തത്ത ‘മൊഴി’ നൽകി:നീലം ശര്‍മ്മയുടെ കൊലപാതകത്തിൽ ബന്ധുവിന് ജീവപര്യന്തം

ദൂരദര്‍ശന്‍റെ സ്ഥാപക അവതാരകരില്‍ ഒരാളായ മാധ്യമപ്രവർത്തക നീലം ശര്‍മ്മ കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. നീലം ശർമ്മയുടെ വീട്ടിൽ വളർത്തിയിരുന്ന ‘തത്ത’ യുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബന്ധുവിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയത്. കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചു.

എന്നാൽ പ്രതിക്ക് ശിക്ഷ വിധിക്കുന്നത് കാണാൻ കാത്തുനിൽക്കാതെ കൊവിഡ് കാലത്ത് നീലത്തിന്റെ ഭർത്താവ് വിജയ് ശർമ്മ മരിച്ചു. വിധിയിൽ സന്തോഷമുണ്ടെന്നും മറ്റാർക്കും ഇത്തരം ഹൃദയഭേദകമായ അവസ്ഥയുണ്ടാകരുതെന്നാണ് ആഗ്രഹമെന്നും നീലത്തിന്റെ മകൾ നിവേദിത മാധ്യമങ്ങളോട് പറഞ്ഞു

2014 ഫെബ്രുവരി 20നാണ് സ്വന്തം വീട്ടിൽ നീലം ശർമ്മയെ വളർത്തുനായയ്ക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വിജയ് ശർമ്മയും രണ്ട് മക്കളും ഫിറോസാബാദിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. ഇവർ തിരികെ വീട്ടിലെത്തിയപ്പോഴാണ് നീലവും വളർത്തുനായയും മരിച്ച നിലയിലും വീട്ടിലെ പണവും ആഭരണങ്ങളും കൊള്ളയടിക്കപ്പെട്ടതായും കണ്ടെത്തിയത്. പണം കൈക്കലാക്കുകയായിരുന്നു കൊലയുടെ ലക്ഷ്യമെന്നും പൊലീസ് കണ്ടെത്തി.

എംബിഎ പഠിക്കുന്നതിനായി 80,000 രൂപ അഷുവിന് വിജയ് ശർമ്മ മുൻപ് നൽകിയിരുന്നു. വീട്ടിൽ സ്വർണവും പണവും ഉണ്ടെന്ന് അറിഞ്ഞ അഷു കൂട്ടുകാരനുമായി ചേർന്ന് കൃത്യം നടപ്പാക്കുകയായിരുന്നു. വളർത്ത് നായയുടെ കഴുത്തിൽ കത്തി കൊണ്ടുള്ള 9 മുറിവും നീലത്തിന്റെ ശരീരത്തിൽ 14 മുറിവുമാണ് പൊലീസ് കണ്ടെത്തിയത്.

നീലത്തിന്റെ മരണത്തോടെ തത്ത ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നിർത്തി. പിന്നീട് സംസാരിക്കാതെയുമായി. ഇതോടെയാണ് കൊലപാതകം തത്ത കണ്ടിട്ടുണ്ടാവാമെന്ന് വിജയ്​ക്ക് സംശയം തോന്നിയത്. ഇതോടെ വീട്ടിൽ വരുന്നവരുടെയും തനിക്ക് സംശയമുള്ളവരുടെയും പേരുകൾ ഓരോന്നായി വിജയ് തത്തയോട് പറയാൻ തുടങ്ങി. അഷുവിന്റെ പേര് കേട്ടതും തത്ത ആകെ അസ്വസ്ഥത പ്രകടിപ്പിച്ച് അഷു അഷു എന്ന് വിളിച്ച് ഓടി നടന്നു. ഇതോടെ വിജയ് വിവരം പൊലീസിൽ അറിയിച്ചു. അഷുവിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പൊലീസിന് മുന്നിലും തത്ത അഷുവിന്റെ പേര് ആവർത്തിച്ചതോടെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. തുടർന്ന് സുഹൃത്ത് റോണിയുടെ സഹായത്തോടെ താൻ നീലത്തെ കൊലപ്പെടുത്തിയാതണെന്ന് അഷു സമ്മതിച്ചു. തത്തയുടെ മൊഴി നിർണായകമായെങ്കിലും നിയമം അനുസരിച്ച് തത്തയുടെ മൊഴി തെളിവായി രേഖപ്പെടുത്താൻ കഴിയുകയില്ല. പക്ഷേ അന്വേഷണത്തിലുടനീളം തത്തയുടെ കാര്യം ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here