
കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി ഭാഷാ അടിച്ചേല്‍പിക്കല്‍ നയം പാഠപുസ്തകങ്ങളില്‍ നടപ്പാക്കി എന്‍ സി ഇ ആര്‍ ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് പോലും ഹിന്ദി തലക്കെട്ട് നല്‍കി പാഠപുസ്തകങ്ങള്‍ പുറത്തിറക്കി. കണക്ക് പുസ്തകത്തിന് ഗണിത പ്രകാശ് എന്നാണ് പുതിയ ഹിന്ദി പുനര്‍ നാമകരണം.
ത്രിഭാഷാ നയത്തിനെതിരെ കേരളം, തമിഴ്നാട് ഉള്‍പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വലിയ പ്രതിഷേധം തുടരുമ്പോഴാണ് എന്‍ സി ഇ ആര്‍ ടി നടപടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകത്തിന് ഉള്‍പ്പെടെ ഹിന്ദി തലക്കെട്ട് നല്‍കി എന്‍ സി ഇ ആര്‍ ടി കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി ഭാഷാ അടിച്ചേല്‍പിക്കല്‍ നയം നടപ്പാക്കുകയാണ്. ആറ്, ഏഴ് ക്ലാസുകളിലെ ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം വരെ യഥാക്രമം ഹണിസക്കിള്‍, ഹണി കോംബ് എന്നായിരുന്നു പേര്. എന്നാല്‍ ഇത്തവണ കിഴക്ക് എന്നര്‍ഥമുളള പൂര്‍വി എന്ന ഹിന്ദി പേരില്‍ ഇംഗ്ലീഷ് പുസ്തകം പുനര്‍ നാമകരണം ചെയ്തു.
ഒന്ന്, രണ്ട് ക്ലാസുകളിലെ ഇംഗ്ലീഷ് പാഠപുസ്തകങ്ങളുടെ പേര് മൃദംഗ് എന്നും മൂന്ന്, നാല് ക്ലാസുകളിലെ ഇംഗ്ലീഷ് പാഠപുസ്തകങ്ങളുടെ പേര് സന്തൂര്‍ എന്നും മാറ്റി. കണക്ക് പുസ്തകത്തിന്റെ പേരാകട്ടെ, ഇംഗ്ലീഷ്, ഹിന്ദി പതിപ്പുകളിലും ഗണിത പ്രകാശ് എന്ന് മാറ്റി. 2006-ല്‍ എന്‍ സി ഇ ആര്‍ ടിയുടെ ടെക്സ്റ്റ് ഡെവലപ്മെന്റ് അംഗമായിരുന്ന ദില്ലി സര്‍വകലാശാലയിലെ ചരിത്ര പ്രൊഫസറായ അപൂര്‍വാനന്ദ്, ഇംഗ്ലീഷ് ഭാഷയില്‍ എഴുതിയ പുസ്തകങ്ങള്‍ക്ക് പോലും ഹിന്ദി തലക്കെട്ടുകള്‍ നല്‍കുന്ന രീതിയെ ചോദ്യം ചെയ്തു. ഹിന്ദി കൊളോണിയലിസം എന്നാണ് എന്‍ സി ഇ ആര്‍ ടി നടപടിയെ അദ്ദേഹം വിശേഷിപ്പിച്ചത്. പ്രതിഷേധം അറിയിച്ച് എന്‍ സി ഇ ആര്‍ ടി ഡയറക്ടര്‍ക്ക് കത്തയച്ചു.
2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി 2023 മുതല്‍ എന്‍ സി ഇ ആര്‍ ടി പുതിയ പാഠപുസ്തകങ്ങളുടെ ഹിന്ദി പരമ്പര പ്രസിദ്ധീകരിച്ചുവരികയാണ്. കൊച്ചുകുട്ടികളുടെ പാഠപുസ്തകങ്ങളില്‍ പോലും വൈവിധ്യത്തെ ഇല്ലാതാക്കുകയും ഏകീകരണ നയങ്ങളെ അടിച്ചേല്‍പ്പിക്കാനുളള ആര്‍ എസ് എസ് അജണ്ട നടപ്പാക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here