
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ചരിത്രനിമിഷം. സുനേത്ര പവാർ മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അകാലത്തിൽ വിട പറഞ്ഞ അജിത് പവാറിന്‍റെ പിൻഗാമിയായിട്ട് എൻസിപിയുടെ നേതൃത്വം തീരുമാനിച്ചതോടെയാണ് സുനേത്ര പവാർ ഭരണരംഗത്തേക്ക് കടന്നുവരുന്നത്. സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ് തന്നെ സുനേത്ര പവാറിനെ എൻസിപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. യോഗത്തിൽ നേതാക്കൾ ഏകകണ്ഠമായാണ് സുനേത്ര പവാറിന്‍റെ പേര് മുന്നോട്ട് വെച്ചത്.
അജിത് പവാർ കൈകാര്യം ചെയ്തിരുന്ന ധനകാര്യ, ആസൂത്രണ വകുപ്പുകൾ ഒഴികെയുള്ള മറ്റ് എല്ലാ വകുപ്പുകളും സുനേത്ര പവാറിന് കൈമാറും. വളരെ ലളിതമായ രീതിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഭരണപരമായ നടപടിക്രമങ്ങളിൽ മാത്രം ഒതുങ്ങിയ ചടങ്ങിൽ വിപുലമായ അലങ്കാരങ്ങളോ പ്രത്യേക ആഘോഷങ്ങളോ ഒഴിവാക്കിയിരുന്നു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, കാബിനറ്റ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, പൊലീസ് ഡയറക്ടർ ജനറൽ എന്നിവർക്കൊപ്പം തിരഞ്ഞെടുത്ത ഏതാനും കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അപ്രതീക്ഷിതമായി കൈവന്ന പുതിയ ചുമതലയിൽ വലിയ ഉത്തരവാദിത്വമാണ് സുനേത്ര പവാറിനെ കാത്തിരിക്കുന്നത്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഈ നീക്കം പുതിയ അധ്യായമാണ് തുറക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


