ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കി പരിഹരിക്കുന്ന വേദിയായി നവകേരള സദസ് മാറുന്നു: മുഖ്യമന്ത്രി

പാലക്കാട് ജില്ലയില്‍ ഷൊര്‍ണൂര്‍ കുളപ്പുള്ളിയില്‍ ചേര്‍ന്ന പ്രഭാതയോഗത്തോടെയാണ് നവകേരള സദസ്സിനു തുടക്കമായത്. കവികളും കലാകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഭിഷഗ്വരന്മാരും സാമുദായിക നേതാക്കളും തൊഴിലാളികളും അടക്കം ജീവിതത്തിന്റെ സമസ്ത മേഖലയില്‍നിന്നുമുള്ള സാന്നിധ്യം പ്രഭാതയോഗത്തിലുണ്ടായി.

ഭാരതപ്പുഴയുടെയും കൈവഴികളുടെയും തീരം കേന്ദ്രീകരിച്ച് പാവക്കൂത്ത്, കണ്യാര്‍കളി, പൂതന്‍തിറ തുടങ്ങി നിരവധി കലാരൂപങ്ങളുണ്ടെന്നും ഇവയെ ടൂറിസവുമായി ബന്ധിപ്പിച്ച് ഷൊര്‍ണൂരില്‍ കലാഗ്രാമം ആരംഭിക്കണമെന്നുമാണ് തോല്‍പ്പാവക്കൂത്ത് കലാകാരനായ പത്മശ്രീ രാമചന്ദ്ര പുലവര്‍ ആവശ്യമുന്നയിച്ചത്. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, റവ. ഷിനു എബ്രഹാം, കേരള മുസ്ലിം ജമാഅത്ത് പ്രതിനിധി സിദ്ദിഖ് സഖാഫി, ഡോ. ഹിമ, ആര്‍ക്കിടെക്ട് പി മാനസി, ഡോ. രവീന്ദ്രന്‍ തുടങ്ങിയവര്‍ അണിനിരന്ന വേദിയില്‍ ക്രിയാത്മകമായ അനേകം നിര്‍ദേശങ്ങളാണുയര്‍ന്നത്. സാംസ്‌കാരികരംഗത്ത് കഴിഞ്ഞ ഏഴു വര്‍ഷംകൊണ്ട് വലിയ ഉണര്‍വാണ് സൃഷ്ടിക്കാനായത്.

71.54 കോടി രൂപ ചെലവിട്ട് വിവിധ സാംസ്‌കാരിക നിലയങ്ങളാണ് നിര്‍മിച്ചത്. പെരിങ്ങോട്ടുകുറിശിയില്‍ കവി ഒളപ്പമണ്ണ സ്മാരകം, എം ഡി രാമനാഥന്‍ സ്മാരക ഹാള്‍, കെ പി കേശവമേനോന്‍ ഓഡിറ്റോറിയം എന്നിവ പൂര്‍ത്തിയായി. സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ സ്മരണാര്‍ഥം കേരളശേരിയില്‍ സാംസ്‌കാരികനിലയം പൂര്‍ത്തിയായി. 26 ലക്ഷം രൂപ ചെലവിട്ട് ആദ്യഘട്ടത്തില്‍ 1200 ചതുരശ്ര അടിയില്‍ താഴത്തെ നിലയുടെ നിര്‍മാണം പൂര്‍ത്തിയായി. ഒടുവില്‍ ഫൗണ്ടേഷന്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്ന സ്മാരകം പ്രദേശവാസികളുടെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിനും തായമ്പക, നാടകം, ഭരതനാട്യം തുടങ്ങിയ കലകള്‍ പരിശീലിപ്പിക്കുന്നതിനുമായി ഉപയോഗിക്കുന്നു. വി ടി ഭട്ടതിരിപ്പാട് സാംസ്‌കാരിക നിലയത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുന്നു. പുളിയപറ്റ സ്വദേശിനിയും ആര്‍ക്കിടെക്ടുമായ പി മാനസി സംസ്ഥാനത്ത് പ്രകൃതിസൗഹൃദ നിര്‍മാണ സമീപനം സ്വീകരിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. നിര്‍മാണങ്ങള്‍ പ്രകൃതിസൗഹൃദമാക്കാനുള്ള ശ്രമങ്ങള്‍ നല്ല നിലയില്‍ ഉണ്ടാകുന്നുണ്ട്.

ALSO READ: എത്ര പഴുതടച്ചു കുറ്റം ചെയ്താലും പൊലീസ് കണ്ടെത്തിയിരിക്കും: കേരള പോലീസിനെ പ്രകീർത്തിച്ച് മന്ത്രി സജി ചെറിയാൻ

അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. പാലക്കാട് ജില്ലയില്‍ ലൈഫ് മിഷന്‍ വഴി 40,965 വീടാണ് ഇതുവരെ പൂര്‍ത്തിയായത്. 11,848 വീടിന്റെ നിര്‍മാണം പുരോഗമിക്കുന്നു. അതിദാരിദ്ര്യം അനുഭവിക്കുന്ന 6443 കുടുംബം ജില്ലയില്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇതില്‍ സര്‍ക്കാര്‍ നടപടികളിലൂടെ അതിദാരിദ്ര്യത്തില്‍നിന്ന് മോചിതരായവര്‍ 2920 കുടുംബം (45.32 ശതമാനം). ഭക്ഷണം ആവശ്യമുള്ള 2164 കുടുംബത്തില്‍ 2158നും ഭക്ഷണമെത്തിക്കുന്നു. ആരോഗ്യബുദ്ധിമുട്ടുകളുള്ള 3336 കുടുംബത്തില്‍ 3320നും മരുന്നും ആരോഗ്യസംരക്ഷണവും ഉറപ്പാക്കി. വീട് ആവശ്യമുള്ള 2868 അതിദരിദ്ര കുടുംബങ്ങളില്‍ 238 പേരുടെ വീട് നിര്‍മാണം പൂര്‍ത്തിയാക്കി. വരുമാനവും വീടും ഉറപ്പാക്കാനുള്ള ദീര്‍ഘകാല പദ്ധതികള്‍ തുടരും. ഭക്ഷണവും ആരോഗ്യസുരക്ഷയും എല്ലാവരിലുമെത്തിക്കും, തുടര്‍ന്നും ഉറപ്പാക്കും. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ ചില ഉദാഹരണങ്ങള്‍ മാത്രമാണിത്.

