
ഒരേ ദിവസം ഇന്ത്യയിൽ സംഭവിച്ച രണ്ട് ഹൈക്കോടതി വിധികൾ. ഒന്ന് ഒരു പീഡന കേസിലെ പ്രതി ആസാറാം ബാപ്പുവിന്റെ ശിക്ഷ ആറുമാസത്തേക്ക് മരവിപ്പിച്ചു. രണ്ടാമത്തേത് ഒരു കേസ് പോലും ഇല്ലാതെ ഇന്ത്യയിലെ ബിജെപി ഭരണകൂടം തടവറിയിലടച്ച ഗവേഷകൻ ഉമര്‍ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനുള്ള തീയതി മാറ്റി.
ഒന്നാമത്തെ സംഭവത്തിലേക്ക് വരാം. ഇതിലെ പ്രതി 2013 ലെ വ്യത്യസ്ത ബലാത്സംഗ കേസുകളില്‍ രണ്ട് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുന്നയാൾ, ആസാറാം ബാപ്പു. ഇന്ത്യയിലെ ഒരു സ്വയംപ്രഖ്യാപിത ആൾദൈവം. പതിനാറു വയസ്സുള്ള ഒരു മൈനറായ പെൺകുട്ടിയെയും ഒരു ആശ്രമ ഭക്തയേയും പീഡനത്തിനിരയാക്കിയ കുറ്റത്തിനാണ് ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ച് വരുന്നത്. ഗുജറാത്ത് ഹൈക്കോടതിയാണ് ഇയാളുടെ ശിക്ഷ ഇപ്പോൾ ആറു മാസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. ജയിലിൽ മതിയായ ചികിത്സാ സൗകര്യങ്ങളുടെ അഭാവം ചുണ്ടിക്കാട്ടിയുള്ള ആസാറാം ബാപ്പുവിന്റെ അഭിഭാഷകന്റെ വാദം മുഖവിലയ്ക്കെടുത്താണ് ആറുമാസത്തേക്കുള്ള ഇയാളുടെ ശിക്ഷ മരവിപ്പിക്കൽ.
തീവ്രവാദബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വയോധികനായ സ്റ്റാൻ സ്വാമിക്ക് പൗരാവകാശം നിഷേധിച്ച അതേ ഭരണകൂടം തന്നെയാണ് ഒരു ആള്‍ ദൈവത്തിന് അതും ബാലപീഡനകേസിലെ പ്രതിക്ക് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അതേ ഇന്ത്യയില്‍ തന്നെയായിരുന്നു പാർക്കിൻസൺസ് രോഗം കാരണം കൈവിറയ്ക്കുന്നതുകൊണ്ട് ഗ്ലാസെടുത്ത് വെള്ളം കുടിക്കാൻ പറ്റാത്ത അവസ്ഥയിലുണ്ടായിരുന്ന സ്റ്റാൻ സ്വാമിക്ക് സിപ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതയിൽ ഹർജി നൽകേണ്ടി വന്നതും. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കുന്നതുവരെ പ്രതിയെ നിരപരാധിയായി കരുതണം എന്ന നീതിന്യായവ്യവസ്ഥയിലെ പൊതുതത്ത്വത്തിന് വേണ്ടി സ്റ്റാൻ സ്വാമിക്ക് തടവറയ്ക്കുള്ളില്‍ നിന്ന് പോരാടേണ്ടി വന്നു. എന്നാല്‍ ജാമ്യാപേക്ഷയിൽ വിധി വരുന്നതിന് മുമ്പ് തടവറക്കുള്ളിലെ സ്റ്റാൻ സ്വാമിക്ക് മരണമടയേണ്ടി വന്നു.
