ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ നീതു ഗംഗാസിന് സ്വർണ്ണം

ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിന്റെ 48 കിലോഗ്രാം വിഭാഗത്തിൽ നീതു ഗംഗാസിന് സ്വർണ്ണം. മംഗോളിയയുടെ ലുത്‌സായി ഖാനെയാണ് നീതു പരാജയപ്പെടുത്തിയത്. 5-0 എന്ന സ്‌കോറിനാണ് ഇന്ത്യൻ ബോക്‌സർ മംഗോളിയൻ താരത്തിനെ ഇടിച്ചിട്ടത്. നിലവിലെ കോമൺവെൽത്ത് ചാമ്പ്യനായ നീതുവിന്റെ കന്നി ലോകവനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലായിരുന്നു ഇത്. ജാപ്പനീസ് താരം മഡോക വാഡയെ തകർത്താണ് നീതു ഫൈനലിൽ എത്തിയത്.

ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നാല് ഇന്ത്യൻ താരങ്ങളാണ് ഇക്കുറി ഫൈനലിനിറങ്ങുന്നത്. നിലവിലെ ലോകചാമ്പ്യൻ നിഖാത് സരിൻ, ഒളിമ്പിക് മെഡൽ ജേതാവ് ലവ്‌ലിന ബോർഹെസ്, സ്വീറ്റി ബൂറ എന്നിവരാണ് വിവിധ വിഭാഗങ്ങളിൽ നീതുവിനെ കൂടാതെ ഫൈനലിനിറങ്ങുന്നത്. 2006 ദില്ലിയിൽ നടന്ന ചാമ്പ്യൻഷിപ്പിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും ഇന്ത്യൻ താരങ്ങൾ ഫൈനലിൽ കടക്കുന്നത്. അന്ന് നാല് സ്വർണമാണ് ഇന്ത്യൻതാരങ്ങൾ നേടിയത്.

50 കിലോഗ്രാം വിഭാഗത്തിൽ തുടർച്ചയായ രണ്ടാംതവണയാണ് നിഖാത് സരിൻ ഫൈനലിൽ കടക്കുന്നത്. കഴിഞ്ഞതവണ കിരീടം നേടിയിരുന്നു. ഫൈനലിൽ വിജയിച്ചാൽ മേരികോമിനുശേഷം രണ്ട് തവണ ലോകചാമ്പ്യനാകുന്ന റെക്കോർഡും നിഖാത് സ്വന്തമാക്കും. 81 കിലോഗ്രാം വിഭാഗത്തിലാണ് സ്വീറ്റി ബുറ ഫൈനലിൽ ഇറങ്ങുന്നത്. ഒളിമ്പിക് മെഡൽ ജേതാവായ ലവ്‌ലിന 75 കിലോഗ്രാം വിഭാഗത്തിലാണ് ഫൈനലിൽ പ്രവേശിച്ചിട്ടുള്ളത്. ശനിയാഴ്ചയും ഞായറാഴ്ചയുമായിട്ടാണ് ഫൈനൽ മത്സരങ്ങൾ നടക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here