
ജമ്മു കശ്‌മീരിലെ ശ്രീ മാതാ വൈഷ്ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്‌സലൻസിൽ എംബിബിഎസ് കോഴ്‌സ് നടത്താനുള്ള അനുമതി പിൻവലിച്ച് ദേശിയ മെഡിക്കൽ കമ്മീഷൻ. 2025-26 അധ്യയന വർഷത്തേക്കുള്ള എംബിബിഎസ് കോഴ്‌സ് നടത്താൻ നൽകിയ അനുമതി കത്താണ് പിൻവലിച്ചത്. 50 സീറ്റിൽ 44 സീറ്റിലും മുസ്ലിം വിദ്യാർഥികൾ അഡ്മിഷൻ നേടിയതിൽ ഹിന്ദു സംഘങ്ങൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കുന്നതിൽ വീഴ്‌ച സംഭവിച്ചു എന്ന് കാണിച്ചാണ് ദേശീയ മെഡിക്കൽ കമ്മിഷൻ്റെ നടപടി.
കോളജിലെ ആദ്യ ബാച്ചിൽ 50ൽ 44 പേരും മുസ്‌ലിം വിദ്യാർഥികളാണെന്ന് ആരോപിച്ച് ബിജെപിയും വലത് സംഘടനകളും വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഇതിന് പിന്നാലെയാണ് അനുമതി നിഷേധിച്ചതെന്നതും ശ്രദ്ധേയമാണ്. ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്ര ബോർഡ് ധനസഹായം നൽകുന്ന ഒരു സ്ഥാപനത്തിൽ ഹിന്ദു വിദ്യാർഥികൾക്ക് ആയിരിക്കണം മുൻഗണന വേണ്ടതെന്നായിരുന്നു ഹിന്ദു സംഘടനകളുടെ ആവശ്യം.
പ്രതിഷേധത്തിന് പിന്നാലെ കഴിഞ്ഞ ദിവസം എൻഎംസിയുടെ മെഡിക്കൽ അസസ്‌മെൻ്റ് ആൻഡ് റേറ്റിങ് ബോർഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. അക്കാദമിക്, അധ്യാപന, അടിസ്ഥാന സൗകര്യങ്ങളിൽ എല്ലാം വീഴ്‌ചകളുണ്ടെന്ന് അധികൃതർ വിലയിരുത്തി.
അതേസമയം 2025-26 അധ്യയന വർഷത്തിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സീറ്റ് നഷ്ടമാകില്ലെന്നും കേന്ദ്രഭരണ പ്രദേശങ്ങളിലെ മറ്റ് സർക്കാർ മെഡിക്കൽ കോളേജുകളിൽ പഠനത്തിന് സൗകര്യം ഒരുക്കുമെന്നും ദേശീയ മെഡിക്കൽ കമ്മിഷൻ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

