അതിരു കടക്കുന്ന വസ്ത്ര പരിശോധനകൾ, പരാതിയുമായി നീറ്റ് പരീക്ഷാർത്ഥികൾ

മുംബൈ: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥികളോട് വസ്ത്രം പുറംമറിച്ചിടാനും അടിവസ്ത്രത്തിന്റെ ഹുക്കുകൾ അഴിച്ചു മാറ്റാനും അവ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടതായി പരാതി. മഹാരാഷ്ട്രയിലെയും പശ്ചിമ ബംഗാളിലെയും പരീക്ഷാ കേന്ദ്രങ്ങളിലെ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. വസ്ത്രം പൂർണ്ണമായും മാറ്റി പുറത്ത് നിന്ന് പുതിയത് വാങ്ങി ധരിക്കാനും, മാതാപിതാക്കളുടെ വസ്ത്രം പകരം ധരിക്കാനും വരെ വിദ്യാർഥികളോട് ആവശ്യപ്പെട്ടു എന്നാണ് ആരോപണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) നിർബന്ധമാക്കിയ ഡ്രസ് കോഡ് പാലിച്ചില്ലെന്ന പേരിൽ അവസാന നിമിഷമാണ് പരീക്ഷാർത്ഥികൾക്ക് വസ്ത്രധാരണത്തിൽ മാറ്റം വരുത്തേണ്ടി വന്നത്. ഇത് അവരുടെ ആശങ്ക വർധിപ്പിക്കാൻ ഇടയാക്കിയെന്നും പരീക്ഷയിൽ ശ്രദ്ധ ചെലുത്തുന്നതിനെ ബാധിച്ചുവെന്നും രക്ഷിതാക്കളും ആരോപിച്ചു.

വസ്ത്ര പരിശോധനയുടെ പേരിൽ ദുരനുഭവം നേരിട്ട വിദ്യാർത്ഥികളിൽ പലരും തങ്ങളുടെ അനുഭവങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. ഇതിനു ശേഷം നിരവധി വിദ്യാർത്ഥികളുടെ മാതാപിതാക്കൾ അധികൃതരെ പരാതിയുമായി സമീപിച്ചു. നീറ്റ് പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലും വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ട്. പരീക്ഷയ്ക്ക് മുൻപ്, പരീക്ഷാ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പരീക്ഷാർത്ഥികളെ, പ്രത്യേകിച്ച് വിദ്യാർത്ഥിനികളെ പരിശോധിക്കുന്നതിന് “സമഗ്രമായ നിർദ്ദേശങ്ങൾ” നൽകുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചിരുന്നു. എന്നാൽ ബ്രാ സ്ട്രാപ്പിലെ ഹുക്കുകൾ അഴിച്ചു മാറ്റാനും, അടിവസ്ത്രം മാറ്റിയ ശേഷം പ്രതീക്ഷയെഴുതാനും വിദ്യാർത്ഥിനികൾ നിർബന്ധിതരായതായി മാതാപിതാക്കൾ ആരോപിക്കുന്നു .

സംഭവത്തെ തുടർന്ന് നിരവധി രക്ഷിതാക്കളും വിദ്യാർത്ഥികളും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം കേരളത്തിൽ കൊല്ലം ആയൂരിലും നീറ്റ് പരീക്ഷയ്ക്കിടെ സമാന സംഭവങ്ങളുണ്ടാവുകയും സംഭവത്തിൽ ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News