
മോദി സർക്കാർ ഏകപക്ഷീയമായി പ്രാബല്യത്തിൽ കൊണ്ടുവന്ന ലേബർ കോഡുകൾക്കെതിരെ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും. ഇന്നലെ ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ലേബർ കോഡുകൾ പിൻവലിക്കണം, കർഷകർക്ക് മിനിമം താങ്ങുവിലയിൽ നിയമനിർമാണം നടത്തണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു രാഷ്ട്രപതി ദ്രൗപതി മുർമുവിന് ട്രേഡ് യൂണിയനുകളും കിസാൻ മോർച്ചയും നിവേദനവും നൽകിയിട്ടുണ്ട്.
തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ പിൻവലിക്കുന്നത് ഉൾപ്പെടെ 16 ആവശ്യങ്ങളടങ്ങിയ സംയുക്ത നിവേദനമാണ് കേന്ദ്ര ട്രേഡ്‌യൂണിയനുകളും കർഷകസംഘടകളും രാഷ്ട്രപതി ദ്രൗപദി മുർമുവിന് സമർപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ സമരകേന്ദ്രങ്ങളിൽ ജില്ലാ കലക്ടർമാർ വഴിയാണ് സമഗ്രമായ നിവേദനം രാഷ്ട്രപതിക്ക് കൈമാറിയത്.
മോദി സർക്കാരിൻ്റെ തൊഴിലാളി കർഷകദ്രോഹ നിലപാടുകളും നടപടികളും നിവേദനത്തിൽ വിശദീകരിച്ചിട്ടുണ്ട്. സ്വാമിനാഥൻ കമ്മീഷൻ ശുപാർശ പ്രകാരമുള്ള മിനിമം താങ്ങുവില നിയമാനുസൃതമായി ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. മിനിമം കൂലി പ്രതിമാസം 26000 രൂപയായി ഉയർത്തുക, പതിനായിരം രൂപ കുറഞ്ഞ പെൻഷൻ ഉറപ്പുവരുത്തുക, എല്ലാ തൊഴിലാളികൾക്കും സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, കർഷകർക്കായി സമഗ്രമായ വായ്പായിളവ് പദ്ധതി നടപ്പാക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിയിൽ 200 തൊഴിൽ ദിനങ്ങളും 700 രൂപ വേതനവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.
അതേസമയം, ലേബർ കോഡുകൾ പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരാനാണ് സംഘടനകളുടെ തീരുമാനം. കോഡുകൾ പിൻവലിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ ഐതിഹാസിക കർഷക സമരത്തിന് സമാനമായ രീതിയിൽ തുടർ പ്രക്ഷോഭം ഉണ്ടാകുമെന്നാണ് തൊഴിലാളി കർഷക സംഘടനകളുടെ മുന്നറിയിപ്പ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

