
സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ ഇന്ത്യൻ വോട്ടർമാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതൊന്നുമല്ല. വോട്ട് ചെയ്യാൻ ജനിച്ച മണ്ണിൽ പൗരനാണെന്ന് തെളിയിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇന്ത്യൻ ജനതയ്ക്കിപ്പോളുള്ളത്. തിരഞ്ഞെടുപ്പ് പട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികളുടെ ഭാഗമായി മുൻ വിദേശകാര്യ സെക്രട്ടറി കൃഷ്ണൻ ശ്രീനിവാസന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തിപരമായി ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. വിരമിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥനായ കൃഷ്ണൻ ശ്രീനിവാസനും ഭാര്യ ബ്രിന്ദാ ശ്രീനിവാസനും കൊൽക്കത്തയിലെ ഹസ്രയിലെ നഫർ കുണ്ടു റോഡിലുള്ള വസതിയിലാണ് നോട്ടീസ് ലഭിച്ചത്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതിനിധീകരിക്കുന്ന ഭവാനിപൂർ നിയമസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷൻ ഓഫീസറുടെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരി 19ന് അലിപ്പൂർ സർവേ ബിൽഡിങ്ങിൽ നടക്കുന്ന ഹിയറിംഗിൽ ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം. “മുൻപ് നടന്ന SIR സമയത്ത് തയ്യാറാക്കിയ തിരഞ്ഞെടുപ്പ് പട്ടികയിൽ നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ ബന്ധുക്കൾ രജിസ്റ്റർ ചെയ്ത വോട്ടർമാരാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ നിങ്ങൾ നൽകിയിട്ടില്ല എന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഇതിന് മുൻപ് നോബൽ ജേതാവായ സാമ്പത്തിക വിദഗ്ധൻ അമർത്യ സെൻ, മുൻ നാവികസേന മേധാവി അഡ്മിറൽ അരുണ്‍ പ്രകാശ് എന്നിവർക്കും സമാന രീതിയിൽ നോട്ടീസുകൾ നൽകിയിരുന്നു.
ജനുവരി 26 വരെ ബ്രിന്ദാ ശ്രീനിവാസൻ നഗരത്തിന് പുറത്തായതിനാൽ കൃഷ്ണൻ ശ്രീനിവാസൻ ഹിയറിംഗ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടതിനാൾ ജനുവരി 27 ലേക്ക് തീയതി മാറ്റി നൽകി. പ്രായം കണക്കിലെടുത്ത് വീട്ടിൽ തന്നെ ഹിയറിംഗ് നടത്താൻ അവസരം ഉണ്ടെങ്കിലും നേരിട്ട് ഹാജരാകുമെന്ന് അദ്ദേഹം ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. 2002-ൽ ഇരുവരും ഇന്ത്യയിൽ ഉണ്ടായിരുന്നില്ല, അന്ന് ലണ്ടനിലെ കോമൺവെൽത്ത് സെക്രട്ടേറിയറ്റിൽ സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി ആയി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ചുമതലയിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


