രാജ്യം കത്തുമ്പോൾ ബിഎംഡബ്ല്യു ഓടിച്ച് രസിക്കുന്ന രാഹുൽ ​ഗാന്ധി; നിർണായക ഘട്ടങ്ങളിലെ ഈ മുങ്ങൽ പതിവ്

RAHUL GANDHI

ദൃശ്യ ദാമോദരൻ

രാജ്യത്തെ ആവുംവിധമെല്ലാം നശിപ്പിച്ചുമുന്നോട്ട് പോകുന്ന കേന്ദ്രസർക്കാർ ഇപ്പോൾ കൈവച്ചിരിക്കുന്നത് ​ഗ്രാമീണ ജനതയുടെ ജീവനാഡിയായ തൊഴിലുറപ്പ് പദ്ധതിയിലാണ്. തൊഴിലുറപ്പ്‌ പദ്ധതിയെ അപ്പാടെ അട്ടിമറിച്ച് വിബി ജിറാംജി ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചുകഴിഞ്ഞു. സാധാരണക്കാരായ മനുഷ്യരുടെ കഴുത്തിൽ കത്തിവയ്ക്കുന്ന നീക്കം. രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുന്നു. പാർലമെന്റിൽ ഈ സുപ്രധാന ഘട്ടത്തിൽ എതിർശബ്ദമുയർത്തുന്ന രാഹുൽ ​ഗാന്ധിയെ നിങ്ങളെവിടെയെങ്കിലും കണ്ടോ? തീർത്തും തൊഴിലാളി വിരുദ്ധമായ ബില്ലിനെതിരെ പ്രതിപക്ഷ നേതാവെന്ന നിലയിൽ കോൺ​ഗ്രസിന്റെ നായകൻ പാർതമെന്റിൽ നാവനക്കിയോ? ഇല്ല, അങ്ങ് ജർമ്മനിയിൽ ഉല്ലാസയാത്രയിലാണ് രാഹുൽ ​ഗാന്ധി.

പാർലമെന്റിൽ ഈ നിർണായക ഘട്ടത്തിലെ രാഹുലിന്റെ അസാന്നിധ്യം ചെറിയ കാര്യമല്ല. ലോക്സഭ ബിൽ കഴിഞ്ഞ ദിവസം ചർച്ചയ്‌ക്കെടുത്തപ്പോൾ ജർമനിയിൽ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ള്യുവിൻ്റെ ഫാക്ടറി സന്ദർശിക്കുന്ന തിരക്കിലായിരുന്നു രാഹുൽ ​ഗാന്ധി. സുപ്രധാന ബില്ലുകൾ പാർലമെന്റിൽ പരിഗണിക്കുമെന്ന് രാഹുലിന് അറിയാഞ്ഞിട്ടാണോ? അല്ല, മൂന്നുദിവസം പാർലമെന്റിൽ നിർബന്ധമായും ഹാജരായിരിക്കണമെന്ന കോൺഗ്രസ് വിപ്പിന് പുല്ല് വില കൽപ്പിച്ചാണ് ഈ സന്ദർശനം. രാജ്യത്ത് പ്രതിഷേധം ആളിക്കത്തുമ്പോഴും ബിഎംഡബ്ള്യു ബൈക്കിൽ നല്ല സ്റ്റൈലായി പോസ് ചെയ്യാനാണ് പുള്ളിക്കിഷ്ടം. അത്രയ്ക്കുണ്ട്, കോൺ​ഗ്രസ് ഭാവി പ്രധാനിമന്ത്രിക്കുപ്പായം തുന്നിവെച്ച രാഹുലിന് രാജ്യത്തോടും ജനങ്ങളോടുമുള്ള സ്നേഹം.

