
ഛത്തീസ്ഗഢിൽ മേൽക്കൂര തകർന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലാണ് വെള്ളിയാഴ്ച ഒരു സ്വകാര്യ സ്റ്റീൽ പ്ലാന്റിന്റെ മേൽക്കൂര തകർന്ന് ആറ് തൊഴിലാളികൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തത്. തലസ്ഥാനത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള സിൽതാര എന്ന സ്ഥലത്തെ ഗോദാവരി പവർ ആൻഡ് ഇസ്പാറ്റ് ലിമിറ്റഡിന്റെ പ്ലാന്റിലാണ് സംഭവം നടന്നതെന്ന് റായ്പൂർ സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) ലാൽ ഉമേദ് സിംഗിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്ലാന്റിന്റെ മേൽക്കൂര തകർന്ന് തൊഴിലാളികൾ താഴെ കുടുങ്ങിയതായും വിവരം ലഭിച്ചയുടനെ പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. അപകടത്തിൽ ആറ് തൊഴിലാളികൾ മരിക്കുകയും മറ്റ് ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും അദ്ദേഹം സ്ഥിരീകരിച്ചു. പരുക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

