
തൃശൂർ വിയ്യൂർ ജയിലിന് സമീപത്ത് വെച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകനെ പിടികൂടി പൊലീസ്. തെങ്കാശിയിൽ നിന്ന് വാഹന പരിശോധനക്കിടെ ആണ് ബാലമുരുകനെ അന്വേഷണ സംഘം പിടികൂടിയത്. തമിഴ്നാട്ടിലെ കോടതി നടപടികൾക്കായി കൊണ്ടുപോയി തിരികെ വിയ്യൂരിലേക്ക് എത്തിക്കുന്നതിനിടെ ആണ് ബാലുമുരുകൻ തമിഴ്നാട് പൊലീസിന്റെ കണ്ണു വെട്ടിച്ച് കടന്നുകളഞ്ഞത്.
കഴിഞ്ഞ നവംബർ മൂന്നിനായിരുന്നു സംഭവം. ജയിലിന്റെ മുമ്പിൽ വാഹനം നിർത്തിയപ്പോൾ കാറിൽ നിന്ന് ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 50 ൽ ഏറെ കേസുകളിലെ പ്രതിയാണ് ബാലമുരുകൻ. കേരളത്തിലടക്കം ബാലമുരുകനെതിരെ വിവിധ കേസുകളുണ്ട്.
അതേസമയം തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറിൽ തിരികെ എത്തിച്ചതും കൈവിലങ്ങണിയിക്കാതെ പ്രതിയെ പുറത്തുവിട്ടതും വീഴ്ചയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബാലമുരുകനെ വിയ്യൂരിലെത്തിച്ച മൂന്ന് തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡും ചെയ്തിരുന്നു. കഴിഞ്ഞ മെയിലും തമിഴ്നാട് പൊലീസിന്‍റെ വാഹനത്തിൽ നിന്ന് ബാലമുരുകൻ രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് അന്ന് പ്രതി കടന്നുകളഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

