കാടിനെ അറിയണോ? മനസ്സും ശരീരവും ഒരുപോലെ കുളിർപ്പിക്കുന്ന നെല്ലിയാമ്പതിയിലേക്ക് പോകാം

പാലക്കാട് ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് നെല്ലിയാമ്പതി. കുറച്ച് തണുപ്പ് ആസ്വദിക്കണം എന്ന് തോന്നുന്നവർക്ക് കുറഞ്ഞ ബജറ്റിൽ പോയി വരാവുന്ന ഒരു പ്രകൃതി രമണീയമായ സ്ഥലമാണ് നെല്ലിയാമ്പതി. ‘പാവങ്ങളുടെ ഊട്ടി’ എന്നാണ് അറിയപ്പെടുന്നത്. കടൽ നിരപ്പിൽ നിന്നും 467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെയാണ് ഈ മലനിരകൾ സ്ഥിതി ചെയ്യുന്നത്. മലമുകളിൽ എത്താൻ ഏകദേശം പത്ത് ഹെയർ പിന്നുകൾ കടക്കണം. പോകുന്ന വഴികളിൽ എല്ലാം ചെറിയ വെള്ളച്ചാട്ടങ്ങളും കുരങ്ങന്മാരെയും, മലയണ്ണാന്മാരെയും, മാനുകളെയും, പുള്ളി പുലികളെയും, കാട്ടുപ്പോത്തിനെയും ഒക്കെ കാണാൻ കഴിയും. സെപ്റ്റംബർ മുതൽ മെയ് വരെയാണ് ഇവിടുത്തെ സീസൺ. ജൂൺ , ജൂലൈ മാസങ്ങളിൽ ഇങ്ങോട്ടുള്ള സദർശനം ഒഴുവാക്കുന്നതാണ് ഉചിതം.

തികച്ചും കാടിന്റെ നടുവിലൂടെയുള്ള യാത്ര കണ്ണിനും മനസിനും ഒരുപോലെ കുളിർമയേകും. മല കയറുന്ന വഴിയിൽ കടകൾ ഒന്നും തന്നെയില്ല. നെല്ലിയാമ്പതിയിൽ എത്തിയാൽ മാത്രമേ കടകൾ ഒക്കെ കാണാൻ സാധിക്കു. തേയില തോട്ടങ്ങളും, ഓറഞ്ച് തോട്ടങ്ങളും, കാപ്പി തോട്ടങ്ങളും, ഏലം തോട്ടങ്ങളും നിറഞ്ഞതാണ് നെല്ലിയാമ്പതി. അവിടെ ജോലി ചെയ്യുന്ന ആളുകളുടെ ലയങ്ങളും, ചെറിയ ഹോട്ടലുകളും, ആവശ്യ സാധനങ്ങൾ ലഭിക്കുന്ന കടകളുമാണ് മുകളിൽ ഉള്ളത്.

Also read: കൊല്ലങ്കോട് കാണാൻ ഇത്രയും സ്ഥലങ്ങളോ? വേഗം പൊയ്‌ക്കോളൂ , ഗ്രാമം ഒരുങ്ങി കഴിഞ്ഞു

രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെയാണ് ടൂറിസ്റ്റുകൾക്ക് നെല്ലിയാമ്പതിയിലേക്കുള്ള പ്രവേശന സമയം. ചെക്പോസ്റ്റിൽ രജിസ്റ്റർ ചെയ്ത ശേഷമാണ് മുകളിലോട്ട് കടത്തി വിടുക. കെ എസ് ആർ ടി സി യുടെ ബജറ്റ് ടൂറിസം നെല്ലിയാമ്പതിയിലോട്ട് ഉണ്ട്. പാലക്കാട് ഡിപ്പോയിൽ നിന്നാണ് നെല്ലിയാമ്പതിയിലോട്ടുള്ള ബജറ്റ് ടൂറിസം ആരംഭിച്ചിരിക്കുന്നത്. നെല്ലിയാമ്പതിയിൽ താമസിക്കാൻ നിരവധി സ്ഥലങ്ങൾ ലഭ്യമാണ്. നിരവധി സ്വകാര്യ റിസോർട്ടുകൾ ഇവിടെയുണ്ട് . നേരത്തെ ബുക്ക് ചെയ്ത് പോകുന്നതായിരിക്കും ഉചിതം. രാത്രി നെല്ലിയാമ്പതിയുടെ മുകളിൽ താമസിക്കുകയാണെങ്കിൽ ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെ കാണാൻ സാധിക്കും.

