
പൂനെ പിംപ്രി – ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻസിപി) ബിജെപിയും തമ്മിൽ കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലാണ് നടക്കുന്നത്. ബിജെപി ഇവിഎം ഹാക്ക് ചെയ്തുവെന്ന നേരിട്ടുള്ള ആരോപണവുമായി അജിത് പവാർ പക്ഷം രംഗത്തെത്തിയതോടെയാണ് രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ ചൂടുപിടിച്ചത്. പിംപ്രി-ചിഞ്ച്‌വാഡിൽ 125ൽ അധികം സീറ്റുകൾ ബിജെപി നേടുമെന്ന ബിജെപി എംഎൽഎയും പ്രചാരണ മേധാവിയുമായ ശങ്കർ ജഗ്‌താപിന്റെ അവകാശവാദമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
പാർട്ടിയിൽ യാതൊരു ഭിന്നതയും ഇല്ലെന്നും വിശ്വസ്തരായ പ്രവർത്തകർക്ക് ന്യായമായ അവസരം നൽകുമെന്നും ജഗ്‌താപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ അവകാശവാദത്തെ അജിത് പവാറിന്റെ എൻസിപി സിറ്റി പ്രസിഡന്റ് യോഗേഷ് ബഹൽ ശക്തമായി വിമർശിച്ചു. അതേസമയം, ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നും ജഗ്‌താപ് വ്യക്തമാക്കി.
ഇവിഎമ്മുകളിൽ കൃത്രിമം നടത്താതെ ബിജെപിക്ക് 125 സീറ്റുകൾ നേടാനാവില്ലെന്നും, 100 സീറ്റുകൾ പോലും ലഭിക്കുക പ്രയാസമാണെന്നുമാണ് യോഗേഷ് ബഹൽ പറയുന്നത്. ബിജെപി 125 കടന്നാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന വെല്ലുവിളിയും അദ്ദേഹം നടത്തി. കൂടാതെ, ബിജെപി ഭിന്നിപ്പിക്കൽ രാഷ്ട്രീയം കളിക്കുകയാണെന്നും, പാർട്ടിയിൽ ചേരുന്നവർക്കു യാന്ത്രികമായി രണ്ടായിരം മുതൽ മൂവായിരം വരെ വോട്ടുകൾ ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബഹൽ ഗുരുതര ആരോപണം ഉന്നയിച്ചു. പിംപ്രി-ചിഞ്ച്‌വാഡിൽ അധികാരത്തിലെത്തുക എൻസിപിയാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ALSO READ: പൂനെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: എൻസിപി (എസ്പി)-എൻസിപി സഖ്യ ചർച്ചകൾ വഴിമുട്ടി
എൻസിപിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടാൻ കഴിയില്ലെന്ന് വിശ്വസിപ്പിച്ചാണ് നിരവധി പേരെ ബിജെപി കൂടെ ചേർത്തത്. അതേസമയം അജിത് പവാറിനെ പോലെ ഒരു മികച്ച നേതാവിനെ മഹാരാഷ്ട്രയിൽ കണ്ടെത്താനാവില്ലെന്നും അത്തരമൊരു നേതാവിനെ ഉപേക്ഷിച്ച് ഇവർ ഒന്നും നേടില്ലെന്നും ബഹൽ പറഞ്ഞു. ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ ചുട്ട മറുപടി നൽകി അവരുടെ സ്ഥാനം കാണിച്ചു കൊടുക്കുമെന്നും യോഗേഷ് ബഹൽ ബിജെപിക്കെതിരെ ആഞ്ഞടിച്ചു.
ബിജെപിയും അജിത് പവാറിന്റെ എൻസിപിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് പിംപ്രി-ചിഞ്ച്‌വാഡ് രാഷ്ട്രീയ രംഗത്ത് ദൃശ്യമാകുന്നത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ശക്തമാകുന്നതിനിടെ, എൻസിപിയുടെ രണ്ട് ഗ്രൂപ്പുകൾ ഒന്നിക്കുമോ എന്നതിലും ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

