
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ വിഹിതത്തിലുള്ള ആശങ്കാജനകമായ കുറവും പദ്ധതിയുടെ നടപ്പാക്കൽ ദുർബലമാകുന്നതും ആശങ്കയുളവാക്കുന്നതാണെന്ന് വി ശിവദാസൻ എം പി. പണപ്പെരുപ്പവും ഗ്രാമീണ ദുരിതവും വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും സമീപ വർഷങ്ങളിൽ തൊഴിലുറപ്പ് വിഹിതം വൻതോതിൽ കുറഞ്ഞുവെന്ന് ഗ്രാമവികസന സഹമന്ത്രി കമലേഷ് പാസ്വാൻ നൽകിയ മറുപടിയിൽ വ്യക്തമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തൊഴിലുറപ്പ് ഫണ്ടുകളുടെ അന്തിമ റിലീസ് തുക കുത്തനെ കുറഞ്ഞുവെന്ന് സർക്കാർ ഡാറ്റ വെളിപ്പെടുത്തുന്നു. 2020–21 ൽ അവസാനം റിലീസ് ചെയ്ത തുക , 1,11,171 കോടിയായിരുന്നു. ഇത് 2021–22ൽ 98,468 കോടിയായും, 2022–23ൽ 90,810 കോടിയായും, 2023–24ൽ 89,268 കോടിയായും, 2024–25ൽ 85,839 കോടിയായും കുറഞ്ഞു. 2020–21 ൽ നിന്നും ഏകദേശം 25,000 കോടിയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തുടനീളം ഇന്ധനവില, ഭക്ഷ്യവസ്തുക്കളുടെ വില, അവശ്യ ജീവിതച്ചെലവ് എന്നിവ വർദ്ധിച്ച സമയത്ത്, തൊഴിലുറപ്പ് വിഹിതത്തിലെ ഈ കുറവ് ഗ്രാമീണ കുടുംബങ്ങളുടെ ജീവിതനിലവാരം തകർക്കുന്നതാണ്.
ഇതേ കാലയളവിൽ എംജിഎൻആർഇജിഎ പ്രകാരം ജോലി തേടുന്ന കുടുംബങ്ങളുടെ എണ്ണവും എല്ലാ വർഷവും കുറഞ്ഞു. 2020–21ൽ 853.92 ലക്ഷം കുടുംബങ്ങൾ ജോലി ആവശ്യപ്പെട്ടു. ഇത് 2021–22ൽ 805.13 ലക്ഷമായും, 2022–23ൽ 690.34 ലക്ഷമായും, 2023–24ൽ 651.61 ലക്ഷമായും, 2024–25ൽ 632.66 ലക്ഷമായും കുറഞ്ഞു. 220 ലക്ഷത്തിലധികം കുടുംബങ്ങളുടെ കുറവ് സൂചിപ്പിക്കുന്നത് ഫണ്ടിന്റെ അഭാവവും, വേതന വിതരണത്തിലെ കാലതാമസവും, ഗ്രാമതലത്തിൽ അനുവദിക്കുന്ന ജോലികളുടെ കുറവും കാരണം പരിപാടി പരിമിതപ്പെടുത്തുകയാണെന്നാണെന്ന് അദ്ദേഹം പറഞ്ഞു.
കുറഞ്ഞ വിഹിതത്തിന് പുറമേ, സംസ്ഥാനങ്ങൾക്ക് 9,200 കോടിയിലധികം രൂപ കുടിശ്ശികയുണ്ട്. 2025 ഡിസംബർ 5ലെ കണക്കനുസരിച്ച്, മെറ്റീരിയൽ ഘടകം 7,863.37 കോടി രൂപയും വേതന ഘടകം 1,340.07 കോടി രൂപയുമായി ആകെ കുടിശ്ശിക 9,203.44 കോടി രൂപയാണ്. ഫണ്ട് കൊടുക്കാനുള്ള കാലതാമസം വേതനത്തിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെ നേരിട്ട് ബാധിക്കുന്നതാണ്.
കേരളത്തിനും വലിയ തുക കേന്ദ്രം കുടിശിക ആക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് 187.82 കോടി രൂപയുടെ സാധനസാമഗ്രികളും 339.87 കോടി രൂപയുടെ വേതനവും നൽകാനുണ്ട്. ആകെ കുടിശ്ശിക 527.69 കോടി രൂപയാണ്. ഈ കാലതാമസം തൊഴിലാളികൾക്ക് യഥാസമയം വേതന വിതരണം തടസ്സപ്പെടുത്തുകയും എംജിഎൻആർഇജിഎ പദ്ധതികളുടെ പുരോഗതിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്ന് എം പി പറഞ്ഞു.
ഗ്രാമീണ കുടുംബങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതി ഒരു ജീവനാഡിയാണെന്നും ഉയർന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയും നിലനിൽക്കുന്ന ഒരു കാലഘട്ടത്തിൽ ഇത് ദുർബലപ്പെടുത്തുന്നത് ദശലക്ഷക്കണക്കിന് മനുഷ്യരെയാണ് ബാധിക്കുന്നത് . വിഹിതത്തിലെ കുത്തനെയുള്ള ഇടിവും കുടിശ്ശികയും പദ്ധതിയെ കൊലയ്ക്കു കൊടുക്കുകയാണ്. തൊഴിലുറപ്പ് പദ്ധതി വിഹിതം വർധിപ്പിക്കാനും കുടിശ്ശികകൾ കൊടുത്തു തീർക്കാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് വി ശിവദാസൻ എം പി ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

