ക്രിസ്തുവിൻ്റെ കുരിശുമരണത്തിൻ്റെ പുതിയ ഉദാഹരണം മണിപ്പൂരിൽ; ഇടത് എംപിമാരുടെ സന്ദർശനം പൂർത്തിയായി

മണിപ്പുരിലെ സങ്കായ്‌പ്രുവിൽ അഴിഞ്ഞാടിയ വർഗീയവാദികൾ ക്രിസ്‌തുദേവന്റെ തിരുരൂപത്തിനേകിയത്‌ മറ്റൊരു കുരിശുമരണം. വൃത്താകൃതിയിലുള്ള സെന്റ്‌ പോൾസ്‌ കത്തോലിക്കാ പള്ളിയുടെ പ്രധാന കവാടത്തിന്‌ മുകളിലായുള്ള ക്രിസ്‌തുദേവന്റെ പൂർണകായരൂപം വലതുകരം അറ്റ്‌ വികൃതമാക്കപ്പെട്ട നിലയിലാണ്‌.

Also Related: കണ്ടത് ചുട്ടെരിക്കപ്പെട്ട സ്കൂളുകളും പളളികളും; ഇടത് എംപി മാരുടെ ത്രിദിന സന്ദർശനം അവസാനിച്ചു

ഉയർത്തിപ്പിടിച്ച ഇടതുകൈയുടെ വിരൽഭാഗവും തകർത്തു. മുഖത്തും ശരീരഭാഗങ്ങളിലും വടിയും കല്ലുംകൊണ്ട്‌ ആക്രമിച്ചതിന്റെ മുറിപ്പാടുകളുമുണ്ട്‌ . മെയ്‌ മൂന്ന്‌, നാല്‌ തീയതികളിലാണ്‌ ഇവിടെ വർഗീയവാദികൾ അഴിഞ്ഞാടിയത്‌. വടക്കുകിഴക്കൻ മേഖലയിൽ നൂറ്റാണ്ടിലേറെയായി വിദ്യാഭ്യാസപ്രവർത്തനങ്ങളിലും ആതുരശുശ്രൂഷയിലുമെല്ലാം ഏർപ്പെട്ടിരിക്കുന്ന മതവിഭാഗത്തോട്‌ വർഗീയവിഷം ചുരത്തുന്ന അക്രമികൾക്കുള്ള വിദ്വേഷത്തിന്റെ ആഴം ആക്രമണത്തിന്റെ തീവ്രതയിൽനിന്ന്‌ വ്യക്തം. മെയ്‌ മൂന്നിന്‌ രാത്രി ആയിരത്തിനടുത്ത്‌ വരുന്ന അക്രമിക്കൂട്ടം ഗേറ്റ്‌ തകർത്ത്‌ ദേവാലയം വളയുകയായിരുന്നു. ജനൽച്ചില്ലുകളും ചെടിച്ചട്ടികളും തകർത്ത്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാലിന്‌ പകൽ പന്ത്രണ്ടോടെ അക്രമിസംഘം വീണ്ടുമെത്തി. വാതിലുകൾ തകർത്ത്‌ അകത്തുകയറി അൾത്താരയും ബലിപീഠവും തിരുരൂപവുമെല്ലാം തച്ചുതകർത്തു. സമീപത്തെ പാസ്‌റ്റർ പരിശീലന ഇൻസ്‌റ്റിറ്റ്യൂട്ട്‌ ആക്രമിച്ച്‌ വിലപിടിപ്പുള്ളതെല്ലാം കൊള്ളയടിച്ചു. തുടർന്ന്‌, ഗ്യാസ്‌ കുറ്റികൾക്ക്‌ തീപകർന്ന്‌ എറിഞ്ഞു.

ചെറുസ്‌ഫോടനങ്ങളിൽ പള്ളിയും ചേർന്നുള്ള ഇരുനിലക്കെട്ടിടവും കത്തിയെരിഞ്ഞു. വാഹനങ്ങളും കത്തിച്ചു. ആക്രമണം ഭയന്ന്‌ വൈദികരും വിദ്യാർഥികളും സുരക്ഷിത ഇടങ്ങളിലേക്ക്‌ മാറിയിരുന്നു. സമീപത്തെ ആരാധനാമഠത്തിലെ കന്യാസ്‌ത്രീകൾ പള്ളിയെ അഗ്‌നിനാളങ്ങൾ വിഴുങ്ങുന്നത്‌ ഭീതിയോടെ നോക്കിക്കണ്ടു. പൊലീസ്‌ അക്രമിക്കൂട്ടത്തിന്‌ അഴിഞ്ഞാടാൻ അവസരമൊരുക്കി മാറിനിന്നു. മുഖ്യമന്ത്രി ബിരേൻ സിങ്ങിൽനിന്നോ ബിജെപി സർക്കാരിൽനിന്നോ അക്രമികള്‍ക്കെതിരെ നടപടിയൊന്നുമുണ്ടായില്ല. 1975ൽ സ്ഥാപിതമായതാണ്‌ സെന്റ്‌ പോൾസ്‌ ദേവാലയമെന്ന്‌ ആരാധനാ മഠത്തിലെ പാലാ സ്വദേശിനിയായ സിസ്‌റ്റർ ആനി പറഞ്ഞു.

1983 മുതൽ സിസ്‌റ്റർ ആനി വടക്കുകിഴക്കൻ മേഖലയിൽ ആത്മീയപ്രവർത്തനങ്ങളിലുണ്ട്‌. തൊണ്ണൂറുകളിലും മറ്റും വംശീയസംഘർഷങ്ങൾക്ക്‌ വേദിയായ സംസ്ഥാനമാണ്‌ മണിപ്പുർ. എന്നാൽ, ക്രൈസ്‌തവസ്ഥാപനങ്ങൾക്കുനേരെ ആക്രമണം ഇതാദ്യമെന്ന്‌ സിസ്‌റ്റർ ആനി സാക്ഷ്യപ്പെടുത്തുന്നു. തൊണ്ണൂറുകളിലെ മണിപ്പുരിനെ വർത്തമാനകാലത്തിൽനിന്നും വ്യത്യാസപ്പെടുത്തുന്നത്‌ സംഘപരിവാറിന്റെ വർഗീയസാന്നിധ്യം മാത്രമാണ്‌ എന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News