
മഹാരാഷ്ട്രയിൽ മറാഠി ജനത ജാഗ്രത പാലിച്ചില്ലെങ്കിൽ വരാനിരിക്കുന്ന ബ്രിഹൺ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് അവരുടെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) പ്രസിഡന്റ് രാജ് താക്കറെ പറഞ്ഞു. എംഎൻഎസ് കൊങ്കൺ മഹോത്സവ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് താക്കറെ പാർട്ടി പ്രവർത്തകരോട് ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചത്.
“നിങ്ങൾ ജാഗ്രത പാലിച്ചില്ലെങ്കിൽ വരാനിരിക്കുന്ന ബിഎംസി തിരഞ്ഞെടുപ്പ് മറാഠി ജനതയുടെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്നും അതിന്റെ അനന്തരഫലങ്ങൾ നിയന്ത്രിക്കാൻ കഴിയാത്തതായിരിക്കുമെന്നും എംഎൻഎസ് മേധാവി മുന്നറിയിപ്പ് നൽകി. അതേസമയം വോട്ടർ പട്ടികയിൽ പൊരുത്തക്കേടുകൾ ഉന്നയിച്ച് രാജ് താക്കറെ അടുത്തിടെ പ്രതിപക്ഷം നടത്തിയ ഐക്യ മാർച്ചിൽ പങ്കെടുത്തു.
മുംബൈ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന കോൺഗ്രസിന്റെ പ്രഖ്യാപനം പ്രതിപക്ഷ ഐക്യത്തിന് ഹാനികരമാണെന്നും മുംബൈയെ വേർപെടുത്താനുള്ള ബിജെപിയുടെ ‘പദ്ധതി’ പരാജയപ്പെടുത്തുന്നതിന് സംയുക്ത മത്സരത്തിന്റെ പ്രാധാന്യം അനിവാര്യമാണെന്നും പോയ വാരം ശിവസേന (യുബിടി) വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജ് താക്കറെയുടെ പുതിയ പ്രസ്താവന.
അതേസമയം രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള എംഎൻഎസിനെ പ്രതിപക്ഷ പാർട്ടികളായ സേന (യുബിടി), എൻസിപി (എസ്പി), കോൺഗ്രസ് എന്നിവയിൽ ഉൾപ്പെടുത്തിയാൽ ഉത്തരേന്ത്യൻ, മുസ്‌ലിം വോട്ടർ അടിത്തറയിൽ വിള്ളൽ വീഴുമെന്ന സഖ്യകക്ഷിയായ കോൺഗ്രസിന്റെ ആശങ്കകളെ ശിവസേന (യുബിടി) മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയൽ തള്ളിക്കളഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