സംസ്ഥാനത്തെ പാലുല്‍പ്പാദനത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന ജില്ലയാണ് പാലക്കാട്. പ്രതിദിനം ശരാശരി 3,05,899 ലിറ്റര്‍ പാല്‍ സഹകരണ സംഘങ്ങളിലൂടെ സംഭരിക്കുന്നു. ക്ഷീരവികസന വകുപ്പ് മുഖേന മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതി, തീറ്റപ്പുല്‍ കൃഷി വികസന പദ്ധതി, കാലിത്തീറ്റ സബ്സിഡി പദ്ധതി, ക്ഷീര സംഘങ്ങള്‍ക്കുള്ള ധനസഹായ പദ്ധതി, ക്ഷീരസംഘങ്ങള്‍ക്കുള്ള ആസ്തി വികസന പദ്ധതി തുടങ്ങിയ പദ്ധതികള്‍ക്കായി 46.82 കോടിയും ത്രിതല പഞ്ചായത്ത് മുഖേന പദ്ധതി നിര്‍വഹണത്തിനായി കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ 41.39 കോടിയും വിനിയോഗിച്ചിട്ടുണ്ട്. 331 ക്ഷീരസംഘം ജില്ലയിലുണ്ട്. ഇതില്‍ 312 ആനന്ദ് മാതൃക സംഘവും 19 പരമ്പരാഗത സംഘവും ഉള്‍പ്പെടുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ 1199.48 ലക്ഷത്തിന്റെ ആധുനിക സൗകര്യങ്ങള്‍ ക്ഷീരസംഘങ്ങള്‍ക്ക് നല്‍കി. ക്ഷീര കര്‍ഷകര്‍ക്കായി തീറ്റപ്പുല്‍ കൃഷി വികസന പദ്ധതി, കാലിത്തീറ്റ സബ്സിഡി പദ്ധതി, മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതി തുടങ്ങിയവ നടപ്പാക്കി വരുന്നുണ്ട്. 2022–23 സാമ്പത്തിക വര്‍ഷം അതിദരിദ്രര്‍ക്കുള്ള പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ അതീവ ദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ട 15 പേര്‍ക്ക് ഒരു കറവ പശുവിനെ വാങ്ങുന്നതിന് 90 ശതമാനം സബ്സിഡിയില്‍ 95,400 രൂപ വീതം 14,01,750 രൂപ ചെലവഴിച്ചു.

ALSO READ: അംബേദ്ക്കര്‍ പ്രതിമ ഗംഗാജലം ഒഴിച്ച് ശുദ്ധീകരിച്ച് ബിജെപി; പ്രതിഷേധം ശക്തം

മറ്റു മേഖലകളിലും വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. 17,845 പട്ടയമാണ് ജില്ലയില്‍ വിതരണം ചെയ്തത്. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന റവന്യു വകുപ്പിന്റെ കര്‍മപദ്ധതിയായ പട്ടയ മിഷന്റെ ഭാഗമായാണ് പട്ടയമേള നടന്നത്.പ്രഭാതയോഗത്തില്‍ നേരിട്ടും അല്ലാതെയും വന്ന അഭിപ്രായങ്ങള്‍ക്ക് ചുരുക്കി മറുപടി നല്‍കി. ആയുര്‍വേദ മേഖലയില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും പാഠ്യപദ്ധതിയില്‍ കുട്ടികളില്‍ ആയുര്‍വേദ താല്‍പ്പര്യം ഉണര്‍ത്തുന്ന ഉള്ളടക്കം വേണമെന്നും ഡോ. രവീന്ദ്രന്‍ ആവശ്യപ്പെട്ടു. ആയുര്‍വേദത്തിന്റെ വിവിധ സാധ്യതകള്‍ ഉപയുക്തമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്.

ALSO READ: ഇഡി ഓഫീസ് റെയ്ഡ് ചെയ്യാന്‍ തമിഴ്‌നാട് പൊലീസ്; ഇഡി ഉദ്യോഗസ്ഥന്‍ പിടിയില്‍

വലിയ ബഹുജന പങ്കാളിത്തത്തോടെയുള്ള ചര്‍ച്ചകളും സംവാദങ്ങളും നടത്തിയാണ് പ്രകടനപത്രിക ഉണ്ടാക്കുന്നത്. അതിലെ കാര്യങ്ങള്‍ നടപ്പാക്കുന്നതിനൊപ്പം പുതിയ ലക്ഷ്യങ്ങളും പ്രശ്‌നങ്ങളും ജനങ്ങളില്‍നിന്ന് നേരിട്ട് മനസ്സിലാക്കി തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനുള്ള വേദിയായാണ് നവകേരള സദസ്സ് മാറുന്നത്.

(നവകേരള സദസിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍, ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചത്.)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here