
ബിഹാർ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസിന് ഏറ്റിരിക്കുന്നത്. വിഷയത്തിൽ കോൺഗ്രസ് എംപിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ശശി തരൂരിന്റെ പ്രതികരണം പാർട്ടിയിൽ പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. രാഹുൽ ഗാന്ധിയെയും പ്രചാരണത്തിന് നേതൃത്വം നൽകിയവരെയും ഉന്നം വെച്ചാണ് തരൂർ വിമർശനമുന്നയിച്ചത്.
തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് വിശദീകരണം നൽകേണ്ടത് പ്രചാരണത്തിന് ഇറങ്ങിയവരാണെന്നാണ് ശശി തരൂർ വ്യക്തമാക്കിയത്. താനുമായി ബന്ധപ്പെട്ട് ഈ കാര്യത്തിൽ കൂടുതൽ പറയാൻ സാധിക്കില്ലെന്നും, തന്നെ പ്രചാരണത്തിനായി ആരും ക്ഷണിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും, കോൺഗ്രസിനുണ്ടായ തിരിച്ചടിക്ക് പാർട്ടിക്ക് ഉത്തരവാദിത്വം ഉണ്ടെന്നും തരൂർ അഭിപ്രായപ്പെട്ടു.
നെഹ്റു കുടുംബത്തിനെതിരായ വിമർശനവും അതേസമയം ബിജെപി നേതാവ് എൽ.കെ. അദ്വാനിയെ പ്രശംസിക്കുകയും ചെയ്ത തരൂരിനെതിരെയാണ് എം.എം. ഹസൻ വിമർശനമുയർത്തിയത്. തരൂർ തലമറന്ന് എണ്ണ തേക്കുകയാണെന്ന് ഹസൻ ആരോപിച്ചു. ശശി തരൂർ രാഷ്ട്രീയത്തിലേക്ക് വന്നതും സ്ഥാനമാനങ്ങൾ നേടിയതും നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് എന്നും ഹസൻ കൂട്ടിച്ചേർത്തു. കോൺഗ്രസ് നിലപാടുകൾക്ക് വിരുദ്ധമായി പ്രസ്താവനകൾ നടത്തുന്ന തരൂർ, സമൂഹത്തിനോ രാജ്യത്തിനോ വേണ്ടി ഒരു തുള്ളി വിയർപ്പ് പോലും ചൊരിയാത്ത ഒരാളാണ് എന്നും ഹസൻ കുറ്റപ്പെടുത്തി.
കോൺഗ്രസ് നിലപാടുകൾക്ക് വിരുദ്ധമായ തരൂരിന്റെ പ്രസ്താവനകളിൽ നേതാക്കൾക്കിടയിൽ അതൃപ്തി നിലനിൽക്കുന്നുണ്ട്. എന്നാൽ, തരൂരിനെ എങ്ങനെ നേരിടണമെന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിനിടയിൽ ആശയക്കുഴപ്പമുണ്ട്. മാത്രമല്ല, നിലവിൽ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളുടെ പ്രചാരണ രംഗത്തു നിന്ന് തരൂർ മാറിനിൽക്കുന്നതും നേതൃത്വത്തിനിടയിൽ ചർച്ചയായിട്ടുണ്ട്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

