
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് പ്രതിപക്ഷം മാര്‍ച്ച് നടത്തുന്നതിനിടയില്‍ ലോക്‌സഭ പാസാക്കിയത് രണ്ട് നിര്‍ണായക ബില്ലുകള്‍. പുതിയ ആദായനികുതി ബില്ലും, കായിക ഭരണ ബില്ലുമാണ് പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ലോക്‌സഭയില്‍ പാസാക്കിയത്. മണിപ്പുര്‍ ജിഎസ്ടി ബില്ലും ധനവിനിയോഗ ബില്ലും രാജ്യസഭയിലും പാസാക്കി. പ്രതിപക്ഷ അഭാവം ചൂണ്ടിക്കാട്ടി ജെ പി നദ്ദ വിമര്‍ശനം ഉന്നയിച്ചതോടെ ഭരണ- പ്രതിപക്ഷ വാക്‌പോര് കയ്യാങ്കളി വരെയെത്തി.
വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തില്‍ രാവിലെ പിരിഞ്ഞ ഇരുസഭകളും ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് വീണ്ടും ആരംഭിക്കുമ്പോള്‍ അറസ്റ്റിലായ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലായിരുന്നു. പ്രതിപക്ഷം തിരികെയെത്തും മുമ്പ് സുപ്രധാനമായ രണ്ട് ബില്ലുകളാണ് ലോക്‌സഭയില്‍ പാസാക്കിയെടുത്തത്.
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആദായ നികുതി ബില്ലും കേന്ദ്രമന്ത്രി മണ്‍സുഖ് മാണ്ഡവ്യ കായിക ഭരണ ബില്ലും സഭയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ആദ്യം സഭയില്‍ അവതരിപ്പിച്ച ആദായനികുതി ബില്ല് പിന്‍വലിച്ച് സെലക്ട് കമ്മിറ്റിയുടെ ഭേദഗതി സഹിതമാണ് ധനമന്ത്രി പുതിയ ബില്ല് അവതരിപ്പിച്ചത്. രാജ്യത്തെ എല്ലാ കായിക അതോറിറ്റികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന സുപ്രധാന ബില്ലാണ് ലോക്‌സഭ ശബ്ദവോട്ടെടെ പാസാക്കിയത്. ദേശീയ ഉത്തേജക വിരുദ്ധ നിയമ ഭേദഗതിയും ലോക്‌സഭ പാസാക്കിയെടുത്തു. സഭയില്‍ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കുന്നതിനെതിരെ കടുത്ത ഭാഷയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിമര്‍ശനമുന്നയിച്ചു.
രാജ്യസഭയില്‍ മണിപ്പുര്‍ ജിഎസ്ടി ബില്ലും മണിപ്പുര്‍ ധനവിനിയോഗ ബില്ലും പാസാക്കുമ്പോള്‍ പ്രതിപക്ഷം എത്തിയിരുന്നു. മണിപ്പുരിനെതിരെ നിരന്തരം ശബ്ദം ഉയര്‍ത്തുന്ന പ്രതിപക്ഷത്തിനെതിരെ ജെ പി നദ്ദ വിമര്‍ശനം ഉന്നയിച്ചതോടെ ഭരണ- പ്രതിപക്ഷ വാക്പോര് കയ്യാങ്കളിവരെയെത്തി. പ്രതിഷേധത്തിനും മുദ്രാവാക്യം വിളികള്‍ക്കുമിടയില്‍ മര്‍ച്ചന്റ് ഷിപ്പിംഗ് ബില്ലും രാജ്യസഭ ശബ്ദ വോട്ടെടെ പാസാക്കി.
Content Highlight: While the opposition marched to the Election Commission HQ, bills were passed in Lok Sabha and Rajya Sabha.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

