
കേരളത്തിലെ നക്സൽ ഓപ്പറേഷൻ അന്വേഷണത്തിനായി രൂപീകരിച്ച സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിൽ അസാധാരണ അഴിച്ചു പണി. അതീവ രഹസ്യ സ്വഭാവത്തിലുള്ള ഓപ്പറേഷന് നേതൃത്വം നൽകിയിരുന്ന അസിസ്റ്റന്റ് കമാണ്ടന്റിനെ സ്ഥലംമാറ്റി. പകരം എത്തിച്ചത് സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ നടപടി നേരിട്ട ഉദ്യോഗസ്ഥനെ. ഭരണാനുകൂല സർവീസ് സംഘടനയുടെ ശുപാർശയിലാണ് സ്ഥലം മാറ്റം.
ഭരണപരമായ സൗകര്യത്തിന് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പല വകുപ്പുകളിലുമുള്ള വ്യാപക സ്ഥലം മാറ്റങ്ങൾ. എന്നാൽ കേരള പൊലീസിലെ അതീവ രഹസ്യ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലും രാഷ്ട്രീയം കളിക്കുകയാണ് യുഡിഎഫ് അനുകൂല സർവ്വീസ് സംഘടനകൾ. രാഷ്ട്രീയ ചായ് വുകൾ ഒന്നുമില്ലാതെ പൊതു ജനങ്ങളുമായി യാതൊരുവിധ ഇടപെടലുകളും ഇല്ലാതെ രഹസ്യാത്മക സ്വഭാവത്തോടെ പ്രവർത്തിക്കുന്ന യൂണിറ്റാണ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്.
also read; പിഎം ശ്രീയിൽ പറഞ്ഞ വാക്ക് വിഴുങ്ങി യുഡിഎഫ്; ഭരണത്തണലിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നു
രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ നടത്തി ഈ സംവിധാനത്തെ തകർക്കുകയാണ് യുഡിഎഫ്. ഒമ്പത് വർഷം സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിൽ നിന്നും വിവിധ ട്രെയിനിങ്ങുകളിൽ നിന്നും ആർജിച്ചടുത്ത അനുഭവത്തിലൂടെ എസ് ഓ ജിയെ കേരളത്തിലെ ശക്തമായ ഒരു കമാണ്ടോ യൂണിറ്റ് ആക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ഉദ്യോഗസ്ഥനെയാണ് അസാധാരണ നീക്കത്തിലൂടെ സ്ഥലം മാറ്റിയത്.
പകരം തൽസ്ഥാനത്ത് പ്രതിഷ്ഠിച്ചത് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിൽ നേരത്തേ പ്രവർത്തിച്ചിരുന്നതും സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ സ്ഥലം മാറ്റപ്പെട്ടതുമായ വിനോദ് എന്ന ഉദ്യോഗസ്ഥനെ. സ്ഥലമാറ്റത്തിനു ശേഷവും ഡിപ്പാർട്മെന്റിനെ തെറ്റിദ്ധരിപ്പിച്ചു SOG യിൽ ഡ്യൂട്ടി ചെയുന്നതിനുള്ള ആനുകൂല്യം കൈപറ്റിയതിൽ അന്വേഷണം നേരിട്ട ഉദ്യോഗസ്ഥൻ കൂടിയാണ് ഇയാൾ. രാഷ്ട്രീയ ചായ്‌വിന്റെ ഭാഗമായി മാത്രം ഇത്തരം നിയമനങ്ങൾ നടത്തുമ്പോൾ മാതൃകാപരമായി പ്രവർത്തിക്കുന്ന ഇത് തകർക്കും എന്നാണ് മറ്റ് ഉദ്യോഗസ്ഥരുടെ ആശങ്ക. ഭരണപരമായ സൗകര്യാർത്ഥം എന്ന പേരിൽ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ മറ്റു ഓഫിസർമാരെയും സ്ഥലം മാറ്റാനുള്ള ശ്രമം നടക്കുന്നതായും വിവരമുണ്ട്.
വിഘടന വാദത്തെ അമർച്ച ചെയ്യുന്നതിൽ നിർണായക പങ്കു വഹിക്കുന്ന, കേരള പോലീസിന്റെ അഭിമാന സ്തംഭമായ ഗ്രൂപ്പിലേക്ക് ശാരീരിക ക്ഷമത ഇല്ലാത്തവരെയും അച്ചടക്കനടപടി നേരിട്ടവരെയും എല്ലാം രാഷ്ട്രീയമായി തിരുകി കയറ്റുന്നതോടെ യൂണിറ്റിന്റെ തകർച്ചക്ക് കാരണമായേക്കും എന്നതാണ് ഉയരുന്ന ആശങ്ക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

