കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷയിൽ എൻഐഎ കോടതി ഇന്ന് വിധി പറയും

Nuns arrested in Chhattisgarh

ഛത്തീസ്ഗഢിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ബിലാസ്പുർ എൻ ഐ എ കോടതി ഇന്ന് വിധി പറയും. ജാമ്യം കിട്ടിയാൽ ഇന്ന് തന്നെ കന്യാസ്ത്രീകൾ ജയിൽ മോചിതരാകും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ കോടതിയിൽ എതിർത്തിരുന്നു. എന്നാൽ കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണോ എന്ന് ചോദിച്ചപ്പോള്‍ ആവശ്യമില്ലെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. കന്യാസ്ത്രീകളുടെ അഭിഭാഷകൻ ഉയർത്തിയ വാദങ്ങളിലും പ്രോസിക്യൂഷൻ എതിർപ്പ് അറിയിച്ചിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്‍റെ ഭാഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ നിർബന്ധിത മതപരിവർത്തനത്തിനും, മനുഷ്യക്കടത്തിനും അറസ്റ്റ് ചെയ്തത്. എൽഡിഎഫ്, യുഡിഎഫ്, ബിജെപി നേതാക്കളും കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും ഛത്തീസ്ഗഢിൽ തുടരുകയാണ്.

ALSO READ; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന്; നാമനിർദ്ദേശപത്രിക സമർപ്പിക്കുവാനുള്ള അവസാന തീയതി ഓഗസ്ത് 21ന്

കേരളത്തിലെ ബിജെപി നേതൃത്വത്തിന്‍റെ ഇടപെടലിന് പുല്ലുവില കൊടുത്തുകൊണ്ട് ജാമ്യാപേക്ഷയെ എതിർക്കുന്ന നിലപാടാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ എന്‍ഐഎ കോടതിയിൽ സ്വീകരിച്ചത്.

അതേസമയം, കന്യാസ്ത്രീകളെ ബിജെപി സര്‍ക്കാര്‍ ജയിലിലടച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് സിപിഐഎം. ഓഗസ്റ്റ് 3,4 തീയതികളിൽ കേരളത്തിലെ 140 മണ്ഡലങ്ങളിലും ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

രാജ്യത്ത് സംഘപരിവാര്‍ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുകയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കുറ്റപ്പെടുത്തി. വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഛത്തിസ്ഗഢില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസിന് മിണ്ടാന്‍ കഴിയാത്തതെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News