്ത്യയിലെ ബാങ്കര്‍മാരുടെ വെളിപ്പെടുത്തലുമാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ആധാരം.

2023-ല്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപോര്‍ട്ടില്‍ ഓഹരി കൃത്രിമത്വവും സാമ്പത്തിക ക്രമക്കേടും ആരോപണവും അദാനിക്കെതിരെ പുറത്തുവിട്ടിരുന്നു. ഇത് ഇന്ത്യന്‍ ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ അന്വേഷണത്തിന് കാരണമായി. അദാനിക്കെതിരെയുള്ള വിവിധ കേസുകളില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. ആഗോളതലത്തില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ അഴിമതി തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും അദാനി ഗ്രൂപ്പ് നേരിടുന്നതിനിടയിലാണ് അദാനിയെ സഹായിക്കാന്‍ പ്രധാനമന്ത്രി നേരിട്ടിറങ്ങിയത്. രാജ്യത്തെ പൊതുജനങ്ങള്‍ക്ക് അവകാശപ്പെട്ടവരുടെ പണം ദുരുപയോഗം ചെയ്‌തെന്ന വാര്‍ത്ത പകല്‍പോലെ വ്യക്തമായിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നില്ല എന്നത് അപകടമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News