
നെറ്റ്ഫ്ലിക്സ് പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോർട്ട്. സ്ട്രീമിംഗ് ഭീമൻ പ്ലാറ്റ്‌ഫോമിൽ നിലവിലുള്ള സെര്‍ച്ച് എഞ്ചിനില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നുവെന്നാണ് വിവരം. സെര്‍ച്ച് എഞ്ചിനില്‍ ഓപ്പണ്‍ എഐ അധിഷ്ടിത എഐ ടൂള്‍ ആണ് നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.നിലവിൽ ഓസ്‌ട്രേലിയയിലെയും ന്യൂസിലൻഡിലെയും തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ഈ സവിശേഷത ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. വരും മാസങ്ങളിൽ പ്ലാറ്റ്ഫോം ഇത് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കാം.
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ഓസ്‌ട്രേലിയയിലെയും ന്യൂസിലൻഡിലെയും ചില ഉപയോക്താക്കളുമായി സ്ട്രീമിംഗ് ഭീമൻ എഐ സെർച്ച് ഫീച്ചർ പരീക്ഷിച്ചുതുടങ്ങിയിട്ടുണ്ട്. ഉള്ളടക്ക കണ്ടെത്തലിലും ഒരു പ്രത്യേക പേര് തിരയുന്നതിലും ഉപയോക്താക്കളെ ഈ സവിശേഷത കൂടുതല്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. . പുതിയ സവിശേഷത ഉപയോക്താക്കളെ അവരുടെ മൂഡിന് അനുസരിച്ചുള്ള “വളരെ നിർദ്ദിഷ്ട പദങ്ങൾ” ഉപയോഗിച്ച് ഷോകളും സിനിമകളും കണ്ടെത്താൻ സഹായിക്കും.
അതേസമയം നെറ്റ്ഫ്ലിക്‌സിന്റെ എഐ സെര്‍ച്ച് എഞ്ചിൻ നിലവിൽ അതിന്റെ iOS ആപ്പിൽ മാത്രമേ ലഭ്യമാകുകയുള്ളു. iOS ആപ്പിന് പുറത്ത് ഫീച്ചർ വികസിപ്പിക്കാൻ നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് നെറ്റ്ഫ്ലിക്‌സ് വക്താവ് മോമോ ഷൗ ദി വെർജിനോട് പ്രതികരിച്ചിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, വരും ആഴ്ചകളിലോ മാസങ്ങളിലോ യുഎസ് ഉൾപ്പെടെയുള്ള മറ്റ് നിരവധി രാജ്യങ്ങളിലേക്ക് ഈ ഫീച്ചര്‍ വ്യാപിപ്പിക്കാനും നെറ്റ്ഫ്ലിക്സ് പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ഇന്ത്യയും ഈ ലിസ്റ്റില്‍ ഭാഗമാണോ എന്ന് വ്യക്തമല്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here