ആസാറാം ബാപ്പുവിന് ശിക്ഷ മരവിപ്പിച്ച അതേ ദിവസം തന്നെ മറ്റൊരു ഇരട്ട നീതിയും ഇന്ത്യയിലെ കോടതികളുടെ ഭാഗത്ത് നിന്നു സംഭവിച്ചു. 2019ൽ ദില്ലിയിൽ കേന്ദ്ര ഗവൺമെന്റിന്റെ നയങ്ങൾക്കെതിരെ സമരം ചെയ്ത ജെഎൻയുവിലെ ഗവേഷണ വിദ്യാർത്ഥിയായ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി. അഞ്ചുവർഷത്തിലേറെയായി തീഹാർ ജയിലിൽ തടവിലാണ് ഉമര്‍ ഖാലിദ്. ഈ അഞ്ചു കൊല്ലങ്ങൾക്കിടയിൽ ഒരു കുറ്റവും അദ്ദേഹത്തിനെതിരെ തെളിയിക്കാൻ പോലും പൊലീസിന് സാധിച്ചിട്ടുമില്ല. അതായത് ഒരു കള്ളക്കേസ് പോലും ഉമർഖാലിദിനു മുകളിൽ കെട്ടിവെയ്ക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. എന്നാലും ആ ഗവേഷക വിദ്യാർത്ഥി തടങ്കലിലാണ്.
ALSO READ: ‘വിദ്വേഷ രാഷ്ട്രീയം ബിഹാര്‍ തള്ളിക്കളയും; യുവാക്കള്‍ മാറ്റത്തിനായി വോട്ട് ചെയ്യും’: എം എ ബേബി
ഉമറിൻ്റെ ഗവേഷണ പ്രബന്ധത്തെക്കുറിച്ച് രാമചന്ദ്ര ഗുഹ ടെലഗ്രാഫ് പത്രത്തിൽ ഒരു ലേഘനം എഴുതിയിരുന്നു. ‘ഞാൻ വായിച്ചിട്ടുള്ളതിൽ വച്ച് ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ഡോക്ടറൽ പ്രബന്ധങ്ങളിൽ ഒന്നാണിത് എന്നാണ് ഉമർ ഖാലിദിന്റെ ഗവേഷണ പ്രബന്ധത്തെ പറ്റി രാമചന്ദ്ര ഗുഹ പറയുന്നത്. 2018-ൽ സമർപ്പിക്കപ്പെട്ട ഈ തീസിസ് ഒരു പുസ്തകമായി പുറത്തു വരേണ്ടതായിരുന്നു. അങ്ങനെ വരാത്തത് അതെഴുതിയ പണ്ഡിതൻ്റെ പേര് ഉമർ ഖാലിദ് എന്നായതുകൊണ്ടാണ് എന്നും ഗുഹ ലേഖനത്തിൽ പറയുന്നു. ക്രൂരരായ ഒരു ഭരണകൂടവും, മന്ദഗതിയിലുള്ള നീതിന്യായ വ്യവസ്ഥയും കഴിവുള്ള ചരിത്രകാരനെ അഞ്ച് വർഷത്തിലേറെയായി ജാമ്യം നൽകാതെ കുറ്റങ്ങൾ പോലും ചുമത്താതെ ജയിലിലടച്ചിരിക്കുകയാണ്. തന്റെ ലേഖനത്തിൽ തുടർന്ന് രാമചന്ദ്ര ഗുഹ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ് എനിക്കിങ്ങനെ എഴുതാനും ഗവേഷണം നടത്താനും കഴിയുന്നത് എൻ്റെ സ്വന്തം പേര് രാമചന്ദ്ര എന്നതായതുകൊണ്ടാണ്, ഉമർ എന്നല്ലാത്തതുകൊണ്ടാണ്.
ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അന്തസ്സിനും ഭരണഘടനയുടെ മൂല്യത്തിനും നീതിന്യായ വ്യവസ്ഥയുടെ ധാർമ്മികതയ്ക്കും തീരാ കളങ്കമേൽപ്പിച്ചുകൊണ്ട് ഉമറിനെ പോലെ മറ്റു പലരും അനന്തമായി ജയിലിൽ കഴിയേണ്ടി വരുന്നുണ്ട്. നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യം നൽകാനുള്ള മാന്യതയും ധൈര്യവും നിലവിലത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തില്‍ ജഡ്ജിമാർ കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നാൽ സമകാലിക ഇന്ത്യയിൽ സംഭവിക്കുന്നതോ അതിന് വിപരീതമായ കാര്യങ്ങളും.
വീഡിയോ കാണാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

