മോശമായി മുടി വെട്ടിയത് ആത്മവിശ്വാസം തകർത്തു; എട്ടു വർഷത്തെ നിയമപോരാട്ടം, 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി

HAIR CUT COMPENSATION

ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ സലൂണിൽ നടന്ന മോശം ഹെയർകട്ടിനെത്തുടർന്ന് യുവതിക്ക് സുപ്രീം കോടതി 25 ലക്ഷം രൂപ അനുവദിച്ചു. 5.2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആണ് യുവതി കോടതിയെ സമീപിച്ചത്. 2018 ഏപ്രിൽ 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ മുടി സലൂൺ ജീവനക്കാർ വളരെ ചെറുതായി മുറിച്ചുവെന്നും ഇത് തന്റെ ആത്മവിശ്വാസത്തെയും കരിയറിനെയും ബാധിച്ചുവെന്നും ആരോപിച്ചാണ് യുവതി നിയമപോരാട്ടം നടത്തിയത്.

ഐ.ഐ.എം കൊൽക്കത്തയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ തനിക്ക് മികച്ചൊരു കരിയർ മുന്നിലുണ്ടായിരുന്നുവെന്ന് യുവതി കോടതിയിൽ വാദിച്ചു. മോശം ഹെയർകട്ട് കാരണം ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാൽ 2018 ജൂണിൽ ജോലി രാജിവെക്കേണ്ടി വന്നുവെന്നും, ഇത് തന്റെ മോഡലിംഗ്, സിനിമ അവസരങ്ങളെയും ബാധിച്ചുവെന്നും അവർ അവകാശപ്പെട്ടു. ഉപഭോക്തൃ കമ്മീഷൻ നേരത്തെ ഇവർക്ക് 2 കോടി രൂപ നഷ്ടപരിഹാരം വിധിച്ചിരുന്നു. ഇതിനെതിരെ ഹോട്ടൽ അധികൃതർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

2026 ഫെബ്രുവരി 6-ന് പുറപ്പെടുവിച്ച വിധിയിൽ, നഷ്ടപരിഹാരത്തുക വെറും 25 ലക്ഷം രൂപയായി കോടതി പരിമിതപ്പെടുത്തി. കോടിക്കണക്കിന് രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെടുമ്പോൾ അത് തെളിയിക്കാൻ കൃത്യമായ രേഖകൾ വേണമെന്ന് ജസ്റ്റിസുമാർ നിരീക്ഷിച്ചു. യുവതി ഹാജരാക്കിയ രേഖകൾ ഫോട്ടോസ്റ്റാറ്റുകൾ മാത്രമായിരുന്നുവെന്നും അവയുടെ ആധികാരികത തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ALSO READ: മഹാരാഷ്ട്രയിൽ ട്രാൻസ്പോർട്ട് യൂണിയനുകൾ ഇന്ന് പണിമുടക്കും

യഥാർത്ഥത്തിൽ ഉണ്ടായ നഷ്ടം തെളിയിക്കുന്ന വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം നഷ്ടപരിഹാരം നിശ്ചയിക്കേണ്ടതെന്നും, അല്ലാതെ വെറും അനുമാനങ്ങളുടെയോ അവകാശവാദങ്ങളുടെയോ അടിസ്ഥാനത്തിലാകരുത് എന്നും കോടതി വ്യക്തമാക്കി. എട്ടു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസിൽ സുപ്രീം കോടതി അന്തിമ തീരുമാനം എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News