ALSO READ: ‘ഒരാഴ്ച കഴിഞ്ഞാലും ആ കമ്പനി അവിടെത്തന്നെ കാണില്ലേ’; പാർലമെന്റിലെ രാഹുൽ ​ഗാന്ധിയുടെ അസാന്നിധ്യത്തെ വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

ഇതാദ്യമായല്ല, കോൺ​ഗ്രസ് നേതാവ് ഇങ്ങനെ മുങ്ങുന്നത്. നിർണായകമായ പല ഘട്ടത്തിലും ഈ മുങ്ങൽ രാഹുലിന് പതിവാണ്. മുത്തലാഖ് ബിൽ പാസാക്കിയ 2018ലെ പാർലമെന്റ് മൺസൂൺ സമ്മേളനം ഓർമ്മയില്ലേ? അന്ന് ഉ​ഗാണ്ടയിലായിരുന്നു രാഹുൽ.

ഭാരതീയ നീതിന്യായ സംഹിത ചർച്ചയായ 2023 പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കാതെ ദുബായിയിൽ ടൂറിലായിരുന്നു രാഹുൽ. ദക്ഷിണകൊറിയയിൽ എന്തോ തിരക്കിലായിരുന്നു 2019ൽ പാർലമെന്റ് ശൈത്യകാല സമ്മേളനം നടക്കുമ്പോൾ രാഹുൽ ​ഗാന്ധി. സിഎഎയും തുടർന്നുണ്ടായ സമരങ്ങളിലെയും ചർച്ച നടന്ന സമ്മേളനമാണ് ഇതെന്ന് ഓർക്കണം.

കർഷകസമരം ചർച്ചയായ 2020 പാർലമെന്റ് ശൈത്യകാല സമ്മേളനത്തിലും കൃത്യമായി മുങ്ങാൻ രാഹുൽ മറന്നില്ല. ഇറ്റലിയിലേക്കാണ് അന്ന് നേതാവ് പറന്നത്. 10 വർഷങ്ങൾക്കിടെ ഇത്തരം നിർണായക ഘട്ടങ്ങളിൽ നാവ് പണയം വെച്ച് രാഹുൽ ​ഗാന്ധി മുങ്ങിയത് നിരവധി തവണയാണ്. ഇരുപതിലേറെ വിദേശടൂറുകളാണ് രാഹുൽ നടത്തിയത്. ആറുമാസത്തിനിടെ അഞ്ച് വിദേശയാത്രകൾ നടത്തി.

ALSO READ: ശബരിമലയിൽ പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലിനുമൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി; യുഡിഎഫിനെതിരെ തെളിവുകളുമായി അഡ്വ. കെ. അനിൽകുമാർ

കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വിബി ജിറാംജി ബില്ലിനെതിരായി ജനങ്ങൾ സംഘടിക്കണമെന്നും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കണമെന്നും ഇടതുപക്ഷ പാർടികൾ ആഹ്വാനം ചെയ്‌തുകഴിഞ്ഞു. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷ പാർടികളുടെ സമർദ്ദത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ തൊഴിലുറപ്പ്‌ പദ്ധതി. ആ പദ്ധതിയുടെ അടിസ്ഥാനഘടനയെ തന്നെ അട്ടിമറിക്കുകയാണ് പുതിയ ബില്ലിലൂടെ ബിജെപി സർക്കാർ. കോൺ​ഗ്രസിനോ രാഹുൽ ​ഗാന്ധിക്കോ ഇതൊന്നും ഒരു പ്രശ്നമേ അല്ലായിരിക്കും. ജനങ്ങളുടെ ജീവിതത്തെ തകിടംമറിക്കുന്ന ബില്ലുകളിൽ അവർ ഇനിയും മൗനംതുടരും. രാജ്യത്തെതന്നെ വിറ്റുതുലക്കുന്ന, ജനങ്ങളെ കശാപ്പുചെയ്യുന്ന ബില്ലുകൾ വരുമ്പോൾ അടുത്ത വിദേശയാത്ര എവിടേക്കെന്ന് മാപ്പിൽ അവർ തിരഞ്ഞോട്ടേ, ഇടതുപക്ഷത്തിന്റെ പ്രതിരോധത്തിലും പ്രതിഷേധത്തിൽ അണിചേരുന്ന മനുഷ്യരിലുമാണ് ഈ രാജ്യത്തിന്റെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News