രാജ്യത്തെ വ്യോമയാന മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിസന്ധിക്കുള്ള യഥാർത്ഥ കാരണമെന്ത്?

Reason Behind indigo flight Cancel

രാജ്യത്തെ വ്യോമയാന മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിസന്ധിക്കുള്ള യഥാർത്ഥ കാരണമെന്ത്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ടി ജെ ശ്രീലാല്‍ എ‍ഴുതുന്നു.

രാജ്യത്തെ വ്യോമയാന മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിസന്ധിക്കുള്ള കാരണങ്ങളിലൊന്ന് ഡിജിസിഎ കൊണ്ട് വന്ന നിയമ പരിഷ്കരണമാണെന്ന ആരോപണം ശക്തമാണ്. എന്നാൽ യഥാർത്ഥ കാരണം അതാണോ?

തീർത്തും അല്ല. 2024 മാർച്ചിലാണ് പൈലറ്റുമാർ തുടർച്ചയായി വിമാനം പറത്തുന്ന സമയവും അവർ രാത്രി ലാന്റ് ചെയ്യുന്നതിന്റെ എണ്ണവും കുറച്ച് ഡിജിസിഎ നിയമം കൊണ്ട് വന്നത്. ഇത് നടപ്പിലാക്കാൻ ഏതാണ്ട് 19 മാസം എയർലൈൻ കമ്പനികൾക്ക് ലഭിച്ചു. എന്നിട്ടും ഇത് നടപ്പിലാക്കാതെ ഇൻഡിഗോ എയർലൈൻസ് സർക്കാരിനെ വെല്ലുവിളിച്ച് വിമാന സർവ്വീസുകൾ റദ്ദാക്കി.

ലക്ഷകണക്കിന് യാത്രക്കാർ പെരുവഴിയിലായി. തരം മുതലെടുത്ത് മറ്റ് വിമാന കമ്പനികൾ യാത്രക്കാരെ കൊള്ളയടിച്ചു. തിരുവനന്തപുരം-കൊച്ചി പോലെ നാല്പത് മിനിറ്റിൽ താഴെയുള്ള യാത്രയ്ക്ക് പോലും അരലക്ഷത്തോളം രൂപ കൊടുക്കേണ്ട ഗതികേടിലേക്ക് അത്യാവശ്യ യാത്രക്കാരെ തള്ളി വിട്ടു.

Also Read: ​കരുതിയില്ലെങ്കിൽ രാജ്യവും കേന്ദ്രം മറിച്ച് വിൽക്കും: സ്വകാര്യവത്കരണം തുടരുമ്പോൾ ഇനിയും ഇറ്റ് ഡിഡിൻ്റ് ​ഗോ

ആരാണ് ഈ കൊള്ളയ്ക്കും ദുരിതത്തിനും ഉത്തരവാദി.
2014ൽ മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ രാജ്യത്ത് ഏഴോ എട്ടോ വിമാന കമ്പനികൾ ആഭ്യന്തര സർവ്വീസ് നടത്തിയിരുന്നു. 30% മാർക്കറ്റ് ഷെയറോടെ ഇൻഡിഗോ തന്നെയായിരുന്നു അന്നും ഒന്നാമൻ. തൊട്ട് പിന്നിൽ ജെറ്റ് എയർ (21%) അവർക്കും പിറകിലായി സർക്കാരിന്റെ എയർ ഇന്ത്യയും(18%). ഈ മൂന്ന് മാർക്കറ്റ് ലീഡേഴ്സിന് പുറമെ സ്പൈസ് ജെറ്റ്, എയർ ഏഷ്യ, ഗോ എയർ തുടങ്ങിയ ചെറുകിട വിമാന കമ്പനികളും ആഭ്യന്തര സർവ്വീസുമായി രംഗത്തുണ്ടായിരുന്നു. ഇൻഡിഗോ തന്നെയാണ് അന്നും ഒന്നാമനെങ്കിലും അവർക്ക് കുത്തക അവകാശപ്പെട്ട് സർക്കാരിനെയോ യാത്രക്കാരെയോ ഇത് പോലെ ബ്ളാക്മെയിൽ ചെയ്യാൻ കഴിയുമായിരുന്നില്ല. ഇൻഡിഗോ സർവ്വീസ് നടത്തുന്ന മേഖലകളിലെല്ലാം ജെറ്റ് എയറും സർക്കാരിന്റെ കീഴിലുള്ള എയർ ഇന്ത്യയും ഉണ്ടായിരുന്നു എന്നത് തന്നെ കാരണം. ബാധ്യതകൾ ചിറകൊടിച്ച ജെറ്റ് എയർ 2019ൽ സേവനം അവാനിപ്പിച്ചു. എയർ ഇന്ത്യ ഇപ്പോൾ ടാറ്റയുടെ ഉടമസ്ഥതയിലാണ്.

രാജ്യത്തെ വിമാന സർവ്വീസിന്റെ 65% ഇന്ന് ഇൻഡിഗോയുടെ കൈയ്യിലാണ്. എയർ ഇന്ത്യയ്ക്ക് 30%വും. ഈ രണ്ട് വിമാനം കമ്പനികളും ചേർന്നാണ് ആഭ്യന്തര വിമാന സർവ്വീസിന്റെ 95%വും നടത്തുന്നത്. ഈ കുത്തക തന്നെയാണ് ഡിജിസിഎയെ ചോദ്യം ചെയ്യാൻ ഇൻഡിഗോയ്ക്ക് ധൈര്യം നൽകുന്നത്. ഇൻഡിഗോ സർക്കാരിനെ ചോദ്യം ചെയ്തപ്പോൾ എയർ ഇന്ത്യ യാത്രക്കാരെ കൊള്ളയടിച്ചു. വ്യോമയാന മേഖല താറുമാറായപ്പോൾ സർക്കാർ കീഴടങ്ങി. പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത് നീട്ടി വച്ചു. ഫെബ്രുവരി 10 വരെ ഡിജിസിഎ മരവിപ്പിച്ച പുതിയ നിയമങ്ങൾ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെട്ട് അനിശ്ചിതമായി നിർത്തി വച്ചു.

വ്യോമയാന മേഖലയിൽ എന്നല്ല മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം പ്രധാനപ്പെട്ട പല മേഖലകളും ഇത്തരം കോർപ്പറേറ്റ് കുത്തകകളുടെ കൈയ്യിലാണ്. വിമാനത്താവളങ്ങൾ, പോർട്ടുകൾ, പെട്രോകെമിക്കൽ, വാർത്ത വിനിമയം എന്നിങ്ങനെ ചങ്ങാത്ത മുതലാളിമാർ കുത്തകയാക്കി വച്ചിട്ടുള്ള പല മേഖലകളിലും നാളെ ഇത് സംഭവിച്ചു കൂടാ എന്നില്ല. ചങ്ങാത്ത മുതലാളിത്തം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നയിക്കുമെന്നതാണ് ചരിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News