
ലൈംഗികാതിക്രമക്കേസിലെ അലഹാബാദ് ഹൈക്കോടതിയുടെ വിവാദ വിധി റദ്ദാക്കി സുപ്രീം കോടതി. പെൺകുട്ടിയുടെ മാറിൽ പിടിച്ചു വലിക്കുന്നതും പൈജാമയുടെ ചരട് വലിക്കുന്നതും ബലാത്സംഗമോ ബലാത്സംഗശ്രമമോ ആയി കണക്കാക്കാൻ കഴിയില്ലെന്ന വിവാദ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി വിധി പ്രസ്താവിച്ചത്.
ലൈംഗിക കുറ്റകൃത്യങ്ങളിൽ വിധി നിർണയിക്കുന്നതിന് നിയമപരമായ യുക്തിയും സഹാനുഭൂതിയും ആവശ്യമാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി ഹൈക്കോടതി വിധിയെ രൂക്ഷമായി വിമർശിച്ചു. ലൈംഗിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജഡ്ജിമാരുടെ സമീപനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിക്കാൻ സുപ്രീം കോടതി നാഷണൽ ജുഡീഷ്യൽ അക്കാദമിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ജുഡീഷ്യൽ ഭാഗത്തായാലും ഭരണപരമായ ഭാഗത്തായാലും മുമ്പ് സ്വീകരിച്ച നടപടികൾ കമ്മിറ്റി പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
മാറിൽ പിടിച്ചു വലിക്കുന്നതും പൈജാമയുടെ ചരട് വലിക്കുന്നതും ബലാത്സംഗ കുറ്റമായി കണക്കാക്കാനാവില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് പരിഗണിച്ച് സ്വമേധയാ സമർപ്പിച്ച ഹർജിയിൽ തീർപ്പു കൽപ്പിക്കുന്നതിനിടെയാണ് ഈ നിർദേശങ്ങൾ വന്നത്. 2025 മാർച്ചിലാണ് വിവാദ വിധി പുറത്തുവന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതികളായ പവൻ, ആകാശ് എന്നിവർക്കെതിരെ വിചാരണ കോടതി നേരത്തേ വിവിധ കുറ്റങ്ങൾ ചുമത്തിയിരുന്നു. പോക്‌സോ നിയമപ്രകാരമടക്കമുള്ള ബലാത്സംഗക്കുറ്റമാണ് വിചാരണ കോടതി പ്രതികള്‍ക്ക് നേരെ ചുമത്തിയത്.
എന്നാൽ, 2025 മാർച്ചിൽ അലഹാബാദ് ഹൈക്കോടതി ഈ കുറ്റങ്ങൾ ഇളവ് ചെയ്തു. മാറിടത്തിൽ സ്പർശിച്ചതും പൈജാമയുടെ ചരട് പൊട്ടിച്ചതും വലിച്ചിഴച്ചതും ബലാത്സംഗശ്രമമായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു അലഹാബാദ് ഹൈക്കോടതി വിധിച്ചത്. പൈജാമയുടെ ചരട് പൊട്ടിച്ചയുടൻ രണ്ട് പ്രതികളും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടതിനാൽ, ബലാത്സംഗം ചെയ്യാൻ ഉദ്ദേശിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവില്ലെന്നായിരുന്നു അലഹാബാദ് ഹൈക്കോടതി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ നിരീക്ഷണം.
വിധി വിവാദമായതോടെ 2025 മാർച്ച് 26ന് ഈ ഉത്തരവ് സ്വമേധധയാ പരിഗണിച്ച സുപ്രീംകോടതി ഹൈക്കോടതിയുടെ വിവാദ വിധി നടപ്പാക്കുന്നത് സ്‌റ്റേ ചെയ്തു. 2026 ഫെബ്രുവരി പത്തിനാണ് വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


