
എൻസിപി ലയന ചർച്ചകളിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് യാതൊരു പങ്കുമില്ലെന്നും, അഭിപ്രായം പറയാൻ അവകാശവുമില്ലെന്നും എൻസിപി സ്ഥാപക മേധാവി ശരദ് പവാർ. ബാരാമതിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഫഡ്‌നാവിസിന്റെ പരാമർശങ്ങൾക്ക് കടുത്ത ഭാഷയിൽ പവാർ മറുപടി നൽകിയത്. ബജറ്റിന് പിന്നാലെ മാധ്യമങ്ങളോട് കണ്ടപ്പോഴായിരുന്നു എൻ സി പി ലയന ചർച്ചകളെ കുറിച്ചുള്ള സാദ്ധ്യതകൾ തള്ളി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചത്.
അത്തരമൊരു നീക്കമുണ്ടായിരുന്നുവെങ്കിൽ അജിത് പവാർ തന്നെ വിശദാംശങ്ങൾ തന്നോട് പങ്ക് വെക്കുമായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രി ഫഡ്‌നാവിസിന്റെ പ്രതികരണം. ഇതിനോട് പ്രതികരിക്കുകയായിരുന്നു എൻ സി പി സ്ഥാപക നേതാവ് ശരദ് പവാർ. എൻസിപി ശരദ് പവാർ പക്ഷം നേതാവ് ജയന്ത് പാട്ടീലും, എൻസിപി മേധാവിയുമായിരുന്ന അജിത് പവാറുമാണ് ലയന ചർച്ചകൾക്ക് നേതൃത്വം നൽകിയതെന്നും ശരദ് പവാർ അവകാശപ്പെട്ടു.
ALSO READ; വ്യാപാരക്കരാർ: ട്രംപ് കൽപിക്കും, മോദി വാങ്ങും; യുഎസിന് അടിയറവ് പറയുമ്പോൾ സംഭവിക്കുന്നത്
ഫെബ്രുവരി 12ന് ലയനവുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം നടത്താനായിരുന്നു അജിത് പവാർ തീരുമാനിച്ചതെന്ന് ശരദ് പവാർ വിഭാഗം നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ ജനുവരി 28ന് പൂനെ ജില്ലയിലെ ബാരാമതിയിൽ ഉണ്ടായ വിമാനാപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ മരിച്ചതോടെയാണ് ലയനം അനശ്ചിതത്വത്തിലായത്. ഇക്കാര്യത്തിൽ തന്റെ പേര് പരാമർശിക്കാൻ ഫഡ്നാവിസിന് എന്ത് അവകാശമാണുള്ളതെന്നായിരുന്നു ശരദ് പവാറിന്റെ ചോദ്യം. ലയനം ഇപ്പോൾ നടക്കുമോയെന്ന ചോദ്യത്തിന്, പരസ്പരം പിന്തുണ നൽകുകയും, തുടർന്ന് എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കുകയുമാണ് നിലവിലെ മുൻഗണനയെന്ന് പവാർ പറഞ്ഞു.
അതേസമയം രാഷ്ട്രീയ ചർച്ചകളെ സംബന്ധിച്ചിടത്തോളം, നിലവിൽ ആരുമായും സംസാരിക്കുന്നില്ലെന്നും പവാർ വ്യക്തമാക്കി. അജിത് പവാറിന്റെ മരണത്തിന് ശേഷം ഭാര്യ സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയായി നിയമിച്ചതിൽ സന്തോഷമുണ്ടെന്നും, എന്നാൽ ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാൻ പരിസരത്ത് സ്മാരകം നിർമ്മിക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ശരദ് പവാർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

