
ഗുജറാത്തിൽ മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള ഗുഡ്സ് റോപ്പ്‌വേ തകർന്ന് ആറ് പേർ മരിച്ചു. പ്രശസ്തമായ പാവഗഡ് ശക്തിപീഠത്തിലെ കാളീ ക്ഷേത്രത്തിലേക്കുള്ള റോപ്പ് വേയാണ് തകർന്നത്. കയർ പൊട്ടിയതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. രണ്ട് ലിഫ്റ്റ്മാൻമാർ, രണ്ട് തൊഴിലാളികൾ, മറ്റ് രണ്ട് പേർ എന്നിവരുൾപ്പെടെ ആറ് പേരുടെ മരണം പഞ്ചമഹൽ കളക്ടർ സ്ഥിരീകരിച്ചു.
ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് അപകടം നടന്നതെന്ന് കളക്ടർ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അപകടത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 800 മീറ്റർ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ടായിരത്തോളം പടികൾ കയറിയോ കേബിൾ കാറുകൾ ഉപയോഗിച്ചോ ആണ് തീർത്ഥാടകർ ക്ഷേത്രസന്ദർശനത്തിനായി മലമുകളിലെത്തുന്നത്. പ്രതികൂല കാലാവസ്ഥ കാരണം പൊതുജനങ്ങൾക്ക് ഇന്ന് റോപ്പ് വേയിലേക്ക് പ്രവേശനം വിലക്കിയിരുന്നു. ഇത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.
1471 അടി ഉയരത്തിലാണ് പാവഗഡ് പീഠഭൂമി സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് പ്രശസ്തമായ കാളീദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രതിവർഷം ഏകദേശം 2.5 ദശലക്ഷം ആളുകൾ സന്ദർശിക്കുന്ന തീർഥാടന കേന്ദ്രമാണിത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

