
ഉത്തർപ്രദേശിൽ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷയെഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് തീകൊളുത്തി ജീവനൊടുക്കിയ ഉജ്ജ്വൽ റാണയുടെ കുടുംബത്തെ സന്ദർശിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള ഡെലിഗേഷൻ. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് ആദർശ് എം സജിയുടെ നേതൃത്വത്തിൽ ആയിരുന്നു സന്ദർശനം. മുൻ എസ്.എഫ്.ഐ ഉത്തർപ്രദേശ് നേതാവ് പ്രബുദ്ധും, എസ്.എഫ്.ഐ ഡൽഹി സംസ്ഥാന നേതാക്കളായ നോവൽ, ആരിഫ്, സ്നേഹ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
ഉത്തർപ്രദേശിലെ ബുധുവാന DAV PG കോളേജിലെ രണ്ടാം വർഷ ബി.എ വിദ്യാർത്ഥിയായിരുന്നു ഉജ്ജ്വൽ റാണ. ഫീസ് അടയ്ക്കാത്തത് കൊണ്ട് പരീക്ഷയെഴുതാൻ അനുവദിക്കാത്തതിനെ തുടർന്ന് ശനിയാഴ്ചയാണ് ഉജ്ജ്വൽ റാണ സ്വയം തീകൊളുത്തിയത്. 70 ശതമാനത്തോളം പൊള്ളലേറ്റ ഉജ്ജ്വലിനെ ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്കും മാറ്റുകയായിരുന്നു. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഫീസ് അടയ്ക്കാൻ വൈകിയതിൻ്റെ പേരിൽ, വിദ്യാർത്ഥികളുടെ പരീക്ഷ രജിസ്റ്റർ ചെയ്യാതെ, വിദ്യാർത്ഥി വിരുദ്ധ സമീപനവുമായാണ് കോളേജ് അധികൃതർ മുന്നോട്ട് പോയത്. നിരവധി വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യത്തിൽ, ഉജ്ജ്വലിൻ്റെ നേതൃത്വത്തിൽ നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. പക്ഷേ, എല്ലാത്തിനോടും മുഖം തിരിച്ചുനിന്ന അധികൃതർക്ക് മുന്നിൽ പ്രതിഷേധിച്ചുകൊണ്ട് അവൻ രക്തസാക്ഷിത്വം വരിച്ചു.
സ്വയം അഗ്നിക്കിരയാക്കുമ്പോഴും തൻ്റെ മരണം ഒരു പ്രതിഷേധാഗ്നിയായി മാറണമെന്ന് അവൻ ആഗ്രഹിച്ചു. ഉജ്ജ്വലിന് ഫീസ് അടച്ച് പരീക്ഷ എഴുതാമായിരുന്നു. മറ്റുള്ളവരുടെ കാര്യം ശ്രദ്ധിക്കാതെ സ്വന്തം കാര്യം നോക്കാമായിരുന്നു. പക്ഷേ, ഉജ്ജ്വലിന് അതിന് സാധിക്കില്ല. കാരണം, അവൻ സ്വയം വിശേഷിപ്പിച്ചത് ഒരു കമ്മ്യൂണിസ്റ്റുകാരനായിട്ടായിരുന്നു.
പണമുള്ളവനു മാത്രമായി ലഭിക്കുന്ന ഒന്നായി രാജ്യത്ത് വിദ്യാഭ്യാസം മാറിയിരിക്കുന്നു. രാജ്യത്ത് മോദിയും, യു.പി.യിൽ യോഗിയും വിദ്യാഭ്യാസം മാഫിയകൾക്ക് തീറെഴുതി കൊടുത്തിരിക്കുകയാണ്. ഉജ്ജ്വൽ റാണ എന്ന വിദ്യാർത്ഥി ഒരു സമരമായി മാറുകയാണ്. അവൻ്റെ പോരാട്ടം ആണ് എസ്.എഫ്.ഐ. ഏറ്റെടുക്കുന്നത്.
രാജ്യവ്യാപകമായി വിദ്യാഭ്യാസത്തിൻ്റെ കച്ചവടവൽക്കരണത്തിന് എതിരായുള്ള പോരാട്ടത്തിൻ്റെ മുഖമായി ഉജ്ജ്വൽ റാണ മാറും. ഉജ്ജ്വലിന് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള സമരത്തിൽ അവസാനം വരെ ഉണ്ടാകും എന്നും എസ്.എഫ്.ഐ. അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

