കടുവകളെ വീ‍ഴ്ത്തി നെതര്‍ലന്‍ഡസ്, ജയം 87 റണ്‍സിന്

ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനെ വീ‍ഴ്ത്തി നെതര്‍ലന്‍ഡസ്. 230 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 42.2 ഓവറില്‍ 142 റണ്‍സിന് ഓള്‍ ഔട്ടായി. 87 റണ്‍സിന്‍റെ വമ്പന്‍ ജയത്തോടെ ലോകകപ്പിലെ രണ്ടാം ജയം സ്വന്തമാക്കിയ നെതര്‍ലന്‍ഡ്സ് പോയന്‍റ് പട്ടികയില്‍  എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അഞ്ചാം തോല്‍വിയോടെ ബംഗ്ലാദേശ് ഒമ്പതാമതാണ്. സ്കോര്‍ നെതര്‍ലന്‍ഡ്സ് 50 ഓവറില്‍ 229ന് ഓള്‍ ഔട്ട്, ബംഗ്ലാദേശ് 42.2 ഓവറില്‍ 142ന് ഓള്‍ ഔട്ട്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് തുടക്കത്തില്‍ തകര്‍ന്നെങ്കിലും മധ്യനിരയില്‍ ക്യാപ്റ്റന്‍ സ്കോട് എഡ്വേര്‍ഡ്സിന്‍റെ(68) അര്‍ധസെഞ്ചുറിയുടെയും വെസ്‌ലി ബറേസി(41), സൈബ്രാന്‍ഡ്(35), എന്നിവരുടെ ബാറ്റിംഗ് മികവിന്‍റെയും കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 230 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് പക്ഷെ തുടക്കത്തിലെ അടിതെറ്റി. മുന്‍നിരയില്‍ മെഹ്ദി ഹസന്‍ മിറാസ്(35) ഒഴികെ ആരും പൊരുതാതെ മടങ്ങിയപ്പോള്‍ 70-6ലേക്ക് അവര്‍ കൂപ്പുകുത്തി.

ALSO READ:വിദ്യാർത്ഥിനിയെ വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ പോലീസ് കേസെടുത്തു: മന്ത്രി വി ശിവൻകുട്ടി

ലിറ്റണ്‍ ദാസ്(3), തന്‍സിദ് ഹസന്‍(15), നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോ(9), ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍(5), മുഷ്ഫീഖുര്‍ റഹീം(1) എന്നിവരെല്ലാം നിരാശപ്പെടുത്തി മടങ്ങി. വാലറ്റത്തെ കൂട്ടുപിടിച്ച് മെഹ്മദുള്ള(20) നടത്തിയ ചെറുത്തുനില്‍പ്പാണ് ബംഗ്ലാ കടുവകളെ 100 കടത്തിയത്. മുസ്തഫിസുര്‍ റഹ്മാന്‍ 20 റണ്‍സെടുത്തപ്പോള്‍ മെഹ്ദി ഹസന്‍ 17 റണ്‍സെടുത്തു. നെതര്‍ലന്‍ഡ്സിനായി പോള്‍ വാന്‍ മീകീരന്‍ 23 റണ്‍സിന് നാല് വിക്കറ്റെടുത്തപ്പോള്‍ ബാസ് ഡി ലീഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ ഓസ്ട്രേലിയയോട് 309 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയ നെതര്‍ലന്‍ഡ്സ് ബംഗ്ലാദേശിന് അവസരം പോലും നല്‍കാതെയാണ് ആധികാരിക ജയം നേടിയത്.

ALSO READ: സുരേഷ് ഗോപി സാംസ്‌കാരിക കേരളത്തിന് അപമാനം: മന്ത്രി വി എന്‍ വാസവന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News