
കേരളത്തിൽ ലൈഫ് മിഷൻ പദ്ധതി വഴി സാധാരണക്കാർക്ക് മികച്ച വീടുകൾ ലഭിക്കുമ്പോൾ, ബിഹാറിലെ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതി പ്രകാരമുള്ള ഭവനങ്ങളുടെ സ്ഥിതി അമ്പരപ്പിക്കുന്നതാണെന്ന് റിപ്പോർട്ട്. വീട് ലഭിക്കാനായി ‘കൈക്കൂലി’ ഉൾപ്പെടെ നൽകിയ ശേഷവും ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത് തുച്ഛമായ പണമാണ്.
വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ ബിഹാറിലെ സാധാരണ ആളുകൾക്ക് സ്വന്തമായി പണം കണ്ടെത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ബെഗുസാര ജില്ലയിൽ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നൽകിയ ഒരു വീട് പരിശോധിച്ചതിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ഈ വീടിന് മുന്നിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ പേര് രേഖപ്പെടുത്തിയ ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഈ ബോർഡിൽ വീടിനായി രണ്ട് ലക്ഷം രൂപ അനുവദിച്ചു എന്ന വിവരവും എഴുതിയിട്ടുണ്ട്. അനുവദിച്ച തുക രണ്ട് ലക്ഷമായിരുന്നെങ്കിലും, ഇതിൽ നിന്ന് വലിയൊരു തുക അധികൃതർക്ക് നൽകേണ്ടിവന്നു എന്ന് ഗുണഭോക്താക്കൾ പറയുന്നു. കൈക്കൂലിയായി ഈ വലിയ തുക നൽകിയ ശേഷം നിർമ്മിച്ച ഈ വീടിന്റെ പണി ഇപ്പോഴും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. വീടിന്റെ അവസ്ഥ കാണുമ്പോൾ തന്നെ സർക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടൽ ഉണ്ടാകുന്നില്ല എന്ന് മനസ്സിലാക്കാൻ കഴിയുമെന്നും റിപ്പോർട്ടർ നിരീക്ഷിക്കുന്നു.
കേന്ദ്രസർക്കാർ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കേരളത്തിലും ഇത്തരത്തിൽ ബോർഡ് സ്ഥാപിക്കണമെന്ന നിബന്ധന തന്നെയാണ് മുന്നോട്ട് വെച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം പ്രധാനമന്ത്രി ആവാസ് യോജന ഭവനങ്ങൾ കാണുമ്പോഴാണ് എന്തുകൊണ്ട് കേരളത്തിൽ ലൈഫ് മിഷൻ പദ്ധതി വ്യത്യസ്തമാകുന്നു എന്നും, മികച്ചതാകുന്നു എന്നും നമുക്ക് മനസ്സിലാകുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

