നവീന്‍ പട്‌നായ്ക്കിന് പിന്‍ഗാമി തമിഴ്‌നാട്ടില്‍ നിന്നോ..?? ഒഡീഷയില്‍ ട്വിസ്റ്റ്

ഒഡീഷയില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ പിന്‍ഗാമി തമിഴ്‌നാട്ടുകാരനെന്ന അഭ്യൂഹം ശക്തമാകുന്നു. മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും ബന്ധവുമുള്ള വി.കെ പാണ്ഡ്യന്റെ പേരാണ് ഉയര്‍ന്നുവരുന്നത്. അടുത്ത ബിജെഡി അദ്ധ്യക്ഷനായി നവീന്‍ പട്‌നായിക്ക് തീരുമാനിച്ചിരിക്കുന്നത് 2002 ബാച്ച് ഒഡീഷ കേഡര്‍ ഐഎഎസ് ഓഫീസറായ പാണ്ഡ്യനെയാണെന്നാണ് റിപ്പോര്‍ട്ട്. ക്യാമറ കണ്ണുകള്‍ക്ക് പിടിതരാത്ത പാണ്ഡ്യനിപ്പോള്‍ സജീവമായി മാദ്ധ്യമങ്ങള്‍ക്ക് മുമ്പിലെത്തുന്നുമുണ്ട്. സമൂഹമാദ്ധ്യമങ്ങളിലും സജീവമാകാനുള്ള ശ്രമത്തിലാണ് പാണ്ഡ്യന്‍. ഇതിന്റെ ഭാഗമായി ഇന്‍സ്റ്റാഗ്രാമിലും അക്കൗണ്ട് തുറന്നിരിക്കുകയാണ് പാണ്ഡ്യന്‍. പത്തുലക്ഷം പേര്‍ ഫോളോവേഴ്‌സായുമുണ്ട്.

READ ALSO:പാഠപുസ്തകങ്ങളിലെ പേരുമാറ്റം ഇന്ത്യന്‍ ഭരണഘടനയോടുള്ള അവഗണന: എസ്എഫ്‌ഐ

തമിഴ്‌നാട്ടുകാരനായ പാണ്ഡ്യന്‍ ഒഡീഷയിലെ കേന്ദ്രപാറയില്‍ നിന്നുള്ള ഐഎഎസ് ബാച്ച്മേറ്റ് സുജാതയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. നവീന്‍ പട്നായിക്കിന്റെ മണ്ഡലം ഉള്‍ക്കൊള്ളുന്ന ഗഞ്ചം ജില്ലയിലെ കളക്ടറില്‍ നിന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
വോളണ്ടറി റിട്ടയര്‍മെന്റ് സ്‌കീമിനുള്ള (വിആര്‍എസ്) പാണ്ഡ്യന്റെ അപേക്ഷ ഒക്ടോബര്‍ 23 ന് അപേക്ഷിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ അനുവദിച്ചിരിക്കുകയാണ്. ട്രാന്‍സ്ഫോര്‍മേഷന്‍ ഇനിഷ്യേറ്റീവ്സ്, ‘നബിന്‍ ഒഡീഷ’ എന്നിവയുടെ ചെയര്‍മാനായി അദ്ദേഹത്തെ നിയമിച്ചു. ഇതോടെ കാബിനറ്റ് മന്ത്രി പദവിയിലേക്ക് നിയമിതനായിരിക്കുകയാണ് അദ്ദേഹം.

READ ALSO:അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം ജനുവരി 22-ന്

ഇരുപത്തിയെട്ടാമത്തെ വയസിലാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. നക്‌സല്‍ സ്വാധീനമുള്ള മയുര്‍ബഞ്ചിലാണ് നിയമിതനായത്. പിന്നീട് നവീന്‍പട്‌നായ്ക്കിന്റെ സ്വദേശമായ ഗഞ്ചം ജില്ലയില്‍ എത്തി. ഇതോടെ യുവാവായ പാണ്ഡ്യന്റെ കഴിവും സേവനവും ശ്രദ്ധിച്ച മുഖ്യമന്ത്രി അദ്ദേഹത്തെ പ്രെവറ്റ് സെക്രട്ടറിയായി 2011ല്‍ നിയമിച്ചു. 2012 മെയില്‍ നവീന്‍ പട്നായിക്കിന്റെ ഉപദേഷ്ടാവായ ബിജെഡി നേതാവ് പ്യാരിമോഹന്‍ മൊഹപത്ര നടത്തിയ അട്ടിമറി ശ്രമം പട്നായിക്കും പാണ്ഡ്യനും കൂടുതല്‍ അടുക്കാന്‍ കാരണമായി. ഇപ്പോള്‍ പാര്‍ട്ടിയിലെ എല്ലാക്കാര്യങ്ങളും നിയന്ത്രിക്കുന്നതും താഴേത്തട്ടുമുതല്‍ എല്ലാ തീരുമാനങ്ങളും പാണ്ഡ്യന്റേതെന്നുമാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here