
ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സോനാമാർഗിൽ വൻ മഞ്ഞുവീഴ്ച. മധ്യ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലുള്ള സോനാമാർഗ് റിസോർട്ടിൽ ആണ് രാത്രി 10.12-ഓടെ വലിയ മഞ്ഞുവീഴ്ച ഉണ്ടായത്. റിസോർട്ടിലെ കെട്ടിടങ്ങളെ മഞ്ഞ് മൂടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ ഈ അപകടത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ആണ് അധികൃതർ സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറായി സോനാമാർഗിലും കശ്മീർ താഴ്വരയുടെ മിക്ക ഭാഗങ്ങളിലും മിതമായതോ കനത്തതോ ആയ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ, മേഖലയിൽ അതിതീവ്ര മഞ്ഞുവീഴ്ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ തിങ്കളാഴ്ച തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
കാശ്മീരിന് പുറമെ, ഉത്തരാഖണ്ഡിലെ ഉയർന്ന പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയെത്തുടർന്ന് ഹിമപാത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബദരീനാഥ്, കേദാർനാഥ് തുടങ്ങിയ സ്ഥലങ്ങളിൽ ചൊവ്വാഴ്ച മുതൽ മഞ്ഞുവീഴ്ച തുടരുകയാണ്.
ALSO READ: മഹാരാഷ്ട്രയിൽ വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു
ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഡിഫൻസ് ജിയോ ഇൻഫോർമാറ്റിക്സ് റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റിന്റെ (DGRE) പ്രവചനമനുസരിച്ച്, ജനുവരി 28 വൈകുന്നേരം വരെ വിവിധ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും ഹിമപാതവും തുടരാൻ സാധ്യതയുണ്ട്. മേഖലയിൽ കനത്ത ജാഗ്രത നിർദേശം ആണ് നിലനിൽക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


