
വാഹങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്ന് ഇടിച്ചു തകരുന്ന രംഗങ്ങൾ സിനിമയിൽ മാത്രം കണ്ട് ശീലമുള്ളവരാകും നമ്മൾ. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സമാനരംഗങ്ങൾ ഹരിയാനയിൽ നിന്നുള്ളതാണ്. ഞായറാഴ്ച പുലർച്ചെയാണ് കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ബസുകളും ട്രക്കുകളും കാറുകളുമടക്കം ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് തകർന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത മൂടൽമഞ്ഞ് വലിയ ഗതാഗതക്കുരുക്കൾക്കും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
ഹിസാറിൽ ദേശീയപാത 52 ലാണ് വാഹനങ്ങൾ ഒന്നിന് മേൽ ഒന്നായി ഇടിച്ചുകയറിയത്. രാവിലെ എട്ട് മണിക്ക് ഒരു ബസ് മറ്റൊരു ട്രാക്കിലേക്ക് ഇടിച്ചു കയറിയതാണ് അപകടങ്ങളുടെ തുടക്കം. തൊട്ടുമുന്നിൽ നടക്കുന്നത് എന്തെന്ന് അറിയാതെ പിന്നാലെ വന്ന മറ്റൊരു ബസും ഇതിലേക്ക് ഇടിച്ചു കയറി. തുടർന്ന് ഒരു കാറും അതിന് പിന്നാലെ ഒരു ബൈക്കും കൂടി പിന്നിൽ വന്ന് ഇടിച്ചു.
അപകടത്തിൽ ബൈക്ക് യാത്രികന് ഒഴികെ മറ്റാർക്കും പരുക്കില്ല. ഇയാൾ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാത 352 ലെ റെവാരിയിലും മഞ്ഞിൽ കാഴ്ച പരിധി കുറഞ്ഞതോടെ വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇവിടെ നാലോളം ബസുകളാണ് ഒന്നിന് പിന്നിൽ ഒന്നായി ഇടിച്ചു കയറിയത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹരിയാനയിൽ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. മിക്ക ജില്ലകളിലും താപനില 4-6 ഡിഗ്രി സെൽഷ്യസായി താഴ്ന്നിട്ടുണ്ട്. സംസ്ഥാനത്ത് കാലാവസ്ഥാ വകുപ്പ് ശീതക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂടൽമഞ്ഞ് ബാധിച്ച പ്രദേശങ്ങളിലൂടെ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കാനും, താഴ്ന്ന ബീം ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കാനും, സുരക്ഷിതമായ അകലം പാലിക്കാനും യാത്രക്കാരോട് നിർദ്ദേശം നൽകിയിട്ടുണ്ട്.
Buses, Cars, Damaged In Vehicle Pile-Ups in Haryana Amid Dense Fog pic.twitter.com/KltTDyrDqe
— NDTV (@ndtv) December 14, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

