മണപ്പുരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടി

manipur presidential rule

മണപ്പുരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടി. ഓഗസ്റ്റ് 23 മുതല്‍ പ്രാബല്യത്തില്‍ വരും. ബി ജെ പി സര്‍ക്കാരിന്റെ ഭരണ പരാജയത്തെ തുടര്‍ന്ന് രാഷ്ട്രപതി ഭരണം ഏറ്റെടുത്തിട്ടും മണിപ്പുരിലെ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനായിട്ടില്ല.

ഫെബ്രുവരി 13നായിരുന്നു മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ബി ജെ പി സര്‍ക്കാരിന്റെ ഭരണപരാജയത്തെ തുടര്‍ന്നും പാര്‍ട്ടിക്കുളളിലെ ആഭ്യന്തര കലഹത്തെ തുടര്‍ന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. മണിപ്പുരില്‍ സമാധാനം ഉടന്‍ പുനസ്ഥാപിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിക്കുകയും ചെയ്തു.

Also read: ഇതിഹാസ നടന് രാജ്യസഭയിലേക്ക് സ്വാഗതം; ഡോ ജോണ്‍ ബ്രിട്ടാസ് എംപി

എന്നാല്‍ ആറ് മാസത്തെ രാഷ്ട്രപതി ഭരണത്തിലും മണിപ്പുരില്‍ കലാപം അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കുക്കി, മെയ്‌തെയ് മേഖലകള്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥയിലാണ്. 2023ല്‍ മണിപ്പുരില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തെ രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ച് വര്‍ഗീയ കലാപമാക്കി മാറ്റുകയായിരുന്നു ബി ജെ പി. ബിരേന്‍ സിംഗ് സര്‍ക്കാരിന് ആദ്യം പിന്തുണ നല്‍കിയ കേന്ദ്രസര്‍ക്കാരിന് പിന്നീട് തീരുമാനം തിരിച്ചടിയായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്റെ പരാജയം തുറന്നുകാട്ടിയുളള പ്രതിപക്ഷ പ്രചാരണവും ബി ജെ പിയെ പ്രതിസന്ധിയിലാക്കി.

വിദേശ യാത്രകള്‍ നടത്തുന്ന നരേന്ദ്രമോദി മണിപ്പുരില്‍ എത്താത്തതും രൂക്ഷ വിമര്‍ശനത്തിന് ഇടയായി. ഒടുവില്‍ മുഖ്യമന്ത്രിയായിരുന്ന ബീരേന്‍ സിങ്ങിനെതിരെ ബി ജെ പി എം എല്‍ എമാരും ഘടകകക്ഷികളും രംഗത്തെത്തിയതോടെ സര്‍ക്കാരിന് രാജിവയ്‌ക്കേണ്ടി വരികയായിരുന്നു. മണിപ്പുര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ചട്ടപ്രകാരം പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കണമെന്നിരിക്കെ, വഖഫ് ഭേദഗതി ചര്‍ച്ചയ്ക്ക് ശേഷം പാതിരാത്രിയില്‍ നാടകീയമായി ഹ്രസ്വചര്‍ച്ചയിലൂടെ ഇരുസഭകളുടെയും അംഗീകാരം നേടിയെടുക്കുകയായിരുന്നു. ആറ് മാസത്തേക്ക് കൂടി രാഷ്ട്രപതി ഭരണം നീട്ടാനുളള പ്രമേയവും സമാന സാഹചര്യത്തിലൂടെ അംഗീകാരം നേടിയെടുക്കാനാകും കേന്ദ്രസര്‍ക്കാര്‍ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News