‘അതൊരു കഠിനമായ യാത്രയായിരുന്നു, ഞാന്‍ കാരണം ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു’; തുറന്നുപറച്ചിലുമായി നടി നസ്രിയ

എന്തുകൊണ്ടാണ് കുറച്ചുനാള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനിന്നതെന്ന് തുറന്നു പറഞ്ഞ് നടി നസ്രിയ നസീം. താന്‍ വീണ്ടെടുക്കലിന്റെ പാതയിലാണെന്നും കുറച്ച് ദിവസങ്ങള്‍ പൊതുഇടങ്ങളില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നുവെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കുറച്ചുകാലമായി ആരോടും ബന്ധം പുലര്‍ത്തിയിരുന്നില്ല. ഫോണ്‍ എടുക്കാതിരുന്നതിലും സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്നതിലും ഞാന്‍ കാരണമുണ്ടായ ആശങ്കകള്‍ക്കും അസൗകര്യങ്ങള്‍ക്കും ക്ഷമചോദിക്കുന്നു.

മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. അംഗീകാരത്തിന് നന്ദി. മറ്റു ജേതാക്കള്‍ക്കും നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്കും അഭിനന്ദനങ്ങള്‍. തന്റെ അസാന്നിധ്യംകൊണ്ടുണ്ടായ തടസ്സങ്ങളില്‍ ക്ഷമചോദിക്കുന്നുവെന്നും- നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

”എല്ലാവര്‍ക്കും നമസ്‌കാരം,

നിങ്ങള്‍ എല്ലാവരും സുഖമായിരിക്കുന്നുവെന്ന് കരുതുന്നു. ഞാന്‍ എന്തുകൊണ്ടാണ് കുറച്ചുനാള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനിന്നതെന്ന് തുറന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് എല്ലാവര്‍ക്കുമറിയാം ഈ മനോഹരമായ ലോകത്ത് ഏറെ സജീവമായിരുന്ന ആളാണ് ഞാന്‍. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യക്തിപരമായും വൈകാരികവുമായുള്ള ചില പ്രയാസങ്ങളും വെല്ലുവിളികളും കാരണം എനിക്ക് ഇവിടെ സജീവമാകാന്‍ കഴിഞ്ഞിരുന്നില്ല.

എന്റെ 30-ാം ജന്മദിനവും പുതുവര്‍ഷവും ആഘോഷിക്കാന്‍ എനിക്ക് കഴിഞ്ഞില്ല, ഞാന്‍ നായികയായ ‘സൂക്ഷ്മദര്‍ശിനി’ എന്ന സിനിമയുടെ വിജയവും, മറ്റു നിരവധി പ്രധാനപ്പെട്ട നിമിഷങ്ങളും ആഘോഷിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എനിക്ക് എന്തുപറ്റി എന്നും എന്താണ് എന്നെ കാണാത്തതെന്നും ചോദിച്ചുകൊണ്ട് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ നിന്ന് വന്ന ഫോണ്‍ കോളുകളും മെസ്സേജുകളും എടുക്കുകയും മറുപടി പറയാതിരിക്കുകയും ചെയ്തതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്റെ അഭാവം നിമിത്തം ആര്‍ക്കെങ്കിലും അസൗകര്യമോ വിഷമമോ ഉണ്ടായെങ്കില്‍ അതില്‍ ഞാന്‍ ഖേഃദിക്കുന്നു. ഞാന്‍ പൂര്‍ണമായും എന്നില്‍ തന്നെ ചുരുങ്ങുകയായിരുന്നു.

പുതിയ അവസരങ്ങളുമായി എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ച എന്റെ എല്ലാ സഹപ്രവര്‍ത്തകരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ മറുപടി നല്‍കാത്തതുകാരണം നിങ്ങള്‍ക്ക് എന്തെങ്കിലും തടസ്സമുണ്ടായെങ്കില്‍ അതിനും ഞാന്‍ ക്ഷമ ചോദിക്കുന്നു.

ഒരു സന്തോഷകരമായ കാര്യം പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്നലെ എനിക്ക് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചു. ഈ വാര്‍ത്ത പങ്കുവയ്ക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എനിക്കൊപ്പം അംഗീകാരം ലഭിച്ച എല്ലാവര്‍ക്കും, നോമിനേഷന്‍ ലഭിച്ചവര്‍ക്കും വിജയികള്‍ക്കും അഭിനന്ദനങ്ങള്‍. എല്ലാ പിന്തുണയ്ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി.

ഇതൊരു കഠിനമായ യാത്രയായിരുന്നു, പക്ഷേ ഞാന്‍ ഓരോ ദിവസവും എന്നെ സുഖപ്പെടുത്താനും കൂടുതല്‍ മെച്ചപ്പെടാനും പ്രയത്‌നിച്ചുകൊണ്ടിരിന്നു എന്ന് നിങ്ങളെ അറിയിക്കട്ടെ. ഈ സമയത്ത് എന്നെ മനസ്സിലാക്കാനും പിന്തുണ നല്‍കാനും തയാറായ എല്ലാവര്‍ക്കും നന്ദി. പൂര്‍ണമായും ഞാന്‍ പഴയനിലയിലാകാന്‍ കുറച്ചുകൂടി സമയം വേണ്ടിവന്നേക്കാം, പക്ഷേ ഞാന്‍ ഉറപ്പായും സുഖംപ്രാപിച്ചുകൊണ്ടിരിക്കുകയാണ്.

ഇങ്ങനെ അപ്രത്യക്ഷമായതിന് എന്റെ എല്ലാ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ഒരു വിശദീകരണം നല്‍കേണ്ട കടമയുണ്ടെന്ന് തോന്നിയതുകൊണ്ടാണ് ഞാനിപ്പോള്‍ ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നത്.

എല്ലാവരോടും സ്‌നേഹം, ഉടന്‍ തന്നെ ഞാന്‍ വീണ്ടും നിങ്ങളിലേക്ക് തിരിച്ചെത്തും. എനിക്ക് വേണ്ടി എപ്പോഴും നിലകൊണ്ടതിനും എനിക്ക് തന്ന അനന്തമായ പിന്തുണയ്ക്കും നന്ദി.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News