
മുംബൈയിലും ആഘോഷങ്ങളുടെ ഓണക്കാലമായി. ഓര്‍മകള്‍ പങ്കിട്ടും ഓണക്കഥകള്‍ ഓര്‍ത്തെടുത്തും കേരളത്തിന്റെ ആതിഥ്യമനസിനെ ലോകത്തിന് പരിചയപ്പെടുത്തുന്ന കാലം. കേരള ടൂറിസം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ മ്യൂസിക് വീഡിയോയാണ് മുംബൈ മലയാളികളുടെ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുന്നത്.
കേരളത്തിന്റെ വിളവെടുപ്പ് ഉത്സവമാണ് ഓണം. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകം. കേരള ടൂറിസിന്റെ പുതുതായി പുറത്തിറങ്ങിയ മ്യൂസിക് വീഡിയോ, കേരളത്തിന്റെ യഥാര്‍ത്ഥ സാംസ്‌കാരിക മുഖവും ഓണത്തിന്റെ ആത്മാവും മനോഹരമായി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നു. മുംബൈയിലെ മലയാളികള്‍ ഈ വീഡിയോ സ്വന്തം സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകളിലൂടെ സുഹൃത്തുക്കള്‍ക്കും ഇതര ഭാഷക്കാരായ സഹപ്രവര്‍ത്തകര്‍ക്കും അയല്‍ക്കാരനും പങ്കുവെയ്ക്കുന്നു. മലയാളിത്വത്തിന്റെ ചൂടോടെ, കേരളത്തിന്റെ പാരമ്പര്യ നിറങ്ങളോടെ ഒരുക്കിയ ഈ ദൃശ്യങ്ങള്‍, സ്വന്തം നാട്ടിലെ ഓണാഘോഷം നേരിട്ട് അനുഭവിക്കുന്ന പ്രതീതിയാണ് നല്‍കുന്നത്.
Also read – ഓണം; തൊട്ടാല്‍ പൊള്ളും വറുത്തുപ്പേരിയും ശര്‍ക്കര ഉപ്പേരിയും
മലയാളി എവിടെ ആയിരുന്നാലും അവന്റെ മനസ്സില്‍ മലയാളത്തിന്റെ നന്മയും സാഹോദര്യവും സാംസ്‌കാരിക ബോധവും എപ്പോഴുമുണ്ടായിരിക്കും. അതുകൊണ്ടു തന്നെയാണ് മലയാളത്തിന്റെ ആതിഥ്യ മര്യാദയും സാംസ്‌കാരിക പൈതൃകവും നാടിന്റെ മനോഹാരിതയും ഒപ്പിയെടുത്ത ഈ ടൂറിസം വീഡിയോ മുംബൈ മലയാളികള്‍ ഒരാഘോഷമാക്കിയതും. ‘ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി, ഇതാണ് കേരളത്തിന്റെ യഥാര്‍ത്ഥ ആത്മാവെന്ന് എഴുത്തുകാരന്‍ രാജന്‍ കിണറ്റിങ്കര പറയുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ ഓണാഘോഷങ്ങള്‍ നടക്കുന്ന നഗരം കൂടിയാണ് മുംബൈ. ഇതൊരു ഒരു ഉത്സവം മാത്രമല്ല, ഒരുമയുടെയും ഒത്തുകൂടലിന്റെയും മഹോത്സവമാണ്. അടുത്തിടെ കുടുംബ സമേതം കേരളം സന്ദര്‍ശിച്ച ഗുജറാത്തി ഫാമിലിയും കേരളത്തില്‍ ചിലവിട്ട നാളുകളെ കുറിച്ച് പറയുമ്പോള്‍ വാക്കുകളില്‍ ഇരട്ടി മധുരം. കേരള ടൂറിസം പുറത്തിറക്കിയ വീഡിയോ ദൈവത്തിന്റെ സ്വന്തം നാടിന്റെ സംസ്‌കാരവും നന്മയും പ്രസരിപ്പിക്കുന്നതാണെന്നാണ് ഇവരും പറയുന്നത്. കേരളത്തിന്റെ പാരമ്പര്യവും കലയും ഓണാഘോഷത്തിന്റെ സൗന്ദര്യവും മുന്നോട്ട് വീഡിയോ, മുംബൈയിലെ മലയാളികള്‍ക്ക് ഗൃഹാതുരത പകര്‍ന്നാടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

