
ദൃശ്യ ദാമോദരൻ
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല, കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വികസിത് ഭാരത് ഗ്യാരണ്ടീ ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ ബിൽ അഥവാ വിബി ജി റാം ജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നു. രാജ്യത്താകമാനം വ്യാപകമായി പ്രതിഷേധം അലയടിക്കുമ്പോഴാണ് പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ പാസാക്കിയ ബില്‍ നിയമമായത്.
മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കുന്നതിലും ബില്ലിലെ വിവിധ വ്യവസ്ഥകളിലും വലിയ വിമര്‍ശനമാണ് പ്രതിപക്ഷം ഉയർത്തിയത്. പാർലമെന്റിന് പിന്നാലെ രാജ്യത്തെ ഗ്രാമങ്ങളിലും ജനങ്ങളുടെ രോഷം അണപൊട്ടി. എന്നാൽ അവയൊന്നും ബിജെപി സർക്കാർ മുഖവിലയ്ക്കെടുത്തില്ല.
125 തൊഴില്‍ ദിനങ്ങളാണ് പുതിയ തൊഴിലുറപ്പ് പദ്ധതിയിലുണ്ടാവുക. ചെലവിന്‍റെ 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരും വഹിക്കണം. പുതിയ ബില്ലിലൂടെ പഞ്ചായത്തുകള്‍, ഗ്രാമസഭകള്‍ ഉള്‍പ്പെടെയുള്ളവയുടെ അധികാരങ്ങള്‍ കുറയും. കൂടുതല്‍ നിയന്ത്രണങ്ങള്‍ കേന്ദ്രത്തിന് വരും. പദ്ധതിയുടെ നിയന്ത്രണം ഏറ്റെടുക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.
ALSO READ: സത്യപ്രതിജ്ഞാ ചടങ്ങിലെ RSS ഗണഗീതം ഒരു തുടക്കം മാത്രം; വർഗീയവാദികൾ തച്ചുടക്കുന്ന ജനാധിപത്യം
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മുഖച്ഛായ തന്നെ മോദി സർക്കാർ മാറ്റി. ഗ്രാമീണരെയും തൊഴിലാളികളെയും കർഷകത്തൊഴിലാളികളെയുമാണ് ഇൗ ബില്ലിലൂടെ കേന്ദ്ര സർക്കാർ വഞ്ചിച്ചിരിക്കുന്നത്. 1948ൽ മഹാത്മാഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ടകൾ പായിച്ചവർ ഇന്ന് അദ്ദേഹത്തിന്റെ പേരിനെയും മായ്ച്ചുകളയാനുള്ള തീവ്രശ്രമത്തിലാണ്.
അതിസമ്പന്നരുടെ വരുമാനം കൂടുതർ ഉയർത്താൻ കഷ്ടപ്പെടുന്ന മോദിക്കും ബിജെപി സർക്കാരിനും സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതം ഒരു വിഷയമല്ലാതിരിക്കാം. ഗ്രാമീണ ഇന്ത്യയുടെ ജീവനാഡിയാണ് തൊഴിലുറപ്പ് പദ്ധതി, അത് അട്ടിമറിക്കാനുള്ള നീക്കം രാജ്യത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നതിന് തുല്യമാണ്. രാജ്യത്തിന്റെ ആണവോർജ മേഖല വിദേശ, ആഭ്യന്തര കോർപറേറ്റുകൾക്ക് തീറെഴുതുന്ന ‘ശാന്തി’ ബില്ലും ഇൻഷുറൻസ് മേഖലയിൽ നൂറുശതമാനം വിദേശനിക്ഷേപം അനുവദിക്കുന്ന ബില്ലും ഇതിന്റെ ഇടയിലൂടെ കേന്ദ്രം പാസാക്കിയെടുത്തിട്ടുണ്ട്. ബിജെപി ഭരണം രാജ്യത്തെ ശിഥിലമാക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് തൊഴിലുറപ്പ് പദ്ധതിയെ തകർത്തുകൊണ്ടുള്ള നീക്കം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