നെല്ലിയാമ്പതിയിൽ കാണേണ്ട സ്ഥലങ്ങൾ:

സീതാർക്കുണ്ട് വ്യൂ പോയിന്റ് :
നെല്ലിയാമ്പതിയാൽ എത്തിയാൽ എന്തായാലും നിർബന്ധമായും സന്ദർശിക്കേണ്ട ഒരു സ്ഥലമാണ് സീതാർക്കുണ്ട് വ്യൂ പോയിന്റ്. സൂയിസൈഡ് പോയിന്റ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഒരുപാട് സിനിമകളിലെ ഷൂട്ടിംഗ് ലൊക്കേഷൻ കൂടെയാണ് ഇവിടം.

Also read: വനത്തിന്റെ മടിത്തട്ടിൽ താമസിക്കാൻ ഒരിടമാണോ അന്വേഷിക്കുന്നത്? ഇതാ അങ്ങനെയൊരിടം..!

കേശവൻപാറ :
കേശവൻപാറയിൽ നിന്ന് താഴോട്ടുള്ള കാഴ്ച അതിമനോഹരമാണ്. താഴെയുള്ള കണ്ണെത്താ ദൂരത്തുള്ള നെൽ പാടങ്ങളും , പോത്തുണ്ടി ഡാമും, നെന്മാറ, കൊല്ലങ്കോട് എന്നീ ഗ്രാമങ്ങളും ഒക്കെ കാണാൻ സാധിക്കും.

കാരപ്പാറ തൂക്ക് പാലം :
പുരാതനമായ ഒരു തൂക്ക് പാലമാണ് കാരപ്പാറ തൂക്ക് പാലം. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് പാലവും, താഴെ ഒഴുക്കുന്ന കാട്ടരുവിയും ഒക്കെ കാണാൻ കഴിയും.

നെല്ലിയാമ്പതി ഗുഹ :
പുരാതനമായ ഒരു ഗുഹയാണ്. കാടിന്റെ ഉള്ളിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. പ്രകൃതി നടത്തം, ട്രെക്കിംഗ്, ഹൈക്കിംഗ് എന്നിങ്ങനെ ഇഷ്ടപ്പെടുന്നവരാണ് ഇവിടെ കൂടുതലും എത്താറുള്ളത്.

പോത്തുണ്ടി ഡാം :
നെല്ലിയാമ്പതിയിലേക്ക് പ്രവേശിക്കുന്നിടത്താണ് പോത്തുണ്ടി ഡാം സ്ഥിതി ചെയ്യുന്നത്. ഡാമിന്റെ കാഴ്ചകളും അഡ്വഞ്ചറസ് റൈഡുകളും, കുട്ടികൾക്ക് കളിക്കാൻ കഴിയുന്ന പാർക്കും ഒക്കെ ഇവിടെ ഉണ്ട്.

വെള്ളച്ചാട്ടം :
സീസണിൽ സന്ദർശിക്കുന്നവർക്ക് ഒരുപാട് ചെറുതും വലുതുമായ വെള്ളചാട്ടങ്ങൾ കാണാൻ കഴിയും. ചെറിയ വെള്ള ചാട്ടങ്ങളിൽ ടൂറിസ്റ്റുകൾക്ക് ഇറങ്ങി കുളിക്കാനും സാധിക്കും.

എങ്ങനെ എത്താം:

പാലക്കാട് നിന്ന് 75 കിലോമീറ്ററും, തൃശൂരിൽ നിന്ന് 90 കിലോമീറ്ററും, കോയമ്പത്തൂരിൽ നിന്ന് 120 കിലോമീറ്ററുമാണ് നെല്ലിയാമ്പതിയിലേക്കുള്ള ദൂരം. സ്വന്തം വാഹനത്തിലും, കെ എസ് ആർ ടി സി യിലും മുകളിലോട്ട് എത്താം.

സന്ദർശന സമയം:
രാവിലെ ഏഴ് മണി മുതൽ മൂന്ന് മണി വരെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News