
മുംബൈ നഗരസഭയിലെ ബിജെപി വിജയത്തിന് പിന്നിൽ ഏക്‌നാഥ് ഷിൻഡെയുടെ രാഷ്ട്രീയ നീക്കങ്ങളാണെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. ഷിൻഡെ പാർട്ടിയെ ഒറ്റിക്കൊടുത്തില്ലായിരുന്നെങ്കിൽ മുംബൈയ്ക്ക് ഒരു ബിജെപി മേയറെ കാണാനാകുമായിരുന്നില്ലെന്നും റാവത്ത് ആരോപിച്ചു. വഞ്ചനയുടെ പേരിൽ ചരിത്രത്തിൽ നിന്ദിക്കപ്പെട്ട ജയ് ചന്ദുമായി ഷിൻഡെയെ ഉപമിച്ചായിരുന്നു റാവത്തിന്റെ രൂക്ഷ വിമർശനം.
മറാഠി ജനത ഷിൻഡെയെ ജയ് ചന്ദ് എന്ന പേരിലായിരിക്കും ഓർക്കുകയെന്നും റാവത്ത് പറഞ്ഞു. ബിഎംസി ഫലത്തിന് പിന്നാലെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വാക്പോരുകൾ രൂക്ഷമാകുന്നതിന്‍റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. 2022-ൽ 39 എംഎൽഎമാരോടൊപ്പം പാർട്ടി നേതൃത്വത്തിനെതിരെ ഷിൻഡെ നടത്തിയ വിമത നീക്കമാണ് ഉദ്ധവ് താക്കറെ സർക്കാരിന്റെ പതനത്തിന് വഴിവെച്ചതെന്നും, ഇതിലൂടെ ശിവസേനയെ വഞ്ചിച്ചുവെന്നുമാണ് റാവത്തിന്റെ ആരോപണം.
ALSO READ; ദളിത് വിരുദ്ധ പരാമർശവുമായി മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ ഫുൽ സിംങ് ബരൈയ
വെള്ളിയാഴ്ച പ്രഖ്യാപിച്ച ബിഎംസി തെരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപി 89 സീറ്റുകൾ നേടിയിരുന്നു. സഖ്യകക്ഷിയായ ശിവസേനയ്ക്ക് 29 സീറ്റുകളും ലഭിച്ചു. 227 അംഗ മുനിസിപ്പൽ കോർപ്പറേഷനിൽ ഇരുപാർട്ടികളും ചേർന്ന് പകുതി സീറ്റുകൾ പിന്നിട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നടത്തിയ ക്രമക്കേടുകളാണ് തോൽവിക്ക് കാരണമായതെന്നും റാവത്ത് ചൂണ്ടിക്കാട്ടി. 1997 മുതൽ 2022 വരെ അവിഭക്ത ശിവസേനയാണ് മുംബൈ നഗരസഭ ഭരിച്ചിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

