
ഇന്ത്യയിൽ വ്യക്തി സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കും മുകളിൽ ജീർണിച്ച പരമ്പരാഗത കീഴ്വഴക്കങ്ങൾ അടിച്ചേൽപ്പിക്കുന്നത് ആദ്യത്തെ സംഭവമല്ല. എന്നാൽ, മധ്യപ്രദേശിലെ ഒരു ഗ്രാമത്തിൽ ഭരണഘടന മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങളെ പരസ്യ പ്രഖ്യാപനത്തിലൂടെ അപ്രസക്തമാക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
മധ്യപ്രദേശിലെ രത്‌ലം ജില്ലയിലുള്ള പഞ്ച്‌വ ഗ്രാമത്തിലാണ് യുവാക്കളും യുവതികളും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചാൽ അവരുടെ കുടുംബങ്ങളെ സാമൂഹികമായി ബഹിഷ്കരിക്കാൻ തീരുമാനമെടുത്തത്. പരസ്യമായി പ്രഖ്യാപിച്ച ഈ ഉത്തരവ് പ്രകാരം, മക്കൾ ഒളിച്ചോടുകയോ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുകയോ ചെയ്താൽ അവർ വരുന്ന കുടുംബങ്ങളെ ഗ്രാമത്തിൽ ഒറ്റപ്പെടുത്തുകയും വിലക്കേർപ്പെടുത്തുകയും ചെയ്യും.
സാമ്പത്തികവും സാമൂഹികവുമായ വിലക്കിനൊപ്പം തൊഴിൽ നിഷേധവും ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു. ഇവരെ സഹായിക്കുന്നവരെ പോലും വെറുതെ വിടാത്ത തരത്തിലുള്ള ശിക്ഷാ രീതികളാണ് ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ബഹിഷ്കരിക്കപ്പെട്ട കുടുംബങ്ങളെ സാമൂഹിക ചടങ്ങുകളിൽ നിന്ന് ഒഴിവാക്കുന്നതിന് പുറമേ, നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനും വിലക്കേർപ്പെടുത്തും.
അത്തരം കുടുംബങ്ങളിലുള്ളവരെ ജോലിക്ക് വിളിക്കാനോ അവർക്ക് വേണ്ടി തൊഴിലെടുക്കാനോ പാടില്ല. ഇവർക്ക് ഭൂമി പാട്ടത്തിന് നൽകുന്നതിനും വിലക്കുണ്ട്. ദമ്പതികൾക്ക് അഭയം നൽകുന്നവരോ ബഹിഷ്കരിക്കപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നവരോ ആയ ഗ്രാമവാസികൾക്കും സമാനമായ സാമൂഹിക ബഹിഷ്കരണങ്ങൾ നേരിടേണ്ടി വരുമെന്നും ഉത്തരവിലുണ്ട്.
ഈ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വിഷയത്തിൽ പ്രാദേശിക ഭരണകൂടം ഇടപെട്ടിട്ടുണ്ട്. ഇത്തരം ബഹിഷ്കരണങ്ങൾ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഗ്രാമവാസികൾക്ക് മുന്നറിയിപ്പ് നൽകിയതായും, ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ നിയമപ്രകാരം നടപടിയെടുക്കുമെന്നും എസ്ഡിഒപി സന്ദീപ് മാളവ്യ വ്യക്തമാക്കി.
നിയമപ്രകാരം 18 വയസ്സ് തികഞ്ഞ യുവതിക്കും 21 വയസ്സുള്ള യുവാവിനും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാൻ അവകാശമുണ്ട്. ഇത്തരം പഞ്ചായത്ത് മാതൃകയിലുള്ള ഉത്തരവുകൾ നിയമവിരുദ്ധമാണെന്നും ദമ്പതികൾക്ക് സംരക്ഷണം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

