പാലക്കാട് മദ്യം ഒഴുക്കി കളയാന്‍ ആളെ വേണം!

കാലാവധി കഴിഞ്ഞ ആയിരക്കണക്കിന് കുപ്പി മദ്യം ഒഴുക്കി കളയാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍. ഇതിനായി കുടുംബശ്രീ സൊസൈറ്റികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ് ബിവറേജസ് കോര്‍പ്പറേഷന്‍. പാലക്കാട് മേനോന്‍പാറ വെയര്‍ഹൗസ് ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന മദ്യമാണ് ഒഴുക്കി കളയുന്നത്. എരുത്തേമ്പതി, പുതുശ്ശേരി, എലപ്പുള്ളി, വടകരപ്പതി ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സൊസൈറ്റികളില്‍ നിന്നുമാണ് കോര്‍പ്പറേഷന്‍ മദ്യം ഒഴുക്കി കളയാനുള്ള ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എലപ്പുള്ളി, വടകരപ്പതി ഗ്രാമപഞ്ചായത്തുകളില്‍ നിന്നാണ് കാലാവധി കഴിഞ്ഞ മദ്യം നശിപ്പിക്കാനുള്ള കരാറെടുത്തത്. രണ്ടു പഞ്ചാത്തുകളില്‍ നിന്നുമായി പത്തുപേര്‍ വീതമടങ്ങുന്ന സംഘമാണ് മദ്യം ഒഴുക്കി കളയാന്‍ എത്തിയത്.

ഫെയ്സ്ഷീല്‍ഡും മാസ്‌കും ഗ്ലൗസുമൊക്കെ ധരിച്ച് സുരക്ഷാ മുന്‍കരുതലോടെയാണ് മദ്യം ഒഴുക്കി കളയുക. കുപ്പി തുറന്ന് മദ്യം ടാങ്കിലേക്ക് ഒഴിച്ചു കളയുകയാണ് ചെയ്യുക. ഇതിന് ശേഷം കാലിക്കുപ്പിയും കുപ്പി പൊട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ ചില്ലുകളും മദ്യം സൂക്ഷിച്ചിരിക്കുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടികളും കൃത്യമായി അടുക്കി സൂക്ഷിക്കുക എന്നതും കരാറിന്റെ ഭാഗമാണ്. ഒരു ദിവസം ഒരാള്‍ 100 കുപ്പി മദ്യം ഈ നിലയില്‍ ഒഴുക്കി കളയും.

നേരത്തെ ഇവിടെ 50,000 കെയ്സ് മദ്യം ഒഴുക്കി കളഞ്ഞിരുന്നു. ഒരു കെയ്സില്‍ 9 ലീറ്റര്‍ മദ്യമാണ് ഉണ്ടാവുക. ഇത് പ്രകാരമാണെങ്കില്‍ കഴിഞ്ഞ തവണ ഇവിടെ ഒഴുക്കി കളഞ്ഞത് 4.5 ലക്ഷം ലിറ്റര്‍ മദ്യമാണ്.

നിലവില്‍ ഒഴുക്കി കളയേണ്ട കാലാവധി കഴിഞ്ഞ മദ്യത്തില്‍ കൂടുതലും ബിയറും വിലകൂടിയ മദ്യവുമാണ്. ആറുമാസം കഴിഞ്ഞാല്‍ ബിയര്‍ ഉപയോഗശൂന്യമാകും. വില കുറഞ്ഞ മദ്യത്തിന് ചെലവ് കൂടുതലായതിനാല്‍ പലപ്പോഴും വിലകൂടിയ മദ്യങ്ങള്‍ ഔട്ട്ലെറ്റുകളില്‍ ബാക്കിയാവുക പതിവാണ്.

മദ്യത്തിന്റെ കാലാവധി കഴിഞ്ഞാലും ബിവറേജസ് കോര്‍പ്പറേഷന് സ്വന്തം തീരുമാനപ്രകാരം ഈ മദ്യം നശിപ്പിക്കാന്‍ അവകാശമില്ല. കാലാവധി കഴിഞ്ഞ മദ്യത്തിന്റെ കണക്ക് തയ്യാറാക്കി അത് എക്സൈസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച് അദ്ദേഹത്തിന്റെ അനുമതിയോടു കൂടി മാത്രമേ മദ്യം നശിപ്പിക്കാന്‍ അനുമതിയുള്ളു. കേരളത്തില്‍ തിരുവല്ല ദ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലും മേനോന്‍പാറ മലബാര്‍ ഡിസ്റ്റലറിയിലുമാണ് മദ്യം നശിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News