ഓളപ്പരപ്പിലെ ആവേശം; പുന്നമടയിൽ ആരാകും ജലരാജാവ്?

nehru trophy boat-race

കുട്ടനാടിന്‍റെ വള്ളംകളി ആവേശം പരകോടിയിലാണ്. നെഹ്റു ട്രോഫി വള്ളംകളിക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുമ്പോൾ, പുന്നമടയിൽ അന്തിമവിജയം ആർക്കായിരിക്കും. 19 ചുണ്ടൻവള്ളങ്ങളാണ് ഇത്തവണ ജവഹർലാൽ നെഹ്റുവിന്‍റെ കയ്യൊപ്പുള്ള വെള്ളിക്കപ്പിനായി തുഴയെറിയാൻ സജ്ജമായിട്ടുള്ളത്…

കുട്ടനാട്ടുകാരെ സംബന്ധിച്ച്, അവരുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വള്ളംകളി. വള്ളംകളിയിൽ ഏറ്റവും മുഖ്യം നെഹ്റുട്രോഫിയും. ഇത്തവണ വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ദുരന്തത്തെ തുടർന്ന് നെഹ്റുട്രോഫി ഉൾപ്പടെയുള്ള സിബിഎൽ മത്സരങ്ങൾ ഉപേക്ഷിച്ചെന്ന വാർത്ത വള്ളംകളിപ്രേമികളിൽ നിരാശ പടർത്തിയിരുന്നു. എന്നാൽ നെഹ്റുട്രോഫി നടത്താനുള്ള തീരുമാനം കുട്ടനാട്ടുകാരിൽ ആവേശംനിറച്ചിരിക്കുകയാണ്. പുന്നമടയിലും വേമ്പനാട്ടുകായലിന്‍റെ വിവിധ ഭാഗങ്ങളിലും കുമരകത്തെ മുത്തേരിമടയിലുമൊക്കെ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പരിശീലന തുഴച്ചിലുകൾ നടക്കുകയാണ്. പരിശീലനം കാണാൻ ഇരുകരകളിലും ആർപ്പോവിളികളുമായി ആരാധകർ അണിനിരക്കുന്നുണ്ട്.

പുന്നമടക്കായലിൽ അരങ്ങേറുന്ന ജലപൂരത്തിനായി ഇത്തവണ വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 19 ചുണ്ടൻവള്ളങ്ങൾ അണിനിരക്കുമ്പോൾ ആരായിരിക്കും ഇത്തവണ ജലരാജാവാകുക?

നെഹ്റുട്രോഫിയുടെ ഏഴ് പതിറ്റാണ്ട നീളുന്ന ചരിത്രത്തിനിടെ തുടർച്ചയായ അഞ്ചാംകിരീടമെന്ന അത്യപൂർവ റെക്കോർഡ് ലക്ഷ്യമിട്ടാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബിന്‍റെ വരവ്. 2018 മുതൽ 2023 വരെ നാല് തവണ കിരീടം നേടിയിട്ടുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഇത്തവണ എത്തുന്നത് ജലചക്രവർത്തി എന്ന വിശേഷണമുള്ള കാരിച്ചാൽ ചുണ്ടനിലാണ്. ഇതിനോടകം 15 തവണ നെഹ്റുട്രോഫി നേടിയിട്ടുള്ള ചുണ്ടനാണ് കാരിച്ചാൽ. ഇതുവരെ നടന്ന മൂന്ന് സിബിഎൽ സീസണുകളിൽ ടൈറ്റിൽ വിന്നർ കൂടിയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്.

പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുമെന്ന് കരുതുന്നത് യുബിസി കൈനകരിയാണ്. ഏറ്റവുമധികം തവണ നെഹ്റുട്രോഫി നേടിയിട്ടുള്ള ബോട്ട് ക്ലബാണ് യുബിസി. ഏറ്റവുമധികം ആരാധകരുള്ള 12 തവണയാണ് വെള്ളിക്കപ്പിൽ മുത്തമിട്ടിട്ടുള്ളത്. ഇത്തവണ തലവടി ചുണ്ടനിലാണ് യുബിസി തുഴയെറിയുന്നത്.

Also Read- മിസിസ് ഇൻ്റർനാഷണൽ റണ്ണർ അപ്പ് കിരീടം സ്വന്തമാക്കി കോഴിക്കോട്ടുകാരി

ഒരുകാലത്ത് എതിരാളികളുടെ പേടിസ്വപ്നമായിരുന്ന ബോട്ട് ക്ലബാണ് വില്ലേജ് ബോട്ട് ക്ലബ് കൈനകരി. കഴിഞ്ഞ തവണ സിബിഎലും നെഹ്റുട്രോഫിയും വിജയിച്ച വീയപുരം ചുണ്ടനിൽ അണിനിരക്കുന്ന വില്ലേജ് ബോട്ട് ക്ലബ് ഇത്തവണ രണ്ടുംകൽപിച്ചാണ് പുന്നമടയുടെ ഓളപ്പരപ്പിലേക്ക് എത്തുന്നത്.

നെഹ്റുട്രോഫിയിൽ വലിയ പാരമ്പര്യം അവകാശപ്പെടാവുന്നവരാണ് കുമരകത്തെ ടൌൺ ബോട്ട് ക്ലബ്. ആറുതവണ കിരീടം നേടിയിട്ടുള്ള കെടിബിസി കഴിഞ്ഞ തവണ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നെഹ്റുട്രോഫിയിൽ രണ്ടാമതായാണ്. ഇത്തവണ നടുഭാഗം ചുണ്ടനിലാണ് കുമരകം ടൌൺ ബോട്ട് ക്ലബ് മത്സരിക്കുന്നത്.

ശക്തമായ മത്സരം കാഴ്ചവെക്കാമെന്ന പ്രതീക്ഷയിൽ പുന്നമട ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടനിലും ആലപ്പുഴ ടൌൺ ബോട്ട് ക്ലബ് പായിപ്പാടൻ പുത്തൻചുണ്ടനിലും തുഴയെറിയും. കൊല്ലം ജീസസ് ബോട്ട് ക്ലബ് മത്സരരംഗത്തുനിന്ന് പിൻമാറിയെങ്കിലും അതേപേരിൽ ആനാരി വള്ളസമിതി മത്സരരംഗത്തുണ്ട്. ശക്തമായ പോരാട്ടം കാഴ്ചവെക്കാനായി ചുണ്ടൻവള്ളങ്ങളിൽ ബോട്ട് ക്ലബുകൾ പുന്നമടയുടെ ഓളപരപ്പിലേക്ക് ഇറങ്ങുമ്പോൾ ആവേശം അണപൊട്ടുമെന്ന് ഉറപ്പ്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys