നോര്‍ഡ് സ്ട്രീം വാതകക്കുഴലിന്റെ തകര്‍ച്ചയില്‍ നാറ്റോ പക്ഷം പ്രതിരോധത്തില്‍

നോര്‍ഡ് സ്ട്രീം വാതകക്കുഴലിന്റെ തകര്‍ച്ചയില്‍ നാറ്റോ പക്ഷം പ്രതിരോധത്തില്‍. നോര്‍ഡ് സ്ട്രീം പൈപ്പ്‌ലൈനും നിപ്രോയിലെ കഖോവ്ക്ക ഡാമും തകര്‍ത്തത് യുക്രെയ്ന്‍ സൈന്യമെന്ന സംശയം ബലപ്പെടുന്നു. റഷ്യക്ക് മേല്‍ യുദ്ധക്കുറ്റം ചുമത്താന്‍ യുക്രെയിനും നാറ്റോ സഖ്യവും നടത്തിയ നീക്കങ്ങള്‍ക്ക് വെള്ളപ്പൊക്കത്തിന്റെയും വൈദ്യുതി പ്രതിസന്ധിയുടെയും രൂപത്തിലാണ് തിരിച്ചടി.

റഷ്യയും യൂറോപ്പും ബന്ധിക്കുന്ന നോര്‍ഡ് സ്ട്രീം വാതകക്കുഴലിന്റെ തകര്‍ച്ചയില്‍ കലങ്ങിമറിയുകയാണ് യൂറോപ്യന്‍ രാഷ്ട്രീയം. റഷ്യയില്‍ നിന്ന് ജര്‍മനിയിലേക്ക് നീളുന്ന പൈപ്പ്‌ലൈന്‍ തകര്‍ത്തത് റഷ്യന്‍ സൈന്യമാണെന്നായിരുന്നു അമേരിക്കന്‍ സഖ്യകക്ഷികളുടെ വാദം. വാതകക്കുഴല്‍ തകര്‍ത്തു എന്നാരോപിച്ച് പോലും റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കുകയായിരുന്നു നാറ്റോ. എന്നാല്‍, പൈപ്പ്‌ലൈന്‍ തകര്‍ത്തത് യുക്രെയിന്‍ സൈന്യമാണെന്ന സംശയം ബലപ്പെടുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വാതകക്കുഴല്‍ തകര്‍ക്കുന്നതിന് മുമ്പേ സാധ്യതകള്‍ തിരിച്ചറിഞ്ഞ് അമേരിക്കന്‍ സിഐഎക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു ഡച്ച് ഇന്റലിജന്‍സ് ഏജന്‍സി. യുക്രെയിന്‍ സൈന്യത്തോട് പൈപ്പ്‌ലൈന്‍ തകര്‍ക്കരുതെന്ന് അമേരിക്കയും ആവശ്യപ്പെട്ടിരുന്നു. അതിനുശേഷമായിരുന്നു യുക്രെയിന്‍ സൈനിക സാന്നിധ്യമടക്കം കണ്ടെത്തിയ സമയത്ത് നടന്ന പൈപ്പ്‌ലൈന്‍ തകര്‍ക്കല്‍. നോര്‍ഡ്‌സ്ട്രീം വാതകക്കുഴല്‍ തകര്‍ച്ചയും റഷ്യക്കെതിരായ ഉപരോധവും തിരിച്ചടിയായത് പടിഞ്ഞാറന്‍ യൂറോപ്പിനായിരുന്നു. എന്നിട്ടും കൂടുതല്‍ വിവരങ്ങളും പ്രതികരണങ്ങളും പുറത്ത് വരാത്തത് അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് വിലയിരുത്തല്‍. നാറ്റോയുടെ ആയുധപ്പന്തിയിലെ അഭിപ്രായ അനൈക്യം സ്വന്തം വിലക്കുകള്‍ മറികടന്ന് പുറത്ത് വരുമെന്ന ആശങ്ക അമേരിക്കക്കുമുണ്ട്.

Also Read: രാജ്യസുരക്ഷാ കേസില്‍ അറസ്റ്റിലായ ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്

ക്രീമിയയിലേക്ക് ജലം എത്തിക്കുന്ന നിപ്രോ നദിയിലെ കഖോവ്ക്ക ഡാമും ഇതുപോലെ യുക്രെയിന്‍ സൈന്യം തകര്‍ത്തതാണെന്നാണ് ബലപ്പെടുന്ന സൂചനകള്‍. ഡാം തകരുന്നതിനു മുന്‍പേ പ്രദേശത്ത് കണ്ടെത്തിയ യുക്രെയിന്‍ സൈനിക സാന്നിധ്യവും സംശയങ്ങള്‍ക്ക് കടുപ്പം കൂട്ടുന്നുണ്ട്. ഇത് സംബന്ധിച്ച് യുക്രെയിനെതിരായ ആരോപണം കടുപ്പിക്കുകയാണ് റഷ്യ. അതേസമയം, റഷ്യക്ക് മേല്‍ യുദ്ധക്കുറ്റം ചുമത്താന്‍ യുക്രെയിനും നാറ്റോ സഖ്യവും നടത്തിയ ഗൂഢനീക്കങ്ങള്‍ക്ക് വെള്ളപ്പൊക്കത്തിന്റെയും വൈദ്യുതി പ്രതിസന്ധിയുടെയും രൂപത്തില്‍ തിരിച്ചടി കിട്ടുന്നതിന്റെ ആശങ്കയിലാണ് യുക്രെയിന്‍ ജനത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here